ഇന്ത്യക്കെതിരായ ഭീകര പ്രവര്‍ത്തനങ്ങളുടെ സൂത്രധാരന്മാര്‍; ഓപ്പറേഷന്‍ സിന്ദൂറില്‍ തിരിച്ചടി കിട്ടിയപ്പോള്‍ പാക്കിസ്ഥാന്റെ ദാരിദ്ര്യം മാറ്റാന്‍ 'ഇസ്ലാമിന്റെ സംരക്ഷകര്‍' ആയി 'ജയ്‌ഷെ മുഹമ്മദ്'; 'അല്‍ മുറാബിതൂന്‍' ആയി രൂപം മാറി ഭീകര സംഘടന; പേരുമാറ്റം ഇന്ത്യ തകര്‍ത്ത ഭീകര കേന്ദ്രങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ആഗോള ഫണ്ടിംഗിനായി; നീക്കങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ

ജെയ്ഷെ മുഹമ്മദ് ഇനി 'അല്‍-മുറാബിത്തൂന്‍'

Update: 2025-09-23 11:33 GMT

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ കനത്ത തിരിച്ചടി നേരിട്ട പാക്കിസ്ഥാനിലെ നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് പുതിയ പേര് സ്വീകരിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ നീക്കം. പേരൊന്നു പരിഷ്‌കരിച്ച് ഇസ്ലാമിന്റെ സംരക്ഷകരായി 'അല്‍-മുറാബിതൂന്‍'എന്ന പുതിയ പേര് സ്വീകരിച്ചു. അറബിയില്‍ 'ഇസ്ലാമിന്റെ സംരക്ഷകര്‍' എന്ന് അര്‍ത്ഥം വരുന്ന ഈ പേരുമാറ്റം പാക്കിസ്ഥാനു വേണ്ടിയുള്ള അടുത്ത പ്രവര്‍ത്തനത്തിനെന്നാണ് രഹസ്യറിപ്പോര്‍ട്ട്. ജെയ്ഷെ മുഹമ്മദ് എന്ന പേര് ആഗോള ഫണ്ടിംഗിന് തടസ്സമാകുന്നതാണ് മാറ്റത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനു വേണ്ടിയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എക്കാലവും ചുക്കാന്‍ പിടിച്ച സംഘടനയാണ് ജയ്‌ഷെ മുഹമ്മദ്. പഴയ കുപ്പിയില്‍ പുതിയ വീഞ്ഞ് എന്ന്പറയുന്നതു പോലെയാണ് നിരോധിത ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ പുതിയ നീക്കം.

ജെയ്ഷെ സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ യൂസഫ് അസ്ഹറിന്റെ അടുത്താഴ്ച നടക്കുന്ന 'അനുസ്മരണ'ചടങ്ങിലാണ് പുതിയ പേര് പ്രഖ്യാപിക്കുക. ഓപ്പറേഷന്‍ സിന്ദൂറിലാണ് യൂസഫ് അസ്ഹര്‍ കൊല്ലപ്പെട്ടത്. ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമമായ എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പേരുമാറ്റം പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായിരിക്കുമെന്നാണ് സൂചന. സംഘടനാ സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ യൂസഫ് അസ്ഹറിന്റെ അനുസ്മരണ ചടങ്ങില്‍ ഈ പുതിയ പേര് ആദ്യമായി ഉപയോഗിക്കും.

ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തകര്‍ത്ത ഭീകര കേന്ദ്രങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഡിജിറ്റല്‍ വാലറ്റുകള്‍ വഴി ജെയ്‌ഷെ തലവന്‍ മസൂദ് അസര്‍ പണം സമാഹരിക്കുന്നതായി എഫ്എടിഎഫ് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ആഗോള ഭീകര വിരുദ്ധ ഫണ്ടിംഗ് നിരീക്ഷണ ഏജന്‍സിയാണ് എഫ്എടിഎഫ്. പള്ളികളും മര്‍ക്കസുകളും സ്ഥാപിക്കാന്‍ എന്ന പേരിലാണ് പണപ്പിരിവ് നടക്കുന്നത്. 390 കോടി സമാഹരിക്കാനാണ് മസൂദ് അസറിന്റെ ലക്ഷ്യം. 313 ക്യാമ്പുകള്‍ ആരംഭിക്കാനുള്ള പദ്ധതി ഐഎസ്‌ഐയുടെ പിന്തുണയോടെയാണ് മസൂദ് തയ്യാറാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ഗാസയ്ക്കുള്ള സഹായം എന്ന പേരില്‍ പാകിസ്ഥാനില്‍ വ്യാപക പണപ്പിരിവ് നടക്കുന്നുണ്ട്.

