നഷ്ടപരിഹാരമായി 9531 കോടി രൂപ നല്‍കാനാവില്ല; കപ്പല്‍ മുങ്ങിയത് കൊണ്ട് സമുദ്ര ആവാസ വ്യവസ്ഥയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്നും കപ്പലിന്റെ ഉടമസ്ഥര്‍ തങ്ങളല്ലെന്നും ഉള്ള വാദം മുന്നോട്ടുവച്ച് എം.എസ്.സി. എല്‍സ കമ്പനി; പരിസ്ഥിതി മലിനീകരണം ഉണ്ടായതില്‍ തര്‍ക്കമില്ലെന്ന് ഹൈക്കോടതിയും
നഷ്ടപരിഹാരമായി 9531 കോടി രൂപ നല്‍കാനാവില്ല
കൊച്ചി: കപ്പലപകടത്തില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട 9531 കോടി രൂപ കെട്ടിവെയ്ക്കാനാകില്ലെന്ന് എം.എസ്.സി. എല്‍സ കമ്പനി. ഹൈക്കോടതിയിലാണ് ഇക്കാര്യം ബോധിപ്പിച്ചത്. ഇത്രയും ഭീമമായ തുക തങ്ങള്‍ക്ക് നല്‍കാനാകില്ലെന്നാണ് എം.എസ്.സിയുടെ നിലപാട്. അതേസമയം, കപ്പല്‍ മുങ്ങി എന്നതിലും പരിസ്ഥിതി മലിനീകരണമുണ്ടായി എന്നതിലും തര്‍ക്കമില്ലെന്ന് കോടതി പറഞ്ഞു.
ഇന്ധന ഓയില്‍ ചോര്‍ന്നിട്ടില്ലാത്തതിനാല്‍ സമുദ്ര ആവാസ വ്യവസ്ഥയ്ക്കു പ്രശ്‌നമൊന്നും സംഭവിച്ചിട്ടില്ല. പ്ലാസ്റ്റിക് പെല്ലെറ്റുകള്‍ കരയ്ക്കടിഞ്ഞത് പരിസ്ഥിതി പ്രശ്‌നം മാത്രമാണ്. മാത്രല്ല, കപ്പല്‍ മുങ്ങിയത് കേരളത്തിന്റെ സമുദ്രാതിര്‍ത്തിക്ക് ഉള്ളിലല്ല. അതിനാല്‍ കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യത്തില്‍ നഷ്ടപരിഹാരത്തിനായി സ്യൂട്ട് നല്‍കേണ്ടത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങാണ് ഇക്കാര്യം ചെയ്യേണ്ടതെന്നും കപ്പല്‍ കമ്പനി വാദിച്ചു.
എന്നാല്‍ കപ്പല്‍ മുങ്ങി എന്നതിലും പരിസ്ഥിതി മലിനീകരണമുണ്ടായി എന്നതിലും തര്‍ക്കമില്ലെന്നു ജസ്റ്റിസ് അബ്ദുല്‍ ഹക്കീം പറഞ്ഞു. എത്ര അളവില്‍ പരിസ്ഥിതി മലിനീകരണമുണ്ടായി എന്നതാണു തര്‍ക്കം. പ്ലാസ്റ്റിക് തരികള്‍ കടലില്‍ നിന്നു ടണ്‍ കണക്കിനു ശേഖരിച്ചത് ഉള്‍പ്പെടെ കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഏതൊക്കെ വിധത്തിലാണ് കമ്പനി നഷ്ടപരിഹാരം കണക്കാക്കുന്നത് എന്നും ഇക്കാര്യം അറിയിക്കാനും കോടതി നിര്‍ദേശിച്ചു. വിഴിഞ്ഞം തുറുമുഖത്തുള്ള എംഎസ്‌സി അകിറ്റേറ്റ - 2 ഇന്ന് വരെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള ഉത്തരവും കോടതി നീട്ടി. കൂടുതല്‍ കപ്പലുകള്‍ അറസ്റ്റ് ചെയ്താല്‍ അത് സംസ്ഥാന താല്‍പര്യത്തിന് എതിരാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തിന്റെ അഡ്മിറാലിറ്റി സ്യൂട്ടില്‍ ഓഗസ്റ്റ് ആദ്യവാരം ഹൈക്കോടതി അന്തിമ വാദം കേള്‍ക്കും.
കപ്പലിന്റെ ഉടമസ്ഥര്‍ തങ്ങളല്ലെന്ന വാദമാണ് മുഖ്യമായി മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി മുന്നോട്ടു വെക്കുന്നത്. ഇക്കാര്യം കോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ കമ്പനി വ്യക്തമാക്കിയിരുന്നു. ഇക്കാര്യമാണ് ഇന്ന് കോടതിയിലും ഉന്നയിച്ചത്. ലൈബീരിയയില്‍ റജിസ്റ്റര്‍ ചെയ്ത എല്‍സ 3 മാരിടൈം കമ്പനിയാണ് കപ്പലിന്റെ ഉടമസ്ഥര്‍ എന്നാണ് കമ്പനി പറയുന്നത്. പാനമയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന മള്‍ട്ടി കണ്ടെയ്‌നര്‍ മാനേജ്‌മെന്റ് (എംസിഎം) കമ്പനിക്ക് ബെയര്‍ബോട്ട് ചാര്‍ട്ടര്‍ പ്രകാരം കപ്പല്‍ വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. എംസിഎം കമ്പനി കപ്പല്‍ നിശ്ചിത കാലാവധിയുടെ അടിസ്ഥാനത്തില്‍ ടൈം ചാര്‍ട്ടര്‍ പ്രകാരം എംഎസ്സി മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്ക് വാടകയ്ക്കു നല്‍കിയിരിക്കുന്നു. എന്നാല്‍ കപ്പലിന്റെ സാങ്കേതിക കാര്യങ്ങളുടെയും രാജ്യാന്തര സുരക്ഷ കൈകാര്യം ചെയ്യുന്നതിന്റെയും ഉത്തരവാദിത്തം സൈപ്രസ് കേന്ദ്രമായ എംഎസ്സി ഷിപ് മാനേജ്‌മെന്റ് ലിമിറ്റഡിനാണ്.