3 കോടിയുടെ സ്‌കോളര്‍ഷിപ്പ് തിളക്കത്തില്‍ മലയാളി വിദ്യാര്‍ഥി; ചേര്‍ത്തലക്കാരുടെ പ്രിയങ്കരനായ ജോണ്‍ ബി കോട്ടൂരാന്റെ കഠിനാധ്വാനത്തിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയത് സൗദിയിലെ കിംഗ് അബ്ദുള്ള യൂണിവേഴ്‌സിറ്റി; മകന് ലഭിച്ച അവസരത്തിന് ദൈവത്തിന് നന്ദി പറഞ്ഞ് മാതാപിതാക്കളും
ചേർത്തല സ്വദേശിയായ വിദ്യാർത്ഥിയ്ക്ക് മൂന്ന് കോടിയുടെ സ്കോളർഷിപ്പ്.
ചേര്‍ത്തല: വിദേശ സര്‍വകലാശാലയില്‍ ഉന്നത പഠനത്തിന് കോടികളുടെ സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കി ചേര്‍ത്തല സ്വദേശിയായ വിദ്യാര്‍ത്ഥി നാടിന് അഭിമാനമാകുന്നു. ചേര്‍ത്തല നഗരസഭ നാലാം വാര്‍ഡില്‍ കോട്ടൂരാന്‍ വീട്ടില്‍ ബെന്നി കോട്ടൂരാന്റെയും റീത്ത മേരി സെബാസ്റ്റ്യന്റെയും മകന്‍ ജോണ്‍ ബി. കോട്ടൂരാനാണ് മൂന്ന് കോടി രൂപയുടെ വിദേശ സ്‌കോളര്‍ഷിപ്പിന് അര്‍ഹനായത്.
സൗദി അറേബ്യയിലെ പ്രശസ്തമായ കിംഗ് അബ്ദുള്ള യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലാണ് (KAUST) ജോണിന് ഗവേഷണത്തിനാണ് ജോണിന് അവസരം ലഭിച്ചത്. കെമിസ്ട്രിയിലെ 'കമ്പ്യൂട്ടേഷണല്‍ കെമിസ്ട്രി' എന്ന വിഷയത്തില്‍ നാല് വര്‍ഷത്തെ പിഎച്ച്ഡി പ്രോഗ്രാമിനാണ് ഈ വന്‍തുക സ്‌കോളര്‍ഷിപ്പായി ലഭിക്കുന്നത്.
കോട്ടയം സി.എം.എസ് കോളേജിലെ ബിരുദ-ബിരുദാനന്തര പഠനത്തിന് ശേഷം ഡോ. വിപിന്‍ ഐപ്പ് തോമസിന് കീഴില്‍ ഗവേഷണം നടത്തിവരികയായിരുന്നു ജോണ്‍. യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറെ നേരിട്ട് മെയില്‍ വഴി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് നടന്ന ഇന്റര്‍വ്യൂവിലൂടെയാണ് ഈ നേട്ടം ജോണിനെ തേടിയെത്തിയത്. ടോഫല്‍ (TOEFL) പരീക്ഷയിലും മികച്ച സ്‌കോര്‍ നേടിയാണ് ജോണ്‍ പ്രവേശനം ഉറപ്പിച്ചത്.
ഇതേ കോളേജിലെ വിദ്യാര്‍ത്ഥിനിയും തിരുവനന്തപുരം സ്വദേശിനിയുമായ ആന്‍ മിറിയം എബ്രഹാമിനും സമാനമായ സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. തന്റെ നേട്ടത്തിന് പിന്നില്‍ സി.എം.എസ് കോളേജിന്റെയും ഡോ. വിപിന്‍ ഐപ്പിന്റെയും വലിയ പിന്തുണയുണ്ടെന്ന് ജോണ്‍ പറഞ്ഞു. വാര്‍ത്തയറിഞ്ഞ് സിപിഎം, കോണ്‍ഗ്രസ് നേതാക്കളടക്കം നിരവധി പ്രമുഖര്‍ ജോണിന്റെ വീട്ടിലെത്തി ആദരവ് അര്‍പ്പിച്ചു. മകന്റെ വലിയ നേട്ടത്തില്‍ ദൈവത്തിന് നന്ദി പറയുന്നതായും ഏറെ സന്തോഷമുണ്ടെന്നും ജോണിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരമുള്ളതാണ് ജിദ്ദയിലെ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി. 2025ലെ ടൈംസ് ഹയര്‍ എജുക്കേഷന്‍ അറബ് യൂനിവേഴ്സിറ്റി റാങ്കിങ്ങില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം നേടിയ യൂണിവേഴ്‌സിറ്റിയാണ് ഇത്. അറബ് ലോകത്തെ മുന്‍നിര ഗവേഷണ സര്‍വകലാശാല എന്ന നിലയില്‍ കൗസ്റ്റിന്റെ സ്ഥാനം ആഗോള അംഗീകാരം ശക്തിപ്പെടുത്തുകയും ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം എന്നിവയില്‍ രാജ്യത്തിന്റെ തുടര്‍ച്ചയായ ആഗോളമികവിനെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.
ആഗോള സൂചകങ്ങളിലെ സര്‍വകലാശാലയുടെ പുരോഗതി രാജ്യത്തിന്റെ 'വിഷന്‍ 2030'ന്റെയും മനുഷ്യശേഷി വികസന പരിപാടിയുടെയും പുരോഗതിയെ അടിവരയിടുന്നു. സൗദി സര്‍വകലാശാലകളില്‍ മുന്‍ നിരയിലുള്ള കൗസ്റ്റ് വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള ബൃഹദ് സ്ഥാപനമായി ഇതിനകം ശ്രദ്ധേ നേടി. ഉന്നത വിദ്യാഭ്യാസവും ആഗോള മത്സരക്ഷമതയും വര്‍ദ്ധിപ്പിക്കുക എന്ന 'വിഷന്‍ 2030'ന്റെ ലക്ഷ്യത്തിന് അനുസൃതമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ഗവേഷണം, നവീകരണം എന്നിവയോടുള്ള സര്‍വകലാശാലയുടെ പ്രതിബദ്ധതയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്.
ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ വമ്പിച്ച വിപ്ലവമുണ്ടാക്കി മുന്നേറുകയാണ് കൗസ്റ്റ്. ലോകത്തെ മുഴുവന്‍ ആളുകള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ വിജ്ഞാനത്തിന്റെ ബഹുമുഖമായ വികാസം ലക്ഷ്യമിട്ട് സൗദി മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ പദ്ധതിയായി 2009ലാണ് സ്ഥാപിച്ചത്. നൂറിലധികം രാജ്യങ്ങളില്‍ നിന്നടക്കം ഏഴായിരത്തോളം വിദ്യാര്‍ഥികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നുണ്ട്.
ശാസ്ത്രജ്ഞന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും എന്‍ജിനീയര്‍മാരുടെയും പുതിയ തലമുറക്ക് ഗവേഷണത്തിനുള്ള അവസരം കൗസ്റ്റ് ഒരുക്കുന്നു. ഗവേഷണ രംഗത്ത് നൂതനമായ പല സംഭാവനകള്‍ നല്‍കാന്‍ ഇതിനകം സാധിച്ചിട്ടുണ്ട്. ഇങ്ങനെ പ്രശസ്തമായ യൂണിവേഴ്‌സിറ്റിയിലേക്കാണ് ചേര്‍ത്തലക്കാരന്‍ ജോണ്‍ ബി. കോട്ടൂരാന് ഉന്നതസ്‌കോളര്‍ഷിപ്പോടെ അവസരം ലഭിക്കുന്നത്.