അന്താരാഷ്ട്ര ഏജന്‍സികളുടെ കണ്ണ് വെട്ടിക്കാന്‍ ബാങ്ക് അക്കൗണ്ടുകള്‍ക്ക് പകരം പാക് ഡിജിറ്റല്‍ വാലറ്റുകളായ EasyPaisa, SadaPay എന്നിവ ഉപയോഗിക്കുന്നത്. ജെയ്ഷെ മുഹമ്മദ് ഉപയോഗിക്കുന്ന അഞ്ച് ഇ-വാലറ്റുകള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ദാരിദ്ര്യം മാറ്റാന്‍ ഒരു പൊടിക്കൈ പ്രയോഗമാണ് സംഘടന നടത്തുന്നത്. ഉപരോധങ്ങള്‍ കാരണം ധനസഹായം ലഭിക്കാന്‍ സംഘടന ബുദ്ധിമുട്ടുകയാണ്. പേരുമാറ്റി പുതുക്കുമ്പോള്‍ ഫണ്ട് ലഭിക്കുമെന്നും അത് പാക്കിസ്ഥാന്റെ നല്ലനാളേയ്ക്കായി ഉപയോഗിക്കുമെന്നുമാണ് സംഘടന പറയുന്നത്.

പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഭീകര സംഘടനയിലേക്ക് ഗ്രൂപ്പ് റിക്രൂട്ട്‌മെന്റ് ഡ്രൈവും നടക്കുന്നുണ്ട്. സെപ്റ്റംബര്‍ 14 ന് മന്‍സെഹ്റ ജില്ലയിലെ ഗാര്‍ഹി ഹബീബുള്ള എന്ന പട്ടണത്തില്‍ നടന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവിന് പാക് സൈന്യത്തിന്റെയും പോലീസിന്റെയും സംരക്ഷണമുണ്ടായിരുന്നു. ദുബായില്‍ ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിന് ഏഴ് മണിക്കൂര്‍ മുമ്പ് ജെയ്ഷെ കമാന്‍ഡര്‍ മസൂദ് ഇല്യാസ് കശ്മീരിയുടെ നേതൃത്വത്തിലായിരുന്നു റിക്രൂട്ട്‌മെന്റ് നടന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജയ്‌ഷെ യുടെ ഏത് നീക്കവും നിരീക്ഷണവിധേയമാണ്, അത്രത്തോളം രാജ്യത്തിന് നാശം സൃഷ്ടിച്ച സംഘടനയാണിത്. 2001-ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം, 26/11 മുംബൈ ആക്രമണങ്ങള്‍, ജമ്മു കശ്മീരിലെ ഉറിയിലും പുല്‍വാമയിലും സൈന്യത്തിന് നേരെയുണ്ടായ ആക്രമണങ്ങള്‍ എന്നിവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് ജയ്‌ഷെ മുഹമ്മദ്.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് സംഘടന നേരിടുന്ന സാമ്പത്തികപ്രതിസന്ധിയെക്കുറിച്ച്, ആഗോള ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) റിപ്പോര്‍ട്ട് പുറത്തുവന്നത്. സംഘടനയെ പുനര്‍നിര്‍മിക്കാനായി ജയ്‌ഷെ ഇപ്പോള്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഉപയോഗിക്കാനാരംഭിച്ചു. ഇ-വാലറ്റുകളും യുപിഐ കൈമാറ്റങ്ങളും ഉപയോഗിച്ച് പണം കൈമാറുന്നതായും എഫ്എടിഎഫ് പറയുന്നു. അഞ്ച് ഇ വാലറ്റുകള്‍ ഇതിനോടകം കണ്ടെത്തിയെന്നും എഫ്എടിഎഫ് വ്യക്തമാക്കുന്നു. ഇവ ഓരോന്നിനും ഭീകര സംഘടനയുമായും സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങളുമായും നേരിട്ട് ബന്ധമുണ്ട്. ജയ്‌ഷെയുടെ തുടര്‍നീക്കങ്ങളും കര്‍ശനമായി നിരീക്ഷിക്കുകയാണ് ഇന്ത്യ.

Tags:    

Similar News