വിസാ കാലാവധി കഴിഞ്ഞ് അമേരിക്കയില്‍ വിമാനമിറങ്ങി; ഹോളിവുഡ് നടിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് അമേരിക്കന്‍ ഇമ്മിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്; ട്രംപിന്റെ നയത്തില്‍ ഞെട്ടിയ നടി നീണ്ട പോരാട്ടത്തിനൊടുവില്‍ കാനഡയില്‍ മടങ്ങിയെത്തി

ഹോളിവുഡ് നടിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് അമേരിക്കന്‍ ഇമ്മിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്

Update: 2025-03-17 04:32 GMT

ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമൂഴത്തില്‍ എത്തിയതോടെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്. വിസാ കാലാവധി കഴിഞ്ഞ് അമേരിക്കയില്‍ വിമാനമിറങ്ങിയ ഹോളിവുഡ് നടിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതാണ് ഇതിലെ ഏറ്റവും ഒടുവിലത്തെ സംഭവം. കാനഡക്കാരിയായ ജാസ്മിന്‍ മൂണേ എന്ന ഈ നടി രണ്ടാഴ്ചയാണ് അമേരിക്കയിലെ ജയിലില്‍ കഴിഞ്ഞത്. ഈ മാസം മൂന്നിനാണ് ഇവര്‍ അമേരിക്കയില്‍ അറസ്റ്റിലാകുന്നത്.

നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് ഇവര്‍ മോചിതയായി നാട്ടില്‍ തിരിച്ചെത്തിയത്. മെക്സിക്കോ വഴി കാലിഫോര്‍ണിയയിലെ

സാന്‍ഡിയാഗോയിലേക്ക് വരുമ്പോഴാണ് ജാസ്മിന്‍ മൂണേ പിടിയിലായത്. ജയില്‍മോചിതയായി ജന്മനാട്ടില്‍ തിരിച്ചെത്തിയ ഇവരെ വാന്‍കൂവര്‍

വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ അമ്മയും അടുത്ത സുഹൃത്തുക്കളും എത്തിയിരുന്നു. ഇവരുടെ അമ്മയാണ് മകള്‍ക്ക് വേണ്ടി നിയമപോരാട്ടം നടത്തിയത്.

അരിസോണയിലെ ഒരു തടവറയിലാണ് ജാസ്മിന്‍ മൂണേയെ പാര്‍പ്പിച്ചിരുന്നത്. ജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണമായ അനുഭവങ്ങളിലൂടെയാണ് താന്‍ കടന്ന് പോയതെന്നാണ് അവര്‍ വ്യക്തമാക്കിയത്. തന്നെപ്പോലെ പിടിക്കപ്പെട്ട നിരവധി പേരെ ജയിലില്‍ പരിചയപ്പെട്ടതായി വ്യക്തമാക്കിയ ജാസ്മിന്‍ തന്റെ ദുരനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നാണ് വ്യക്തമാക്കുന്നത്. കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് താന്‍ കടന്ന് പോയതെന്നാണ് അവര്‍ വെളിപ്പെടുത്തുന്നത്.

ജയിലില്‍ ആയിരുന്ന സമയത്ത് താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ഒരു ലേഖനമായി എഴുതിയിരുന്നതായി ജാസ്മിന്‍ വെളിപ്പെടുത്തി.

ഭാവിയില്‍ മറ്റുള്ളവര്‍ക്ക് അത് പ്രയോജനകരമാകും എന്നാണ് കരുതുന്നതെന്നും ഇത് താന്‍ പ്രസിദ്ധീകരിക്കുമെന്നും ജാസ്മിന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജാസ്മിന്‍ മൂണിയുടെ വിസ റദ്ദാക്കപ്പെട്ടത്. ലോസാഞ്ജലസില്‍ അവര്‍ ഒരു കമ്പനി നടത്തുകയാണ്. വാന്‍കൂവര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാന്‍ നേരത്ത് ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അവരുടെ വിസക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ വിശദമായി എന്താണ് പ്രശ്നം എന്ന കാര്യം അറിയിച്ചിരുന്നില്ല. ഇതാണ് ഇത്രയും വലിയ ദുരിതത്തിന് കാരണമായതെന്നാണ് ജാസ്മിന്‍ പറയുന്നത്. തുടര്‍ന്ന് തന്റെ അഭിഭാഷകനാണ് മെക്സിക്കോയിലേക്ക് പോകാന്‍ തന്നോട് നിര്‍ദ്ദേശിച്ചത്. അതിര്‍ത്തിയില്‍ നിന്ന് പുതിയ വിസ എടുക്കാമെന്നും അഭിഭാഷകന്‍ നിര്‍ദ്ദശിച്ചു,. എന്നാല്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചത് അമേരിക്കന്‍ കോണ്‍സുലേറ്റില്‍ നിന്നാണ് വിസ എടുക്കേണ്ടത് എന്നാണ്.

തുടര്‍ന്ന് അവര്‍ ജാസ്മിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തടവില്‍ കഴിഞ്ഞ ആദ്യത്തെ പതിനൊന്ന് ദിവസം അധികൃതര്‍ ഇനി എന്താണ് നടപടികള്‍ എന്ന കാര്യം പോലും തന്നോട് വ്യക്തമാക്കിയില്ല എന്നാണ് അവര്‍ പറയുന്നത്. വളരെ ശോചനായമായ അവസ്ഥയിലാണ് ജയിലില്‍ നേരിടേണ്ടി വന്നതെന്നാണ് ജാസ്മിന്‍ കണ്ണീരോടെ മാധ്യമങ്ങളോട് പറഞ്ഞത്.

രാത്രിയും പകലും ശക്തി കൂടിയ ലൈറ്റുകള്‍ക്ക് മുന്നിലാണ് താമസിക്കേണ്ടി വന്നത്. കിടക്കവിരിയോ പുതപ്പോ ഒന്നും തന്നെ നല്‍കിയിരുന്നില്ലെന്നും അവര്‍ വെളിപ്പെടുത്തി. പുതിയ നിയമം പ്രാബല്യത്തില്‍ വന്നത് അറിയാതെ എത്തിയ ചില ടൂറിസ്റ്റുകളും

ഇപ്പോള്‍ ജയിലുകളില്‍ കഴിയുകയാണ്.

Tags:    

Similar News