ഹരിയാനയില്‍ കോണ്‍ഗ്രസ് തരംഗമെന്ന് എക്‌സിറ്റ് പോളുകള്‍; ജമ്മുകശ്മീര്‍ നാഷനല്‍ കോണ്‍ഫറന്‍സ് ഏറ്റവും വലിയ ഒറ്റകക്ഷി; ഇരു സംസ്ഥാനങ്ങളിലും ബിജെപിക്ക് തിരിച്ചടിയോ? ഹരിയാനയില്‍ 55 മുതല്‍ 62 വരെ സീറ്റുകള്‍ നേടുമെന്ന് ടൈംസ് നൗ; 49 മുതല്‍ 61 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് എന്‍ഡിടിവി

ഹരിയാനയിലും ജമ്മു കശ്മീരിലും കോണ്‍ഗ്രസ് മുന്നേറ്റം

Update: 2024-10-05 13:49 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോള്‍ ഫലം പുറത്ത്. ഹരിയാനയില്‍ കോണ്‍ഗ്രസിന് വമ്പിച്ച മുന്നേറ്റമെന്നാണു ഒട്ടുമിക്ക സര്‍വേകളും വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിനു 49 മുതല്‍ 61 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് എന്‍ഡിടിവി പ്രവചനം. ടൈംസ് നൗ കോണ്‍ഗ്രസിനു 55 മുതല്‍ 65 വരെ സീറ്റ് ലഭിക്കുമെന്നു പ്രവചിക്കുന്നു. കോണ്‍ഗ്രസ് 55 മുതല്‍ 62, ബിജെപി 18 മുതല്‍ 24, മറ്റുള്ളവര്‍ 5 മുതല്‍ 14 എന്നിങ്ങനെയാണ് റിപ്പബ്ലിക്ക് ടിവി പ്രവചിക്കുന്നത്. പീപ്പിള്‍സ് പ്ലസ് സര്‍വേയില്‍ കോണ്‍ഗ്രസ് 55, ബിജെപി 26, മറ്റുള്ളവര്‍ 05 എന്നിങ്ങനെയാണ് കണക്ക്.

ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പ്രവചനം. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 50 സീറ്റ് ലഭിക്കുമെന്നാണ് പീപ്ള്‍സ് പള്‍സിന്റെ പ്രവചനം. ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഹാട്രിക് ലക്ഷ്യമിട്ട് ഗോദയിലിറങ്ങിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ ലഭിക്കുകയെന്നുമാണ് പീപ്ള്‍സ് പള്‍സിന്റെ വിശകലനം.

ജമ്മുകശ്മീരില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും ജമ്മുകശ്മീര്‍ നാഷനല്‍ കോണ്‍ഫറന്‍സ് 33 മുതല്‍ 35 വരെ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നുമാണ് പ്രവചനം. ബി.ജെ.പിക്ക് 23 മുതല്‍ 27 വരെ സീറ്റുകള്‍ ലഭിക്കും. ഇന്ത്യ സഖ്യം 13 മുതല്‍ 15 സീറ്റുകള്‍ വരെയാണ് പീപ്ള്‍സ് പള്‍സ് പ്രവചിക്കുന്നത്. പി.ഡി.പിക്ക് ഏഴു മുതല്‍ 11 വരെയും മറ്റുള്ളവര്‍ നാലു മുതല്‍ അഞ്ചുവരെ സീറ്റുകളും നേടുമെന്നാണ് വിലയിരുത്തല്‍.

ഇരുസംസ്ഥാനങ്ങളിലും ബി.ജെപിക്ക് എതിരാണ് ജനവിധിയെന്നാണ് നിലവില്‍ പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍ പറയുന്നത്. ഹരിയാനയില്‍ 10 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു.

ഹരിയാനയില്‍ കോണ്‍ഗ്രസ് മേല്‍ക്കൈ പ്രവചിച്ചാണ് ടൈംസ് നൗ എക്സിറ്റ് പോള്‍. 90ല്‍ 62 സീറ്റ് വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേടുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. ബിജെപി 24 സീറ്റ് വരെയാകും നേടുകയെന്നും പ്രവചനമുണ്ട്.

