ജോണ്‍.എഫ്. കെന്നഡിയുടെ മരണത്തിലെ ദുരൂഹത നീങ്ങില്ല; പുറത്തു വന്ന രഹസ്യരേഖകള്‍ അവ്യക്തവും ആര്‍ക്കും വായിക്കാന്‍ കഴിയാത്തതും; കൈകൊണ്ട് എഴിതുയവയില്‍ പലതും വെട്ടിയും തിരുത്തിയും മാറ്റിയവ; ട്രംപിന്റെ വാഗ്ദാനം വെറുതേയാകുമോ?
ജോണ്‍.എഫ്. കെന്നഡിയുടെ മരണത്തിലെ ദുരൂഹത നീങ്ങില്ല;
വാഷിംങ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റായിരുന്ന ജോണ്‍.എഫ്്. കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട എല്ലാ രഹസ്യ ഫയലുകളും പുറത്തു വിടുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം ഒടുവില്‍ തിരിച്ചടിയായി മാറുന്നു. ഇന്നലെ പുറത്ത് വിട്ട ഫയലുകള്‍ പലതും അവ്യക്തവും വായിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലുമാണ്. ഇതിനെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്. കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട എണ്‍പതിനായിരത്തോളം ഫയലുകളാണ് ട്രംപിന്റെ പ്രഖ്യാപനം നടന്ന് 24 മണിക്കൂറിനകം അമേരിക്കന്‍ സര്‍ക്കാര്‍ പുറത്തു വിട്ടത്.
രഹസ്യ ഫയലുകള്‍ കാണാന്‍ ആകാംക്ഷയോടെ കാത്തിരുന്ന അമേരിക്കക്കാര്‍ കണ്ടത് ഒരു കാരണവശാലും വായിക്കാന്‍ കഴിയാത്ത രീതിയില്‍ മങ്ങിയ പഴയ രേഖകളാണ്. ഇവയില്‍ പലതും കൃത്യമായി സ്‌ക്കാന്‍ ചെയ്തിട്ടും ഇല്ലായിരുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റെ നാഷണല്‍ ആര്‍ക്കൈവ്സിന്റെ വെബ്സൈറ്റിലാണ് ഈ രേഖകള്‍ പ്രസിദ്ധീകരിച്ചിരുന്നത്. രേഖകളില്‍ പലതും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൈ കൊണ്ട് എഴുതിയത് ആയിരുന്നു. കൂടാതെ അവയില്‍ പല ഭാഗങ്ങളിലും വെട്ടിത്തിരുത്തലുകളും ഉണ്ടായിരുന്നു.
അത് കൊണ്ട് തന്നെ ഇതിലെ ഒരു കാര്യങ്ങളും വായിക്കുക അസാധ്യമാണ് എന്നാണ് പലരും കുറ്റപ്പെടുത്തുന്നത്. ഇതിലെ പല കാര്യങ്ങളും തിരുത്തിയതായും ചില ഫയലുകള്‍ നീക്കം ചെയ്തതായും ജനങ്ങള്‍ ആരോപിക്കുന്നു. നേരത്തേ ഈ ഫയലുകളില്‍ ഏതെങ്കിലും നീക്കം ചെയ്യുകയോ തിരുത്തുകയോ ചെയ്യില്ലെന്ന് ട്രംപ് ഭരണകൂടം ഉറപ്പ് നല്‍കിയിരുന്നു. തിരുത്തപ്പെടാത്തതായി ഒരു ഫയലും കാണാന്‍ കഴിഞ്ഞില്ല എന്നാണ് ഒരു ഗവേഷകന്‍ കുറ്റപ്പെടുത്തിയത്.
