ആദ്യമൊക്കെ വീട്ടിലേക്കു സ്ഥിരമായി വിളിക്കുമായിരുന്നു; പിന്നെ പതിയെ വിളിക്കാതായി; എന്നുതിരിച്ചുവരുമെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ ദിനേഷ് യെമനില്‍ കുടുങ്ങിയത് 10 വര്‍ഷം; ഒടുവില്‍ ആ വാര്‍ത്ത കേട്ട് സന്തോഷിച്ചവരുടെ ഇടയിലേക്ക് പറന്നിറങ്ങി; സ്വപ്‌നതുല്യമായ മടങ്ങി വരവില്‍ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കി കുടുംബം

10 വര്‍ഷം യെമനില്‍ കുടുങ്ങിയ ദിനേഷ് തിരിച്ചെത്തി

Update: 2025-01-22 16:55 GMT

തൃശൂര്‍: അച്ഛനെ നേരില്‍ കണ്ട ഓര്‍മയില്ല സായ് കൃഷ്ണയ്ക്കും കൃഷ്ണവേണിക്കും. സായിക്ക് പത്തും, കൃഷ്ണവേണിക്ക് പന്ത്രണ്ടും. ദിനേഷ് വാഹനത്തില്‍ നിന്ന് ഇറങ്ങിയ ഉടനെ മക്കളും ഭാര്യ അനിതയും ഓടിയെത്തി. കെട്ടിപ്പിടിച്ച് ഉമ്മ നല്‍കി വിശേഷങ്ങള്‍ പങ്ക് വെച്ചു. അപ്പോഴേക്കും മധുര വിതരണവും ആരംഭിച്ചിരുന്നു. ദിനേഷിന് ഇത് സ്വപ്ന തുല്യമായ മടങ്ങി വരവാണ്. ഒന്നല്ല, 10 വര്‍ഷമാണ് എടക്കുളം സ്വദേശി യെമനില്‍ കുടുങ്ങിയത്.

പൂമംഗലം പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ താമസിച്ചിരുന്ന കുണ്ടൂര്‍ വീട്ടില്‍ പരേതനായ കൃഷ്ണന്‍ കുട്ടിയുടെ മകനായ ദിനേഷ് (49) എന്നെയാളാണ് പത്ത് വര്‍ഷത്തിന് ശേഷം യെമനില്‍ നിന്ന് പ്രിയപ്പെട്ടവര്‍ക്ക് അരികിലേക്ക് എത്തിയത്. മറ്റുപലരെയും പോലെ കഷ്ടപ്പാടുകളില്‍ നിന്ന് കരകയറാനാണ് ദിനേശ് യെമനിലേക്ക് പറന്നത്. രണ്ടാമത്തെ കുട്ടി ആറ് മാസം പ്രായം ഉള്ളപ്പോഴാണ് 2014 ല്‍ ദിനേഷ് യെമനിലേയ്ക്ക് പോകുന്നത്.

യുദ്ധത്തില്‍ പെട്ട് നരകയാതന

യെമനില്‍ യുദ്ധം പൊട്ടിപ്പുറപെട്ടതോടെ കാര്യങ്ങള്‍ കൈവിട്ടു. സ്‌പോണ്‍സറുടെ കൈയില്‍ ദിനേഷിന്റെ പാസ്‌പോര്‍ട്ട് അകപെടുകയും ചെയ്തതോടെ നാട്ടിലേക്ക് മടങ്ങാനും കഴിയാതായി. സാമ്പത്തിക പ്രയാസങ്ങള്‍ കാരണം നാട്ടിലെ വീട് കടക്കെണിയില്‍ പെട്ടു. യുദ്ധം തുടങ്ങിയതോടെ തൊഴിലും താമസവും നഷ്ടമായി. വീട്ടുകാരുമായി ബന്ധപ്പെടാന്‍ പറ്റാതായി. 2014 ഓഗസ്റ്റില്‍ ജോലി തേടി യെമനില്‍ എത്തിയ ദിനേഷ് യുദ്ധത്തെത്തുടര്‍ന്ന് ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ കുടുങ്ങുകയായിരുന്നു. 2021 മുതലാണ് ദിനേഷിനെ നാട്ടില്‍ എത്തിക്കാന്‍ തീവ്രമായ യത്‌നം തുടങ്ങിയത്.

''ടൈല്‍സിന്റെ പണിയായിരുന്നു. ജോലി വളരെ കുറവായിരുന്നു. അവിടെ ചെന്നിറങ്ങിയപ്പോള്‍ കുഴപ്പമില്ലായിരുന്നു. യുദ്ധം തുടങ്ങിയതോടെ എല്ലാം തകിടം മറിഞ്ഞു. ചെന്ന് എട്ടുമാസം കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ വഷളായി. ആഭ്യന്തര പ്രശ്‌നങ്ങളുള്ള നാടാണത്. എന്നാല്‍ ഇതൊന്നും വിദേശികളെ കാര്യമായി ബാധിക്കാറില്ല. ആ ധൈര്യത്തില്‍ കുറേ മലയാളികള്‍ അവിടെ നിന്നു. ഇന്ത്യക്കാരെ ഒരുപാട് ബഹുമാനിക്കുന്ന രാജ്യം കൂടിയാണ്.