കോണ്‍ഗ്രസ് 55 മുതല്‍ 62 വരെ സീറ്റുകള്‍ നേടുമെന്നാണ് ടൈംസ് നൗ എക്സിറ്റ് പോള്‍ പറയുന്നത്. ബിജെപി 18 മുതല്‍ 24 സീറ്റുകള്‍ വരെ നേടിയേക്കും. ജെജെപി പരമാവധി മൂന്ന് സീറ്റുകള്‍ വരെ നേടിയേക്കുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. പുറത്തുവന്ന റിപ്പബ്ലിക് ടിവിയുടെ എക്സിറ്റ് പോളും കോണ്‍ഗ്രസിന് മേല്‍ക്കൈ പ്രവചിക്കുന്നതാണ്.

ഹരിയാണ എക്‌സിറ്റ് പോള്‍ ഫലം

ദൈനിക് ഭാസ്‌കര്‍

കോണ്‍ഗ്രസ് - 44-54

ബിജെപി - 15-29

ജെജെപി - 0-1

മറ്റുള്ളവര്‍ - 4-9

പീപ്പിള്‍ പള്‍സ്

കോണ്‍ഗ്രസ് - 49-61

ബിജെപി - 20-32

ജെജെപി - 0

മറ്റുള്ളവര്‍ - 3-൫


ധ്രുവ് റിസര്‍ച്ച്

കോണ്‍ഗ്രസ് - 50-64

ബിജെപി - 22-32

ജെജെപി - 1

മറ്റുള്ളവര്‍ - 2-8

90 സീറ്റുകളിലേക്കാണ് ഹരിയാനയില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഹരിയാനയില്‍ ഭരണം നിലനിര്‍ത്താനായി ബിജെപി പോരാടുമ്പോള്‍ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. യുവജന പ്രതിഷേധവും കര്‍ഷകരോഷവുമാണ് ബിജെപിയ്ക്ക് വെല്ലുവിളിയാകുന്നത്. അഗ്നിപഥിനെതിരായ രോഷം, ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം തുടങ്ങിയവ വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരത്തിനിറങ്ങിയ ആംആദ്മി പാര്‍ട്ടിയും കഴിഞ്ഞതവണ 10 സീറ്റുകള്‍ നേടിയ ജെജെപിയും കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി പ്രമുഖ നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളിലും സജീവമായിരുന്നു.

ഹരിയാനയില്‍ 2014ലാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. 2019ലും ബി.ജെ.പി തന്നെ സര്‍ക്കാര്‍ രൂപവത്കരിച്ചു. ഇത്തവണ മനോഹര്‍ ലാല്‍ ഖട്ടറിന്റെ പിന്‍ഗാമിയായ അധികാരത്തിലെത്തിയ നായബ് സിങ് സെയ്‌നിയാണ് ബി.ജെ.പിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. അധികാരം തിരിച്ചുപിടിക്കണമെന്ന ലക്ഷ്യവുമായി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസിന്റെ പോരാട്ടം. എന്നാല്‍ പ്രചാരണത്തിനിടെ ഒരിക്കല്‍ പോലും കോണ്‍ഗ്രസ് ഹൂഡയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയില്ല എന്നതും ശ്രദ്ധേയമാണ്.

സംസ്ഥാനത്ത് ഇക്കുറി കടുത്ത ഭരണവിരുദ്ധ വികാരം പ്രകടമാണ്. കര്‍ഷകരുടെ പ്രതിഷേധം തന്നെയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്ന പ്രധാന വിഷയം. ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബ്രിജ്ഭൂഷണെ സംരക്ഷിക്കുന്ന നിലപാടും വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്. അതുപോലെ കേന്ദ്രസര്‍ക്കാറിന്റെ അഗ്‌നിപഥ് പദ്ധതിയും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Tags:    

Similar News