കോടതി ഉത്തരവ് ചവറ്റുകൊട്ടയിലെറിഞ്ഞു! 1678 കോടി കാര്‍ഷിക ഫണ്ട് കൈമാറാതെ വട്ടംചുറ്റിച്ചു; ചീഫ് സെക്രട്ടറി എ ജയതിലക് നടത്തിയത് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി; ജയതിലക് അടക്കം അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റം ചുമത്തി; ജനുവരി അഞ്ച് മുതല്‍ കേസില്‍ വിശദമായ വാദം
ചീഫ് സെക്രട്ടറി എ ജയതിലക് നടത്തിയത് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി
കൊച്ചി: കാര്‍ഷിക പ്രൊമോഷന്‍ ഫണ്ടിലേക്ക് 1678.66 കോടി രൂപ കൈമാറണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന്, ചീഫ് സെക്രട്ടറി എ. ജയതിലക് ഉള്‍പ്പെടെ അഞ്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് കുറ്റം ചുമത്തി. കോടതിയുടെ ഉത്തരവ് മനഃപൂര്‍വം അവഗണിച്ചു കളഞ്ഞതായി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
തൃശ്ശൂരിലെ സിപിഐ നേതാവായ ടി.എന്‍. മുകുന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നടപടി. എ. ജയതിലക്, അരവിന്ദ് ശ്രീവാസ്തവ, കേശവേന്ദ്ര കുമാര്‍, ടിങ്കു ബിസ്വാള്‍, അര്‍ജുന്‍ പാണ്ഡ്യന്‍ എന്നീ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കോടതി ഇപ്പോള്‍ കുറ്റം ചുമത്തിയിരിക്കുന്നത്.
സംഭവം ഇങ്ങനെ:
2008-ലെ കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം രൂപം നല്‍കിയ കാര്‍ഷിക പ്രൊമോഷന്‍ ഫണ്ടിലേക്ക് 1678.66 കോടി രൂപ അടയ്ക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. നെല്‍വയലുകള്‍ നികത്തി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിലൂടെ സര്‍ക്കാര്‍ പിരിച്ചെടുത്ത തുകയാണിത്. ഈ തുക നിയമത്തിലെ സെക്ഷന്‍ 27ഡി അനുസരിച്ച് കാര്‍ഷിക പ്രൊമോഷന്‍ ഫണ്ടിലേക്ക് കൈമാറേണ്ടതായിരുന്നു.
2024 നവംബര്‍ 28-ന് പുറപ്പെടുവിച്ച വിധിയില്‍, ഈ പണം ഫണ്ടിലേക്ക് നിക്ഷേപിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. തുകയുടെ 25 ശതമാനം നാല് മാസത്തിനകവും ബാക്കി 12 മാസത്തിനകവും അടയ്ക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.
കോടതിയുടെ വിമര്‍ശനം
ഈ ഉത്തരവ് പാലിക്കപ്പെടാതിരുന്നതിനെ തുടര്‍ന്ന് ഹര്‍ജിക്കാരന്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. തുടക്കത്തില്‍ ഉത്തരവ് നടപ്പാക്കിയെന്ന് നിലപാടെടുത്ത സംസ്ഥാന സര്‍ക്കാര്‍ പിന്നീട് പണം നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.
എന്നാല്‍, 2024 നവംബറിലെ വിധിക്കെതിരെ സമയബന്ധിതമായി പുനഃപരിശോധനാ ഹര്‍ജി (Review Petition) സമര്‍പ്പിക്കാതെ ഉത്തരവ് അവഗണിക്കുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍, ഉദ്യോഗസ്ഥര്‍ പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നടത്തിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് കുറ്റം ചുമത്തുന്നതെന്നും കോടതി വ്യക്തമാക്കി.
നിലവില്‍, കുറ്റം ചുമത്തപ്പെട്ട ഉദ്യോഗസ്ഥരെ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് കോടതി തല്‍ക്കാലം ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ രേഖാമൂലം മറുപടി സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ച കോടതി, കോടതിയലക്ഷ്യ കേസില്‍ ജനുവരി 5 മുതല്‍ വിശദമായ വാദം കേള്‍ക്കുമെന്നും അറിയിച്ചു.
