'പൊതുശല്യമാണ്, അങ്ങനെയുള്ള സമൂഹദുരന്തങ്ങളെ ഒരേ ബോധ്യത്തോടെയാണ് നേരിടേണ്ടത്; മാപ്രകള്‍ കംപ്ലീറ്റ് നന്നായിട്ട്, പെണ്ണിനെ പച്ചത്തെറി പറയുന്നവനെ നന്നാക്കിയാല്‍ മതിയോ? അങ്ങനെ പറയുന്ന പെര്‍വെര്‍ടുകളും പൊതുശല്യത്തിന്റെ ഭാഗം തന്നെ; പ്രകോപനമില്ലാതെ ഓഡിയോ സ്‌ന്ദേശത്തിലൂടെ വിനായകന്റെ അധിക്ഷേപം; കുറിക്കുക്കൊള്ളുന്ന ചോദ്യവുമായി അപര്‍ണ കുറുപ്പ്
വിനായകനെതിരെ നടപടി വൈകുന്നതിനിടെ സമൂഹത്തിന്റെ നിസംഗത തുറന്നുകാട്ടി അപര്‍ണ കുറുപ്പ്
തിരുവനന്തപുരം: സൈബറിടത്തില്‍ തെറിവിളി പതിവാക്കിയ വിനായകനെതിരെ നിരവധി പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടും നടപടി വൈകുന്നതിനിടെ വിഷയത്തില്‍ സമൂഹത്തിന്റെ നിസംഗത തുറന്നുപറഞ്ഞ് ന്യൂസ് 18 മലയാളം ഡെപ്യൂട്ടി എഡിറ്റര്‍ അപര്‍ണ കുറുപ്പ്. വിനായകന്‍ യേശുദാസിനെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് അപര്‍ണ്ണ കുറുപ്പ് വീഡിയോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടന്‍ തെറിപ്പാട്ടുമായി ആദ്യം രംഗത്തുവന്നത്. പിന്നാലെ കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകള്‍ പറഞ്ഞ് അപര്‍ണ കുറുപ്പിനെയും കുടുംബത്തെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന, അസഭ്യം പറയുന്ന ഓഡിയോ സന്ദേശവും ഇതിനൊപ്പം പുറത്തുവന്നിരുന്നു. സൈബറിടത്തില്‍ ലൈംഗികാവയവങ്ങളുടെ പേരുകള്‍ വിളിച്ച് പറഞ്ഞും കേട്ടാലറയ്ക്കുന്ന തെറിവിളിച്ചും വിനായകന്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ അതിരുവിട്ടിട്ടും നടപടി എടുക്കാതെ അധികൃതര്‍ മൗനം പാലിച്ചതോടെ വിഷയം ഇന്നലെ ന്യൂസ് 18 മലയാളം ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹത്തിന്റെ നിസംഗത തുറന്നുകാട്ടി അപര്‍ണ കുറുപ്പ് രംഗത്ത് വന്നത്.
പൊതുശല്യമാണ്, അങ്ങനെയുള്ള സമൂഹദുരന്തങ്ങളെ ഒരേ ബോധ്യത്തോടെയാണ് നേരിടേണ്ടതെന്ന് കോവിഡ് കാലത്തും, പ്രളയകാലത്തും മാത്രമല്ലല്ലോ മനസിലാക്കണ്ടേത് നമ്മള്‍? മാപ്രകള്‍ കംപ്ലീറ്റ് നന്നായിട്ട് പെണ്ണിനെ പച്ചത്തെറി പറയുന്നവനെ നന്നാക്കിയാല്‍ മതിയെന്ന് പറയുന്ന പെര്‍വെര്‍ടുകളോടും പറയാനുള്ളത്, നിങ്ങളും ആ പൊതുശല്യത്തിന്റെ ഭാഗമാണ് എന്ന് തന്നെയാണ് എന്ന് അപര്‍ണ കുറുപ്പ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സമൂഹത്തിന്റെ വിഴുപ്പ് ചൂണ്ടിക്കാണിക്കുന്നവര്‍ക്കൊപ്പം നിന്ന് ശബ്ദമുയര്‍ത്തുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഇത് ഇന്നല്ലെങ്കില്‍ നിങ്ങള്‍ പിന്നെ എപ്പോഴാണ് ചെയ്യുക എന്നും ഫേസ്ബുക്ക് കുറിപ്പില്‍ അപര്‍ണ കുറുപ്പ് ചോദിക്കുന്നു.
