ജമ്മു കശ്മീരില്‍ വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു; മലയാളിയായ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സജീഷിന്റെ മരണം പട്രോളിങ്ങിനിടെ നില തെറ്റി കൊക്കയിലേക്ക് വീണതോടെ; മലപ്പുറം സ്വദേശിയുടെ ഭൗതിക ശരീരം പുലര്‍ച്ചെ നാട്ടിലെത്തിക്കും; ആദരാഞ്ജലി അര്‍പ്പിച്ച് വൈറ്റ് നൈറ്റ് കോര്‍പ്സ്; പൂഞ്ചിലെ മെന്‍ധാറില്‍ അഗ്നിവീറിന് വെടിയേറ്റ് മരണം
ജമ്മു കശ്മീരില്‍ വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു
പൂഞ്ച് (ജമ്മു): ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും (JCO) ഒരു അഗ്‌നിവീറും വീരമൃത്യ വരിച്ചു. രജോരി സെക്ടറിലുണ്ടായ അപകടത്തില്‍ മലയാളി സൈനികനാണ് വീരമൃത്യു വരിച്ചത്. മലപ്പുറം ഒതുക്കുങ്ങല്‍ ചെറുകുന്ന് കാട്ടുമുണ്ട സ്വദേശി സജീഷ്.കെ. (48) ആണ് മരിച്ചത്. ഇന്നലെയാണ് അപകടം നടന്നത്.
പൂഞ്ചിലെ ബെഹ്റംഗല്ലയിലെ സേരി മസ്താന്‍ മേഖലയില്‍ വെള്ളിയാഴ്ച വൈകുന്നേരം പട്രോളിങ്ങിന് നേതൃത്വം നല്‍കുകയായിരുന്ന സജീഷ് കെ (സുബേദാര്‍ ഓപ്പറേറ്റര്‍) കുത്തനെയുള്ള ചരിവില്‍ നില തെറ്റി കൊക്കയിലേക്ക് വീണാണ് മരിച്ചത്.
ഉടന്‍തന്നെ സൈനികര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ സജീഷ് മരിച്ചിരുന്നു. നിയമപരവും മെഡിക്കല്‍പരവുമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കേരളത്തിലെ ജന്മനാട്ടിലേക്ക് അയച്ചു.
സജീഷിന് ആര്‍മിയുടെ വൈറ്റ് നൈറ്റ് കോര്‍പ്സ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 'നവംബര്‍ 21 ന് ഏരിയ ഡൊമിനേഷന്‍ പട്രോളിങ്ങിനിടെ പരമോന്നത ത്യാഗം ചെയ്ത സുബേദാര്‍ (ഓപ്പറേറ്റര്‍) സജീഷ് കെ. യ്ക്ക് വൈറ്റ് നൈറ്റ് കോര്‍പ്സ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗും മറ്റ് ഉദ്യോഗസ്ഥരും ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. ദുഃഖത്തിന്റെ ഈ വേളയില്‍ ഞങ്ങള്‍ കുടുംബത്തോടൊപ്പം പങ്കുചേരുന്നു,' സൈന്യം അറിയിച്ചു.
സുബ്രഹ്‌മണ്യന്റെയും ലക്ഷ്മിയുടെയും മകനാണ് സജീഷ്. സുബേദാര്‍ റാങ്കിലുണ്ടായിരുന്ന സജീഷ്, 27 വര്‍ഷമായി ഇന്ത്യന്‍ കരസേനയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
സജീഷിന്റെ ഭൗതിക ശരീരം ഡല്‍ഹിയില്‍ നിന്ന് പുലര്‍ച്ചയോടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും. നാളെ രാവിലെ നാട്ടില്‍ പൊതു ദര്‍ശനം ഉണ്ടാകും.
അഗ്‌നിവീര്‍ വെടിയേറ്റ് മരിച്ചു
പൂഞ്ചിലെ മെന്‍ധാര്‍ സെക്ടറിലെ ഫോര്‍വേഡ് പോസ്റ്റില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെ സ്വന്തം സര്‍വീസ് റൈഫിളില്‍ നിന്ന് വെടിയേറ്റ് ഒരു അഗ്‌നിവീര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.വെടി അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാണോ അതല്ലെങ്കില്‍ അദ്ദേഹം ആത്മഹത്യ ചെയ്തതാണോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
