500 കോടിയുടെ കശുവണ്ടി ഇറക്കുമതി അഴിമതി കേസ് ഇനി സര്‍ക്കാരിന് നീട്ടി കൊണ്ടുപോകാനാവില്ല; ഐ എന്‍ ടി യു സി നേതാവ് ആര്‍ ചന്ദ്രശേഖരനെയും മുന്‍ കോര്‍പറേഷന്‍ എം ഡി രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ഒരു മാസത്തിനകം തീരുമാനം എടുക്കണം; അനുമതി വൈകിപ്പിച്ച സര്‍ക്കാര്‍ നിലപാടിന് ഹൈക്കോടതി വിമര്‍ശനം

ആര്‍ ചന്ദ്രശേഖരനെയും രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ഒരു മാസത്തിനകം തീരുമാനം എടുക്കണം

Update: 2025-01-27 17:25 GMT

കൊച്ചി: സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയില്‍ ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനേയും മുന്‍ എംഡി കെഎ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുമാസത്തില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഇരുവര്‍ക്കുമെതിരെ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നിര്‍ദേശം.

കശുവണ്ടി ഇറക്കുമതിയില്‍ 500 കോടിയുടെ അഴിമതിയാരോപണം ഉയര്‍ന്ന സംഭവത്തിലാണ് 13 വര്‍ഷത്തെ ഇടപാടുകള്‍ സിബിഐ പരിശോധിച്ചത്. അഴിമതി കണ്ടെത്തി കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായിട്ടാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരുന്നത്. ഇത് സംബന്ധിച്ച രേഖകള്‍ ഒരിക്കല്‍കൂടി സംസ്ഥാന സര്‍ക്കാരിന് കൈമാറാനും സിബിഐയോട് കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ വര്‍ഷം കേസില്‍ സി.ബി.ഐ.ക്ക് പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. അനുമതി അപേക്ഷ സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉത്തരവിട്ടിരുന്നു. മൂന്നുമാസത്തിനകം തീരുമാനമെടുത്ത് സി.ബി.ഐ.യെ അറിയിക്കണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ല. ഇതിനെതിരെ പരാതിക്കാരനായ കൊല്ലം സ്വദേശി കടകംപള്ളി മനോജ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു.

എല്ലാ രേഖകളും സര്‍ക്കാരിന് കൈമാറിയെന്നാണ് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. അതുകൊണ്ട് തന്നെ രേഖകള്‍ കിട്ടാത്തത് കൊണ്ടാണ് കോടതി ഉത്തരവ് പാലിക്കാത്തതെന്ന സര്‍ക്കാര്‍ നിലപാട് നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. എന്നിരുന്നാലും കോടതി ഉത്തരവ് പാലിക്കാന്‍ അല്‍പസമയം കൂടി അനുവദിക്കാന്‍ കോടതി തയ്യാറായി. സര്‍ക്കാരിന് പ്രോസിക്യൂഷന് അനുമതി നല്‍കാന്‍ ആവശ്യമായ രേഖകള്‍ ഒരാഴ്ചകക്കം സിബിഐ കൈമാറണം. രേഖകള്‍ സിബിഐയില്‍ നിന്ന് കിട്ടുന്ന മുറയ്ക്ക് ഒരുമാസത്തിനകം സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നിര്‍ദ്ദേശിച്ചു.




 

സിബിഐ കേസ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

സിബിഐ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐ എന്‍ ടി യു സി സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരനും കോര്‍പ്പറേഷന്‍ മുന്‍ എം.ഡി കെ.എ രതീഷും നല്‍കിയ ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തള്ളിയിരുന്നു. ചന്ദ്രശേഖരന്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരിക്കേ 500 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു പരാതി. വിദേശത്ത് നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ 500 കോടിയുടെ ക്രമക്കേട് നടന്നെന്ന് സിബിഐ കണ്ടെത്തിയിരുന്നു.

ഇരുവര്‍ക്കുമെതിരായ കേസില്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 197 പ്രകാരമുള്ള പ്രോസിക്യുഷന്‍ അനുമതി ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചന്ദ്രശേഖരനും രതീഷും ഔദ്യോഗിക പദവിയിലിരുന്നപ്പോള്‍ നടന്ന ഇടപാടുകളാണെന്നും അതില്‍ ക്രമക്കേടുണ്ടെന്ന് തെളിയിക്കാനാവശ്യമായ രേഖകള്‍ സി.ബി.ഐ. സമര്‍പ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഇടതു സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചിരുന്നു. പ്രോസിക്യുഷന്‍ അനുമതി വേണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ കേസിന്റെ വിചാരണ നടപടികളുമായി മുന്നോട്ട് പോകാന്‍ സിബിഐക്ക് പച്ചക്കൊടി കിട്ടി.