അപര്‍ണ കുറുപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ്
നോക്കൂ, പ്രിയപ്പെട്ടവരേ..
നമ്മളൊരു പ്രത്യേക സമൂഹമാണ് .
ഗ്യാലറിയിലിരുന്ന് കളി കാണുന്നതിനോടാണ് താത്പര്യം.
ഒരു വിഷയം ഉയര്‍ന്നുവരുമ്പോള്‍ അത് അഭിസംബോധന ചെയ്യുന്ന കാതല്‍ എന്താണെന്നോ അതില്‍ സമൂഹത്തിന് എന്താണ് റോളെന്നോ അല്ല അത് വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമായി ചിത്രീകരിച്ച് തടിതപ്പാനാണ് പലര്‍ക്കും താത്പര്യം. അത് പ്രബുദ്ധ നിരീക്ഷകരോ, സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റുകളോ, രാഷ്ട്രീയ പാര്‍ട്ടികളുടെ അണികളോ , ആരും ആകട്ടെ.
അതുകൊണ്ടാണ് ഒരു പാര്‍ട്ടിയിലെ നേതാവിനെ പുലഭ്യം പറഞ്ഞപ്പോള്‍ കയ്യടിച്ചവര്‍ക്ക് പിന്നീട് അതേ നാവ് കൊണ്ട് സ്വന്തം പാര്‍ട്ടിയിലെ നേതാവിനെ പറയുന്നതും കേള്‍ക്കേണ്ടിവന്നത്.
പൊതുശല്യമാണ് . അങ്ങനെയുള്ള
സമൂഹദുരന്തങ്ങളെ ഒരേ ബോധ്യത്തോടെയാണ് നേരിടേണ്ടതെന്ന്, കോവിഡ് കാലത്തും , പ്രളയകാലത്തും മാത്രമല്ലല്ലോ
മനസിലാക്കണ്ടേത് നമ്മള്‍ ?
വിമര്‍ശനത്തിന് പകരം , ആദരണീയരായ മനുഷ്യരെ , അവരുടെ കുടുംബാംഗങ്ങളായ സ്ത്രീകളെ
പൊതുപ്ലാറ്റ്‌ഫോമില്‍ അസഭ്യവും അശ്ലീലവും പറയുന്നതിനെയാണ് മാധ്യമപ്രവര്‍ത്തക എന്ന തലത്തില്‍ ഞാന്‍ വിമര്‍ശിച്ചത്, അതല്ലാതെ അതില്‍ വ്യക്തിപരമായി ഒരു ഇടപെടലുമില്ല.
സോഷ്യല്‍മീഡിയയില്‍ മാത്രമല്ല, അല്ലാതെയും വഴിയില്‍ നിന്ന് തുണിപൊക്കികാണിക്കുന്ന ആഭാസന്മാരോട് വ്യക്തിയെന്ന നിലയില്‍ ഉപദേശം കൊടുക്കണമെന്ന് ഒരുകാലത്തും കരുതുന്ന ആളല്ല ഞാന്‍ .
പക്ഷെ മാധ്യമപ്രവര്‍ത്തനം എന്ന പ്ലാറ്റ്‌ഫോമിന് ആ ഉത്തരവാദിത്തമുണ്ട്. എന്ത് മാധ്യമപ്രവര്‍ത്തനം , ഇവിടുത്തെ മാപ്രകള്‍ കംപ്ലീറ്റ് നന്നായിട്ട് പെണ്ണിനെ പച്ചത്തെറി പറയുന്നവനെ നന്നാക്കിയാല്‍ മതിയെന്ന് പറയുന്ന പെര്‍വെര്‍ടുകളോടും പറയാനുള്ളത്, നിങ്ങളും ആ പൊതുശല്യത്തിന്റെ ഭാഗമാണ് എന്ന് തന്നെയാണ്.
