'അവര്‍ക്ക് ചില പ്രധാന കാര്യങ്ങള്‍ പറയാനുണ്ട്, അത് കേട്ടിട്ട് പോരെ എന്ന് കോടതി; പൂര്‍ണ്ണമായും വാദം കേള്‍ക്കാതെ ഒരാളും അറസ്റ്റ് ചെയ്യപ്പെടരുത്, മുന്‍വിധിയില്ലെന്നും ജസ്റ്റിസ് കെ.ബാബു; അന്വേഷണം തടഞ്ഞിട്ടില്ലെന്നും കോടതി എപ്പോള്‍ ഹാജരാകാന്‍ പറഞ്ഞാലും ഹാജരായിരിക്കുമെന്നും രാഹുലിന്റെ അഭിഭാഷകന്‍ എസ്.രാജീവ്

അവര്‍ക്ക് ചില പ്രധാന കാര്യങ്ങള്‍ പറയാനുണ്ട്, അത് കേട്ടിട്ട് പോരെ എന്ന് കോടതി

Update: 2025-12-06 12:07 GMT

കൊച്ചി: 'പൂര്‍ണ്ണമായും വാദം കേള്‍ക്കാതെ ഒരാളും അറസ്റ്റ് ചെയ്യപ്പെടരുത്, കോടതിക്ക് മുന്‍വിധിയില്ല' എന്ന് വ്യക്തമാക്കിയാണ് ലൈംഗിക പീഡന കേസില്‍, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞത്. കേസ് വിശദമായി പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുത് എന്നാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്.

ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗികബന്ധമാണെന്ന് ഹര്‍ജിയില്‍ അംഗീകരിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഡിസംബര്‍ 15 വരെയാണ് കോടതി തടഞ്ഞത്. അറസ്റ്റ് തടയുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തെങ്കിലും, വിശദമായി വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി അറിയിക്കുകയായിരുന്നു. ഈ വിഷയത്തില്‍ കോടതിയുടെ നിലപാട് രാഹുല്‍ മാങ്കൂട്ടത്തിലിന് വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്.

കോടതിക്കു മുന്‍പാകെ ജാമ്യാപേക്ഷ നില്‍ക്കുമ്പോള്‍ അറസ്റ്റ് ചെയ്യാതിരിക്കുക എന്നത് ഒരു സാധാരണ നടപടിക്രമമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ എസ്. രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. 'അവര്‍ക്ക് ചില പ്രധാന കാര്യങ്ങള്‍ പറയാനുണ്ട്, അത് കേട്ടിട്ട് പോരെ എന്നാണ് കോടതി ചോദിച്ചത്. ഡിസംബര്‍ 15 വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു,' രാജീവ് വ്യക്തമാക്കി.

അതേസമയം, അന്വേഷണം തടയുകയോ മറ്റോ ഹൈക്കോടതി ചെയ്തിട്ടില്ലെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. കോടതി എപ്പോള്‍ ഹാജരാകാന്‍ പറഞ്ഞാലും ഹാജരായിരിക്കും. ഒരു പോലീസ് സ്റ്റേഷനില്‍ ചെന്ന് ധൈര്യമായി തെളിവു ഹാജരാക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ല. അപ്പോള്‍ത്തന്നെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടും. പിന്നയല്ലേ തെളിവു ചോദിക്കൂ എന്നും രാജീവ് പറഞ്ഞു.

കേസ് രജിസ്റ്റര്‍ ചെയ്തതു മുതല്‍ സെഷന്‍സ് കോടതിക്ക് മുന്‍പാകെയുണ്ട്. എന്നാല്‍ ഇതുവരെ ഹാജരാകാന്‍ രാഹുലിന് നോട്ടീസ് നല്‍കിയിട്ടില്ല. കോടതിയോ അന്വേഷണ ഉദ്യോഗസ്ഥനോ ഹാജരാകാന്‍ പറഞ്ഞാല്‍ ഹാജരാകാന്‍ തയ്യാറാണെന്നും അഭിഭാഷകന്‍ എസ്. രാജീവ് അറിയിച്ചു. ഈ വിഷയത്തില്‍ കൂടുതല്‍ വിശദമായ വാദം ഡിസംബര്‍ 15-ന് ഹൈക്കോടതി വീണ്ടും കേള്‍ക്കും.

Tags:    

Similar News