തികച്ചും അപ്രതീക്ഷിതം! ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജി വച്ചു; രാജി ആരോഗ്യകാരണങ്ങളാല്‍; ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ തീരുമാനമെന്ന് അറിയിപ്പ്; രാഷ്ട്രപതിക്ക് രാജിക്കത്ത് അയച്ചു; രാജ്യത്തിന്റെ വളര്‍ച്ചയില്‍ അഭിമാനമെന്ന് കത്തില്‍; രാജി പ്രഖ്യാപനം മൂന്നുവര്‍ഷം കൂടി കാലാവധി ശേഷിക്കെ

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജി വച്ചു

Update: 2025-07-21 16:24 GMT

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജി വച്ചു. ആരോഗ്യകാരണങ്ങളാലാണ് രാജി. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു രാജികത്ത് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു. രാജ്യത്തിന്റെ വളര്‍ച്ചയില്‍ അഭിമാനമെന്ന് അദ്ദേഹം കത്തില്‍ കുറിച്ചു. ഇന്നും രാജ്യസഭ നിയന്ത്രിച്ചത് ജഗധീപ് ധന്‍കറായിരുന്നു.


അനുച്ഛേദം 67(എ) പ്രകാരമാണ് തന്റെ രാജിയെന്നും കത്തില്‍ ജഗദീപ് ധന്‍കര്‍ പറയുന്നുണ്ട്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍ എന്നിവരോട് കൃതജ്ഞത അര്‍പ്പിക്കുന്നുവെന്നും കത്തില്‍ ജഗദീപ് ധന്‍കര്‍ പറയുന്നു.



 

ഇക്കഴിഞ്ഞ മാര്‍ച്ചില്‍, നെഞ്ചുവേദനയെ തുടര്‍ന്ന് ഉപരാഷ്ട്രപതിയെ ഡല്‍ഹി എംയിസില്‍ പ്രവേശിപ്പിച്ചിരുന്നു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ എയിംസിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് പ്രവേശിപ്പിക്കുകയായിരുന്നു.

ജൂലൈ ആദ്യം അദ്ദേഹം രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയിരുന്നു. ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ച അദ്ദേഹം, നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ (NUALS) വിദ്യാര്‍ത്ഥികളുമായും ഫാക്കല്‍റ്റിയുമായും സംവദിക്കുകയും ചെയ്തു. ഭാര്യ ഡോ. സുദേഷ് ധങ്കറിനൊപ്പമാണ് ഉപരാഷ്ട്രപതി കേരളത്തില്‍ എത്തിയത്.

2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം തികയും മുന്‍പാണ് രാജിപ്രഖ്യാപനം. ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായിരുന്നു.


അഭിഭാഷകന്‍, ജനപ്രതിനിധി തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചയാളാണ് ജഗ്ദീപ് ധന്‍കര്‍. രാജസ്ഥാനിലെ കിത്താന സ്വദേശിയാണ് ജഗദീപ് ധന്‍കര്‍. ഫിസിക്‌സില്‍ ബിരുദം നേടിയ ശേഷം ധന്‍കര്‍ രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബി പൂര്‍ത്തിയാക്കി. രാജസ്ഥാന്‍ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 1987 ല്‍ രാജസ്ഥാന്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

2019ല്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി ചുമതലയേറ്റു. പിന്നാലെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള ഏറ്റുമുട്ടലിന്റെ പേരില്‍ ജഗ്ദീപ് ധന്‍കര്‍ വാര്‍ത്തകളില്‍ ഇടം നേടി. ഗവര്‍ണ്ണര്‍ സ്ഥാനത്ത് ഇരിക്കുമ്പോഴും സംസ്ഥാനസര്‍ക്കാരിനെതിരെ മാധ്യമങ്ങളിലൂടെ ധന്‍കര്‍ തുറന്നടിച്ചിരുന്നു.

Tags:    

Similar News