ഈ രേഖകളില്‍ ഭൂരിഭാഗത്തിലും തരംതിരിക്കലിനായി സുരക്ഷിതം എന്ന് രേഖപ്പെടുത്തിയതായി കാണുന്നു. എന്നാല്‍ ആ വിഭാഗത്തില്‍ പെട്ട ഫയലുകള്‍ ഒന്നും തന്നെ കാണാനില്ല. ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ട ഫയലുകള്‍ എവിടെയാണ് എന്നാണ് പലരും ഇപ്പോള്‍ ചോദിക്കുന്നത്. മാത്രവുമല്ല ഈ ഫയലുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസിലാക്കാനായി ഇന്‍ഡെക്സ് പോലും ഇല്ലെന്നും ഗവേഷകര്‍ കുറ്റപ്പെടുത്തുന്നു. കൂടാതെ ഇതിലെ രേഖകളൊക്കെ വെബ്സൈറ്റില്‍ തുറന്ന് വരാന്‍ രണ്ട് ദിവസം വരെ എടുക്കുമെന്നാണ് ചിലരുടെ പരാതി.
ഇതിലുള്ള 1100 ഓളം പി.ഡി.എഫ് ഫയലുകളില്‍ ഇവ എവിടെ നിന്ന് ലഭിച്ചെന്ന കാര്യമോ ഫയല്‍ നമ്പരോ ഇല്ലെന്നും വ്യാപകമായ ആരോപണം ഉയരുന്നു. കൂടാതെ നേരത്തേ തന്നെ പുറത്തുവിട്ട പല രേഖകളും ഇക്കൂട്ടത്തിലും ഉണ്ട്. 1962 മുതല്‍ മുതല്‍ 1975 വരെ ഇടതുപക്ഷ രാഷ്ട്രീയ മാസികയായ റാംപാര്‍ട്ട്സില്‍ പ്രസിദ്ധീകരിച്ച പല ഭാഗങ്ങളും ഇപ്പോള്‍ പുറത്തു വിട്ട രേഖകളിലുണ്ട്..ഈ രേഖകള്‍ വര്‍ഷങ്ങളായി ജനങ്ങള്‍ക്ക് ലഭ്യമായിരുന്നു. അത് കൊണ്ട് തന്നെ ഇപ്പോള്‍ പുറത്തുവിട്ട രേഖകളില്‍ ഒരു പുതുമയും ഇല്ലെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായ തുള്‍സി ഗബ്ബാര്‍ഡ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചത് സുതാര്യതയുടെ ഒരു പുതിയ യുഗത്തിന് തുടക്കമിടുകയാണ് എന്നും ഫയലുകള്‍ ഒന്നും തിരുത്താതെ പുറത്തിറക്കുന്നുണ്ടെന്നുമാണ്.
നേരത്തേ ട്രംപ് ഭരണകൂടം വെളിപ്പെടുത്തിയത് പുറത്ത് വിടുന്ന ഫയലുകള്‍ കണ്ട അമേരിക്കക്കാര്‍ ഞെട്ടിപ്പോകും എന്നായിരുന്നു. ഒരു ഫയല്‍ പോലും തിരുത്തരുതെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായി ട്രംപും വെളിപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് മുമ്പുള്ള ഘാതകനായ ലീ ഹാര്‍വി ഓസ്വാള്‍ഡിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ചില രേഖകളില്‍ ഉണ്ട്. ക്യൂബന്‍, സോവിയറ്റ് ഇന്റലിജന്‍സ് എന്നിവയുമായുള്ള അയാളുടെ ബന്ധങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ഓസ്വാള്‍ഡ് കെന്നഡിയെ കൊല്ലാന്‍ ഒരുങ്ങുകയാണെന്ന് 1963 ഓഗസ്റ്റില്‍ യു.എസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി അവകാശപ്പെട്ട ഒരു റഷ്യക്കാരന്റെ കത്തും ഇക്കൂട്ടത്തില്‍ ഉണ്ട്. തന്റെ ആദ്യ ഭരണകാലത്ത് കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടണമെന്ന് ട്രംപ് വാദിച്ചെങ്കിലും ആയിരക്കണക്കിന് വരുന്ന ഫയലുകള്‍ രഹസ്യമായി തന്നെ സൂക്ഷിച്ചിരുന്നു. 2024 ലെ പ്രചാരണ വേളയില്‍ സര്‍ക്കാരിന്റെ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനായി രേഖകള്‍ പരസ്യമാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.