ഇനി വാര്‍ത്തയിലെ വിമര്‍ശനത്തിന് തിരിച്ച് നേരിടേണ്ടിവന്ന ആക്രമണങ്ങള്‍ മാധ്യമപ്രവര്‍ത്തക എന്ന രീതിയിലും വനിതാ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ എന്ന രീതിയിലും മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ എന്ന രീതിയിലും ഇതിനെല്ലാമുപരി സ്ത്രീ എന്ന രീതിയിലുമാണ് . സര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡ് വാങ്ങിയ ഒരു നടന്‍ സ്ത്രീ എന്ന പദം ഉയര്‍ത്തിപ്പിടിച്ച് ഇത്ര അശ്ലീലം വിളിച്ചുപറയുമ്പോള്‍ മിണ്ടാതെ കേട്ടിരിക്കുന്നവര്‍, ആ പക്ഷം പറയുന്നവര്‍ നാളെ ഉയര്‍ത്തുന്ന സ്ത്രീവാദം എത്ര പൊള്ളയായിരിക്കും ?
നേരിട്ട് വിളിച്ച് ആശ്വസിപ്പിച്ചവരോട്, പിന്തുണ നല്‍കിയവരോട് , പോരാട്ടത്തിനിറങ്ങണമെന്നും പോരാടി മരിക്കണമെന്നും ആഹ്വാനം ചെയ്തവരോടൊക്കെ നന്ദിയുണ്ട്, പക്ഷെ പറയാനുള്ളത് ഇതല്ല, സമൂഹത്തിന്റെ വിഴുപ്പ് ചൂണ്ടിക്കാണിക്കുന്നവര്‍ക്കൊപ്പം നിന്ന് ശബ്ദമുയര്‍ത്തുകയാണ് നിങ്ങള്‍ ചെയ്യേണ്ടത് എന്നാണ്.
ഇത് ഇന്നല്ലെങ്കില്‍ നിങ്ങള്‍ പിന്നെ എപ്പോഴാണ് ചെയ്യുക ?
ഓഡിയോ സന്ദേശത്തിലൂടെ അധിക്ഷേപം
മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്കും കുടുംബത്തിനുമെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെ ന്യൂസ് 18 മലയാളം ഡെപ്യൂട്ടി എഡിറ്റര്‍ അപര്‍ണ്ണ കുറുപ്പിനും കുടുംബത്തിനും വ്യക്തിപരമായ ആക്ഷേപമാണ് വിനായകന്‍ നടത്തിയത്. കേട്ടാലറയ്ക്കുന്ന തെറിവിളിയോടെയാണ് ഭീഷണി ശബ്ദസന്ദേശം വാട്‌സാപ്പിലൂടെ പങ്കുവച്ചത്. വിനായകന്റെ ഭീഷണി ശബ്ദസന്ദേശം പുറത്തുവിട്ട് ന്യൂസ് 18 മലയാളം ഈ വിഷയം ഇന്നലെ ചര്‍ച്ച ചെയ്തിരുന്നു. ഷാജന്‍ സ്‌കറിയയുടെ കുടുംബത്തെയും അപര്‍ണ കുറുപ്പിന്റെ കുടുംബത്തെയും വ്യക്തിപരമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ഓഡിയോ സന്ദേശം പുറത്തുവിട്ടാണ് വിഷയം ചര്‍ച്ച ചെയ്തത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കെ സൈബര്‍ സഖാക്കളുടെ പിന്തുണയില്‍ വ്യക്തികളെ സൈബര്‍ ഇടത്തിലൂടെ അസഭ്യം പറയുന്ന വിനായകന് എതിരെ നിയമ നടപടിയുമായി മുന്നോട്ട് പോയാലും ഇടത് സര്‍ക്കാരോ പൊലീസോ തുടര്‍ നടപടികള്‍ സ്വീകരിക്കില്ലെന്ന ആശങ്കയാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഷാജന്‍ സ്‌കറിയ പങ്കുവച്ചത്. ചര്‍ച്ചയില്‍ എഴുത്തുകാരി പി ഗീത, സാമൂഹിക നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