ജോലിയില്ലായ്മ കൊണ്ടാണു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പിന്നീട് അവിടുത്തെ ആളുകളെ പരിചയപ്പെട്ടു. നാട്ടില്‍ ദിവസക്കൂലിക്കു പണിക്കുപോകുന്ന രീതിയില്‍ പണിയെടുത്തു. അത്യാവശ്യം ചെലവിനുള്ള കാശ് സംഘടിപ്പിച്ചു. നാട്ടിലേക്ക് അയയ്ക്കാന്‍ കാര്യമായി ഒന്നുമുണ്ടാകില്ല. ഭാര്യ ജോലിക്കു പോകുന്നതുകൊണ്ടു കാര്യങ്ങള്‍ നടന്നുപോയി. ആദ്യമൊക്കെ വീട്ടിലേക്കു സ്ഥിരമായി വിളിക്കുമായിരുന്നു. പതിയെ അതും കുറഞ്ഞു. നാട്ടിലേക്ക് എന്നു വരുമെന്നു ചോദിച്ചാല്‍ മറുപടിയില്ല, അതുകൊണ്ടാണു വിളിപോലും ഒഴിവാക്കിയത്'' അദ്ദേഹം പറഞ്ഞു.

ഏറ്റെടുത്ത് ജന്മനാട്

നാട്ടിലെ കാര്യം മോശമായതോടെ കുടുംബം താമസിച്ചിരുന്ന വീട് നഷ്ടമായി. ഭാര്യ അനിതയും രണ്ടു മക്കളും നെടുമ്പാളിലെ അനിതയുടെ വീട്ടിലേക്കു താമസം മാറി. ദിനേഷിനെ തിരികെ എത്തിക്കാന്‍ കുടുംബവും സുഹൃത്തുക്കളും ഏറെ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ഇതിനിടെ ദിനേഷിന്റെ സുഹൃത്തായ ഉണ്ണി പൂമംഗലം പൊതുപ്രവര്‍ത്തകന്‍ വിപിന്‍ പാറമേക്കാട്ടിലിനെ വിഷയം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ പ്രധാനമന്ത്രിയുടെ ഓഫിസുമായും ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ട് ദിനേഷിനെ നാട്ടില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒപ്പം വലിയ തുക വിടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി യെമനിലേക്ക് വിപിന്‍ അയച്ചു നല്‍കി. വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരായ സാമൂവല്‍ ജെറോം, ഷിജു ജോസഫ് എന്നിവര്‍ മുഖേന ദിനേഷിനു നാട്ടില്‍ എത്താനുള്ള യെമനിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു.

കഷ്ടപ്പാടുകള്‍ക്കൊടുവില്‍ നാട്ടില്‍ തിരികെയെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നായിരുന്നു ദിനേഷിന്റെ ആദ്യ പ്രതികരണം. തനിക്കുവേണ്ടി പോരാടിയ മനുഷ്യാവകാശ പ്രവര്‍ത്തകരായ സാമുവല്‍ ജെറോമിനും സിജു ജോസഫിനും ദിനേഷ് നന്ദി പറഞ്ഞു. ഒരുഘട്ടത്തില്‍ നാട്ടില്‍ എത്താനാകുമെന്ന പ്രതീക്ഷ പോലും നഷ്ടപ്പെട്ടിരുന്നുവെന്നും സഹായിച്ച എല്ലാവര്‍ക്കും നന്ദിയെന്നും ദിനേഷ് പറഞ്ഞു




രാവിലെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിയ ദിനേഷിന് മണിക്കൂറുകളോളം ആണ് എമിഗ്രേഷന്‍ ക്ലിയറന്‍സിനായി കാത്തിരിക്കേണ്ടി വന്നത്. പത്ത് വര്‍ഷത്തിന് ശേഷം താല്‍ക്കാലിക പാസ്പോര്‍ട്ട് എടുത്ത് വന്നതിനാലാണ് ഇത്രയം സമയം ചെലവഴിക്കേണ്ടി വന്നത്. ദിനേഷിനെ സ്വീകരിക്കാന്‍ ആയി വിപിന്‍ പാറമേക്കാട്ടിലും ഉണ്ണി പൂമംഗലവും എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. പിന്നീട് ദിനേഷിന്റെ വീടായ എടക്കുളത്തേയ്ക്ക് പോയി. സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം തന്നെ ദിനേഷിനെ സ്വീകരിക്കാനായി കാത്ത് നിന്നിരുന്നു.

ബാങ്കില്‍ ജപ്തി കാത്ത് കിടക്കുന്ന ദിനേഷിന്റെ വീട് തകര്‍ന്ന് നാമാവശേഷമായ അവസ്ഥയിലായിരുന്നു. തകര്‍ന്ന വീടിന്റെ ഓരോ കോണിലും ദിനേഷ് ചെന്ന് കണ്ടു. ഉടനെ ദിനേഷിന് താങ്ങായി നാട്ടുകാരുടെ പ്രതിനിധിയായി വിപിന്‍ പാറമേക്കാട്ടിലിന്റെ പ്രസ്താവന വന്നു. ദിനേഷിനെ തിരികെ എത്തിച്ചത് കൊണ്ട് മാത്രം അവസാനിക്കുന്ന ദൗത്യം അല്ല ഏറ്റെടുത്തിരിക്കുന്നതെന്നും സ്വന്തമായി വീടും ജോലിയും ഉറപ്പ് വരുത്തി ആ കുടുംബത്തെ കൈ പിടിച്ച് ഉയര്‍ത്താന്‍ ആയി എല്ലാ വിധ പരിശ്രമവും ഉണ്ടാകുമെന്നും ഉറപ്പ് നല്‍കി. തുടര്‍ന്നാണ് ദിനേഷിന്റെ കുടുംബം താമസിക്കുന്ന നെടുമ്പാളിലെ ഭാര്യ ഗൃഹത്തിലേയ്ക്ക് പോയത്.


Tags:    

Similar News