സി.ആര്‍.പി.സി. വകുപ്പ് 197 അനുസരിച്ച് ഔദ്യോഗിക പദവി വഹിക്കുന്നവര്‍ക്ക് സംരക്ഷണം ലഭിക്കുന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി നേരിട്ട് ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്കാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതിക്കേസുകളില്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 197 പ്രകാരം ഉള്ള പ്രോസിക്യുഷന്‍ അനുമതി വേണ്ടെന്ന് കേസിലെ പരാതിക്കാരനായ കടകംപള്ളി മനോജിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജി. പ്രകാശ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കശുവണ്ടി വികസന കോര്‍പറേഷന്‍ എംഡി സ്ഥാനത്തുനിന്ന് കെ.എ രതീഷിനെ നീക്കാന്‍ ഗവര്‍ണര്‍ക്ക് മാത്രമേ അധികാരം ഉണ്ടായിരുന്നുള്ളുവെന്നും, അതിനാല്‍ രതീഷിനെതിരായ കേസില്‍ പ്രോസിക്യുഷന്‍ അനുമതി ആവശ്യമാണെന്നും ആയിരുന്നു സീനിയര്‍ അഭിഭാഷകന്‍ പി.വി ദിനേശ് വാദിച്ചത്. എന്നാല്‍ രതീഷിന്റെ നിയമനം ചട്ടങ്ങള്‍ പാലിച്ച് ആയിരുന്നില്ലെന്ന സര്‍ക്കാര്‍ രേഖ ഉണ്ടെന്ന് ജി പ്രകാശ് കോടതിയില്‍ ചൂണ്ടിക്കാട്ടി.

ശരിവച്ചത് ഹൈക്കോടതി വിധി

ചന്ദ്രശേഖരന്‍, കോര്‍പറേഷന്‍ മുന്‍ എംഡി കെ.എ.രതീഷ് എന്നിവര്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇരുവര്‍ക്കുമെതിരെ പ്രോസിക്യൂഷന്‍ അനുമതിക്കായുള്ള സിബിഐയുടെ അപേക്ഷ വീണ്ടും പരിശോധിക്കാന്‍ സര്‍ക്കാരിന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നിര്‍ദേശം നല്‍കിയിരുന്നു.

കൊല്ലം സ്വദേശിയായ കടകംപള്ളി മനോജാണ് കശുവണ്ടി ഇടപാടില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി സിബിഐയെ കേസന്വേഷണം ഏല്‍പ്പിച്ചു. എന്നാല്‍ ചന്ദ്രശേഖരനും രതീഷും ഔദ്യോഗിക പദവിയിലിരുന്നപ്പോള്‍ നടന്ന ഇടപാടുകളാണെന്നും അതില്‍ ക്രമക്കേടുണ്ടെന്നു തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ സിബിഐ സമര്‍പ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഇടതു സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചു. ഇത് സിപിഎമ്മിനുള്ളില്‍ പോലും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ സംഭവമായിരുന്നു. തുടര്‍ന്നു കടകംപള്ളി മനോജ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. വസ്തുതകള്‍ പരിശോധിക്കാതെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. മാത്രമല്ല, സിആര്‍പിസി വകുപ്പ് 197 അനുസരിച്ച് ഔദ്യോഗിക പദവി വഹിക്കുന്നവര്‍ക്ക് സംരക്ഷണം ലഭിക്കുന്നതു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നേരിട്ടു ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്കാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതോ അല്ലെങ്കില്‍ പൊതുമേഖലാ കമ്പനിയുടെയോ ഭാഗമായവര്‍ക്ക് ഈ വകുപ്പ് അനുസരിച്ച് സംരക്ഷണം ലഭിക്കില്ല. ചന്ദ്രശേഖരനും രതീഷും കശുവണ്ടി വികസന കോര്‍പറേഷന്റെ പദവിയില്‍ ഉണ്ടായിരുന്നവരാണ്. അതിനാല്‍ ഇരുവര്‍ക്കും ഈ വകുപ്പ് അനുസരിച്ചുള്ള സംരക്ഷണം ലഭിക്കില്ലെന്നും വിവിധ വിധിന്യായങ്ങള്‍ ഉന്നയിച്ചുകൊണ്ടു കോടതി വ്യക്തമാക്കി.

2005 മുതല്‍ 2015 വരെ കശുവണ്ടി വികസന കോര്‍പറേഷന്‍ എംഡി ആയിരുന്ന രതീഷ്, 2012 മുതല്‍ 2015 ചെയര്‍മാനുമായിരുന്ന ചന്ദ്രശേഖരന്‍, 2006 മുതല്‍ 2011 വരെ ചെയര്‍മാനായിരുന്ന ഇ.കാസിം, കോട്ടയം ആസ്ഥാനമായ ജെഎംജെ ട്രേഡേഴ്സ് എന്ന സ്ഥാപന നടത്തിപ്പുകാരനായ ജെയ്മോന്‍ ജോസഫ് എന്നിവരായിരുന്നു കേസിലെ 1 മുതല്‍ നാലു വരെ പ്രതികള്‍. സിബിഐ കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്‍പു കാസിം അന്തരിച്ചതിനാല്‍ രണ്ടാം പ്രതിയായിരുന്ന അദ്ദേഹത്തെ ഒഴിവാക്കി. ഒന്നാം പ്രതി രതീഷ്, മൂന്നാം പ്രതി ചന്ദ്രശഖരന്‍ എന്നിവര്‍ നാലാം പ്രതിയായ ജയ്മോനുമായി ഗൂഢാലോചന നടത്തി എല്ലാ ചട്ടങ്ങളും ലംഘിച്ച് കശുവണ്ടി ഇറക്കുമതി ചെയ്യുകയും അതുവഴി കോര്‍പറേഷനു കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാവുകയും ചെയ്തു എന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

Tags:    

Similar News