അധിക്ഷേപ പരാമര്‍ശവുമായി വിനായകന്റെ ഫേസ്ബുക്ക് കുറിപ്പും
ന്യൂസ് 18 കേരള ചാനലിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി നേരത്തെ വിനായകന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. വിനായകന്റെ തെറിവിളികള്‍ പൊതുശല്യമായി മാറുകയാണെന്ന ആക്ഷേപം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെയാണ് തെറിപ്പാട്ടുമായി നടന്‍ വീണ്ടും രംഗത്തുവന്നത്. മാധ്യമപ്രവര്‍ത്തകയെ സ്ത്രീത്വത്തെ അപമാനിക്കും വിധത്തിലായിരുന്നു നടന്റെ തെറിപ്പാട്ട്. നേരത്തെ യേശുദാസിനും അടൂര്‍ ഗോപാലകൃഷ്ണനും എതിരെ സമൂഹമാധ്യമത്തിലൂടെ നടത്തിയ അസഭ്യവര്‍ഷത്തില്‍ മാപ്പ് പറഞ്ഞിരുന്നു വിനായകന്‍. മാപ്പ് പറഞ്ഞ് നിമിഷങ്ങള്‍ക്കകം മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന കുറിപ്പും വിനായകന്‍ പങ്കുവച്ചു. സിനിമ കോണ്‍ക്ലേവിലുണ്ടായ സംഭവങ്ങളുടെ പേരിലാണ് അടൂര്‍ ഗോപാലകൃഷ്ണനെതിരെ വിനായകന്‍ അസഭ്യവര്‍ഷം നടത്തിയത്. ഒപ്പം യേശുദാസിനെയും വിമര്‍ശിച്ചു. ഇത് വാര്‍ത്തയായതിന് പിന്നാലെ ഒറ്റവാക്കില്‍ മാപ്പ് എന്നെഴുതി പങ്കുവച്ചു. വൈകാതെ ന്യൂസ് 18 ചാനലിനെതിരെ അധിക്ഷേപ പോസ്റ്റും പ്രത്യക്ഷപ്പെട്ടത്.
'ഭീഷണി' എന്ന വാക്കിന്റെ അര്‍ത്ഥം അറിയാത്ത ചാനലുകള്‍... എന്നുപറഞ്ഞുതുടങ്ങുന്ന പോസ്റ്റില്‍ പുലഭ്യം എങ്ങനെ അസഭ്യമാകും എന്നാണ് വിനായകന്റെ ചോദ്യം. വിനായകന്‍ യേശുദാസിനെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് അപര്‍ണ്ണ കുറുപ്പ് വീഡിയോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടന്‍ തെറിപ്പാട്ടുമായി രംഗത്തുവന്നത്. ഭീഷണി എന്ന വാക്കിന്റെ അര്‍ത്ഥം അറിയാത്ത ഇതുപോലുള്ള ചാനല്‍ മേധാവികള്‍ എത്രമാത്രം വിഷം ആയിരിക്കും ഭാഷയില്‍ ഒളിപ്പിച്ച് സമൂഹത്തിലേക്ക് കടത്തുന്നത്? അറിയാം മാപ്രകളെ നീയൊക്കെ നിന്റെ കുടുംബം പോറ്റാന്‍ വേണ്ടി പെടുന്ന പാടാണ് എന്ന്.പക്ഷേ...ഒരിക്കല്‍ നിന്റെ മക്കളോട് അവരുടെ സഹപാഠികള്‍ ചോദിക്കും'ഭീഷണി'എന്ന വാക്കിന്റെ അര്‍ത്ഥം പോലും അറിയാതെയാണോ നിന്റെഈ മാധ്യമ പണിക്ക് പോകുന്നതെന്ന്.
