ട്രെയിന്‍ പുറപ്പെട്ടത് ഒരുദിവസത്തിലധികം വൈകി; 11 ദിവസത്തെ യാത്ര ഒന്‍പത് ദിവസമാക്കി ചുരുക്കി; സൗകര്യപ്രദമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതില്‍ ഗുരുതരവീഴ്ച സംഭവിച്ച; 'അഷ്ടപുണ്യ തീര്‍ത്ഥയാത്ര' ദുരിത പൂര്‍ണമായി; റെയില്‍വേ 73,500/ രൂപ നഷ്ടപരിഹാരം നല്‍കണം
'അഷ്ടപുണ്യ തീര്‍ത്ഥയാത്ര' ദുരിത പൂര്‍ണമായി; റെയില്‍വേ 73,500/ രൂപ നഷ്ടപരിഹാരം നല്‍കണം
കൊച്ചി : അഷ്ടപുണ്യ തീര്‍ത്ഥ യാത്രയില്‍ തീര്‍ത്ഥാടകന് നേരിട്ട് കഷ്ടനഷ്ടങ്ങള്‍ക്കും അസൗകര്യങ്ങള്‍ക്കും റെയില്‍വേ 73,500/ രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃതര്‍ക്ക പരിഹാര കോടതി.
എറണാകുളം മരട് സ്വദേശി കെ.ബി സുരേഷ് ബാബു, സതേണ്‍ റെയില്‍വേ, ഐആര്‍സിടിസി എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
2022 ഡിസംബര്‍ മാസം കൊച്ചുവേളിയില്‍ നിന്നും പുറപ്പെട്ട് പുരി, വാരണാസി, ഗയ, കോണാര്‍ക്ക് തുടങ്ങിയ എട്ട്തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പതിനൊന്ന് ദിവസം കൊണ്ട് മടങ്ങിവരുമെന്ന് പരസ്യം ചെയ്ത് തീര്‍ത്ഥാടകരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ യാത്രയില്‍ ആദ്യാവസാനം നേരിട്ട കഷ്ടനഷ്ടങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.
11 ദിവസത്തെ യാത്ര 20,500/ രൂപക്ക് വാഗ്ദാനം ചെയ്ത ശേഷം ഒന്‍പത് ദിവസത്തെ യാത്രയാക്കി ചുരുക്കി. 2022 ഡിസംബര്‍ പത്തിന് രാവിലെ കൊച്ചുവേളിയില്‍ നിന്ന് ആരംഭിക്കേണ്ടിയിരുന്ന യാത്ര, റെയില്‍വേയുടെ ഓപ്പറേഷനല്‍ പ്രശ്നങ്ങള്‍ കാരണം എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഉച്ചയ്ക്ക് ശേഷമായി പുനഃക്രമീകരിച്ചിരുന്നു. എന്നാല്‍, ചെന്നൈയില്‍ ഉണ്ടായ ചുഴലിക്കാറ്റ് കാരണം ട്രെയിന്‍ യാത്ര ഒരു ദിവസത്തിലധികം വൈകിയാണ് പുറപ്പെട്ടത്.
ട്രെയിന്‍ പുറപ്പെടുന്ന സമയം മാറ്റിയതിനെക്കുറിച്ച് യാത്രക്കാരെ യഥാസമയം അറിയിക്കുന്നതില്‍ ഐ.ആര്‍.സി.ടി.സി.ക്ക് വീഴ്ച പറ്റി. സമയമാറ്റം സംബന്ധിച്ച് യാത്രക്കാര്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിരുന്നു എന്ന് തെളിയിക്കാന്‍ എതിര്‍കക്ഷികള്‍ യാതൊരു രേഖയും ഹാജരാക്കിയില്ല.
ട്രെയിന്‍ വൈകിയെത്തിയപ്പോള്‍ യാത്രക്കാര്‍ തിരക്കിട്ട് കയറിയതിനാല്‍ ട്രെയിന്‍ ശരിയായ രീതിയില്‍ വൃത്തിയാക്കാന്‍ സമയം ലഭിച്ചില്ല എന്നും എതിര്‍കക്ഷികള്‍ തന്നെ സമ്മതിച്ചു. ഇത് ശുചിത്വമില്ലായ്മയെക്കുറിച്ചുള്ള പരാതി ശരിവയ്ക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
കൂടാതെ, എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ സൗകര്യപ്രദമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായും, യാത്രക്കാര്‍ക്ക് രണ്ട് മണിക്കൂറോളം ബസ്സിനുള്ളില്‍ കഴിയേണ്ടി വന്നതായും ഡി.ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
പരാതിക്കാരനില്‍ നിന്നും തീര്‍ത്ഥയാത്രയ്ക്കായി ഈടാക്കിയ 20,500/ രൂപ റെയില്‍വെ തിരികെ നല്‍കണം. കൂടാതെ, പരാതിക്കാരനുണ്ടായ മാനസിക ബുദ്ധിമുട്ട്കള്‍ക്കും മറ്റ് കഷ്ടനഷ്ടങ്ങള്‍ക്കും പരിഹാരമായി 50,000/ രൂപയും, കോടതി ചെലവിനത്തില്‍ 3000/ രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് എതിര്‍കക്ഷികള്‍ക്ക് കോടതി ഉത്തരവ് നല്‍കി.
