കോടതിയിലേക്ക് കൂളായി നല്ല ആരോഗ്യത്തോടെ നടന്നുവരുന്ന ഉന്നതരായ പ്രതികള്‍ പൊടുന്നനെ കുഴഞ്ഞുവീഴുന്നു; ഈ പ്രവണത അവസാനിപ്പിക്കണം; ഇത്തരം നെഞ്ചുവേദനയും കുഴഞ്ഞുവീഴലും തുടരാനാവില്ല; പാതി വില തട്ടിപ്പില്‍ ആനന്ദ കുമാറിന്റെ ഹര്‍ജി പരിഹണിക്കവേ ഹൈക്കോടതി
കൂളായി ആരോഗ്യത്തോടെ നടന്നുവരുന്ന ഉന്നതരായ പ്രതികള്‍ പൊടുന്നനെ കുഴഞ്ഞുവീഴുന്നു
കൊച്ചി: കോടതിയില്‍ ആരോഗ്യത്തോടെ നടന്നുവരുന്ന പ്രതികള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. കൂളായി നടന്നുവരുന്ന ഉന്നതരായ പ്രതികള്‍ കോടതിയില്‍ എത്തുമ്പോള്‍ കുഴഞ്ഞു വീഴുന്നത് പതിവാക്കിയിരിക്കുകയാണ്. പാതിവില തട്ടിപ്പുകേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍ ആനന്ദകുമാറിന്റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
പല കേസുകളും പരിഗണിച്ചാണ് നിരീക്ഷണം. പാതിവില തട്ടിപ്പുകേസിലെ രണ്ടാം പ്രതിയാണ് ആനന്ദകുമാര്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തെ കോടതി ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരാമര്‍ശം.
ആരോഗ്യത്തോടെ നടന്ന് പോകുന്ന പ്രതികള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയാണ്. ഈ പ്രവണത അവസാനിപ്പിക്കണം. ഇത്തരം നെഞ്ചുവേദനയും കുഴഞ്ഞുവീഴലും തുടരാനാവില്ലെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിമര്‍ശനം
പ്രതികള്‍ കോടതി മുറിയില്‍ കുഴഞ്ഞുവീഴുമ്പോള്‍ മജിസ്‌ട്രേറ്റുമാര്‍ നിസഹായരാകുമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പ്രതികള്‍ക്ക് സമ്പൂര്‍ണ ആരോഗ്യ പരിശോധന നടത്താന്‍ മാര്‍ഗനിര്‍ദേശം നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്ന പ്രതികള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതുമായി ബന്ധപ്പെട്ട് ജയില്‍ ഡിജിപിയോട് ഹൈക്കോടതി വിശദീകരണം തേടി. പ്രതികള്‍ക്ക് വിദഗ്ധ ചികിത്സയ്ക്ക് സൗകര്യമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. മറുപടി നല്‍കാന്‍ സംസ്ഥാന ജയില്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ജയില്‍ ഡിജിപിയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.
തട്ടിപ്പിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ആനന്ദ കുമാറിന് ഒഴിഞ്ഞുമാറാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ആരോഗ്യ പ്രശ്‌നമുയര്‍ത്തി ജാമ്യാപേക്ഷ നല്‍കേണ്ടതില്ല. ജാമ്യാപേക്ഷ മെറിറ്റില്‍ വാദം കേട്ട് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രതികള്‍ ഈ സാഹചര്യങ്ങളെ ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഉണ്ടെങ്കിലും മറ്റു ചിലര്‍ ജയിലിലേക്ക് പോകണ്ട സാഹചര്യമുണ്ടാകുമ്പോള്‍ മാത്രം ഇത്തരത്തില്‍ കുഴഞ്ഞു വീഴുന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആനന്ദകുമാറിന്റെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ചികിത്സയിലാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.