'ഭീഷണിയും' 'ഉത്തരവും' എന്ന വാക്കുകളുടെ അര്‍ത്ഥം പോലും തിരിച്ചറിയാതെ ചാനലില്‍ അന്തിച്ചര്‍ച്ച നടത്തി അവിടെയും വിനായകനെ വിറ്റ് നിന്റെ അമ്മയ്ക്കും ഭാര്യക്കും മക്കള്‍ക്കും ഓണക്കോടിക്കുള്ള വകയൊപ്പിച്ചു അതല്ലേ സത്യം ? ഇങ്ങനെയാണ് പോസ്റ്റ്. പോസ്റ്റ് വൈറലായതോടെ വിനായകന്റെ അധിക്ഷേപ പോസ്റ്റിനെ വിമര്‍ശിച്ച് ഒട്ടേറെപ്പേരാണ് രംഗത്തെത്തുന്നത്. വിമര്‍ശനം ആകാം എന്നാല്‍ അതിന് മാന്യമായ ഭാഷ ഉപയോഗിക്കണം എന്നാണ് കമന്റുകളില്‍ ഏറെയും. ജാതീയത പറഞ്ഞ് ഏതറ്റം വരെയും പോകുന്ന രീതി വിനായകന്‍ ഒഴിവാക്കണം എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. വിനായകന്‍ തൊട്ടുമുന്‍പ് പങ്കുവച്ച മാപ്പ് അഡ്വാന്‍സായി പറഞ്ഞതാണോ എന്നും കമന്റുകള്‍ ഉയരുന്നുണ്ട്. എന്നിങ്ങനെ ആരംഭിക്കുന്ന കുറിപ്പ് പിന്നീടങ്ങോട്ട് സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണ്.
യേശുദാസിനും അടൂര്‍ ഗോപാലകൃഷ്ണനും എതിരെ മാത്രമല്ല പ്രമുഖര്‍ക്കെതിരെ വിനായകന്‍ മുന്‍പും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയിട്ടുണ്ട്. പട്ടികവിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും സിനിമയെടുക്കാന്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ വഴി 1.5 കോടി രൂപ നല്‍കുന്നതിനുമുന്‍പ് തീവ്രപരിശീലനം നല്‍കണമെന്ന അടൂരിന്റെ വാക്കുകള്‍ വന്‍ചര്‍ച്ചയായിരുന്നു. ഈ വിഷയത്തിലാണ് അടൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി വിനായകന്‍ രംഗത്തെത്തിയത്. വെള്ളയിട്ട് പറഞ്ഞാല്‍ യേശുദാസ് പറഞ്ഞത് അസഭ്യം ആകാതിരിക്കുമോ എന്നും ജുബ്ബയിട്ട് ചെയ്താല്‍ അടൂര്‍ അസഭ്യമാകാതെ ഇരിക്കുമോ എന്നും ചോദിച്ചായിരുന്നു വിനായകന്റെ പോസ്റ്റ്. സ്ത്രീകള്‍ ജീന്‍സോ, ലെഗിന്‍സോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ?, സിനിമകളിലൂടെ സ്ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ അടൂര്‍? സംസ്‌കൃതത്തില്‍ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തില്‍ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കില്‍ അത് തുടരുക തന്നെ ചെയ്യും, എന്നും വിനായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.
തനിക്കെതിരെ വിനായകന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിന് അപര്‍ണകുറുപ്പ് മറുപടി നല്‍കിയിരുന്നു. ലൈംഗികാവയവങ്ങളുടെ പേരുകള്‍ വിളിച്ച് പറഞ്ഞും കേട്ടാലറയ്ക്കുന്ന തെറിവിളിച്ചാലും പേടിച്ച് മിണ്ടാതെ സ്ത്രീകള്‍ മാറിപ്പോകും. അത് പണ്ട് ആ കാലം കഴിഞ്ഞ് പോയിരിക്കുന്നു വിനായകാ. മാധ്യമപ്രവര്‍ത്തകരെ സ്ത്രീശരീരങ്ങളെന്ന് എടുത്ത് പറയാന്‍ ഉത്സാഹം കാണിക്കുന്ന നിങ്ങള്‍ ദളിത് വിഭാഗത്തിന് വേണ്ടി ഒരു സമരവും നടത്തിയിട്ടുമില്ല നടത്തുന്നുമില്ല. എറണാകുളത്ത് സ്വന്തം ഫ്‌ളാറ്റിലിരുന്ന് സിനിമാക്കാരനെന്ന പ്രിവിലേജ് എടുത്ത് ബാല്‍ക്കണിയിലിരുന്ന് നഗ്നതപ്രദര്‍ശിപ്പിക്കുന്ന ഒരു പൊതുശല്യം മാത്രമാണ് ഇപ്പോഴും നിങ്ങള്‍. സ്ത്രീക്കെതിരെ പരസ്യമായ് ഒരു പ്ലാറ്റ്‌ഫോമില്‍ ഇങ്ങനെ വൃത്തികേട് പറയുമ്പോള്‍ അതിനെതിരെ ഉയരുന്ന സമൂഹപ്രതിഷേധങ്ങളെ മറികടക്കാമെന്നുള്ള വ്യാമോഹം മാത്രമാണ് ജാതി എടുത്തെടുത്ത് പറഞ്ഞുള്ള നിങ്ങളുടെ ഇരവാദം. അവകാശ സമരങ്ങള്‍ ഇപ്പോഴും തുടരുന്ന ദളിത് വിഭാഗമോ വിവേചനങ്ങളുടെ വേദന ഇപ്പോഴും അനുഭവിക്കുന്ന അതിനെതിരെ പൊരുതുന്ന ഒരാണും പെണ്ണുമോ നിങ്ങളെന്ന വിഴുപ്പിനെ ഏറ്റെടുക്കില്ല. ദളിത് അക്ടിവിസ്റ്റുകള്‍ക്കെതിരെ നിങ്ങള്‍ നടത്തിയ അശ്ലീല സംഭാഷണങ്ങള്‍ ആരും മറന്നിട്ടില്ല.
വിമര്‍ശനങ്ങള്‍ക്ക് മറുപടിയില്ലെങ്കില്‍ കേട്ടാലറയ്ക്കുന്ന പച്ചത്തെറി വിളിക്കുന്നതും ആ പച്ചത്തെറിയൊക്കെ സ്വത്വ വാദമാണെന്ന് പറയുന്നതുമൊക്കെ കേട്ട് കൈയ്യടിക്കാന്‍ താങ്കളുടെ കൂടെ നില്‍ക്കുന്നത് അവകാശ സമരങ്ങള്‍ നടത്തുന്ന ദളിത് വിഭാഗമല്ല വെറും പെര്‍വെര്‍ട്ടുകള്‍ മാത്രമാണ്. അവരല്ല കേരളം. നല്ല കലാകാരനാണ് താങ്കള്‍ കമ്മട്ടിപ്പാടവും ജയിലറും പോലുള്ള സിനിമകളിലെ നിങ്ങളുടെ ഗംഭീര പ്രകടനങ്ങള്‍ ഞാനടക്കമുള്ള മാധ്യമ സ്ത്രീശരീരങ്ങള്‍ തീയറ്ററില്‍ പോയി കണ്ടതാണ് പ്രോത്സാഹിപ്പിച്ചതാണ്. പക്ഷെ അതിനര്‍ത്ഥം ആ പ്രിവിലേജ് കൊണ്ട് നിങ്ങള്‍ പറയുന്ന അശ്ലീലത്തെ പുരോഗമനമെന്ന് കരുതുമെന്നോ കേട്ട് പേടിച്ച് മിണ്ടാതിരിക്കുമെന്നോ അല്ല. ഇനിയും വിമര്‍ശിക്കും. ആവശ്യമെങ്കില്‍ ഷോക് ചികിത്സ നല്‍കണമെന്ന് പറയുകയും ചെയ്യും. പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുന്‍പ് ഒരു കാര്യം കൂടി. എന്റെ പേരിലെ വാലെടുത്ത് പറഞ്ഞ് ജാതി അധിക്ഷേപം നടത്തുകയാണ് ഞാനെന്ന ആരോപണങ്ങളുമായ് നിങ്ങളുടെ പോസ്റ്റിന് താഴെ വന്ന കമന്റുകള്‍ക്ക് ഒരു കവിതയിലെ രണ്ട് വരികള്‍ കൂടി പറഞ്ഞ് അവസാനിപ്പിക്കാം. പുലയാടി മക്കള്‍ക്ക് പുലയാണ് പോലും പുലയന്റെ മകനോട് പുലയാണ് പോലും. പുലയാടി മക്കളെ പറയുമോ നിങ്ങള്‍ പറയനും പുലയനും പുലയായത് എങ്ങനെ. പറയുമോ പറയുമോ പുലയാടി മക്കളെ. ഈ കവിത എഴുതിയ ആ കുറുപ്പ് എന്റെ അച്ഛനാണ്. അതാണ് ഈ വിമര്‍ശനങ്ങള്‍ക്ക് എനിക്കുള്ള മറുപടി. ഇതായിരുന്നു അപര്‍ണ കൊടുത്ത മറുപടി....