എന്‍ജിഒ കോണ്‍ഫെഡറേഷന്റെ രക്ഷധികാരിയല്ല; അനന്തു കൃഷ്ണനുമായി ബന്ധമില്ല; പ്രാഥമിക പരിശോധനയില്ലാതെ കേസെടുത്തു; പ്രതി ചേര്‍ത്തത് മുനമ്പം കമ്മീഷനെ അട്ടിമറിക്കാനാണോ എന്ന് അറിയില്ല; നടപടി കള്ളപ്പരാതിയിലെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍
പ്രാഥമിക പരിശോധനയില്ലാതെ കേസെടുത്തു: റിട്ട. ജസ്റ്റിസ്. സിഎന്‍ രാമചന്ദ്രന്‍ നായര്‍
കൊച്ചി: പകുതി വില തട്ടിപ്പില്‍ മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി ചേര്‍ത്തതില്‍ പരാതി നല്‍കിയെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍. തന്നെ പ്രതി ചേര്‍ത്തത് മുനമ്പം കമ്മീഷനെ അട്ടിമറിക്കാനാണോ എന്നറിയില്ല, അങ്ങനെയൊരു ആശങ്ക അടുപ്പമുള്ള ചിലര്‍ പങ്കുവച്ചിരുന്നു. പക്ഷേ അതേക്കുറിച്ച് തനിക്കറിയില്ലെന്നും സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. പൊലീസ് പ്രാഥമിക പരിശോധന പോലും നടത്താതെയാണ് തനിക്കെതിരെ കേസെടുത്തതെന്നും ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. കള്ളപ്പരാതിയിലാണ് പൊലീസ് നടപടിയെന്ന് സി എന്‍ രാമചന്ദ്രന്‍ നായര്‍ ആരോപിച്ചു.
താന്‍ ഒരിക്കലും എന്‍ ജി ഒ കോണ്‍ഫെഡറേഷന്റെ രക്ഷാധികാരി ആയിട്ടില്ലെന്നും സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. നിയമോപദേശകന്‍ ആയിരുന്നു, എന്നാല്‍ ആ സ്ഥാനം ജൂണില്‍ രാജിവെക്കുകയും ചെയ്തു. വസ്തുതകള്‍ പരിശോധിക്കാതെയാണ് പൊലീസ് തനിക്കെതിരെ നടപടിയെടുത്തത്, അത് ശരിയായില്ലെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പ്രതികരിച്ചു.
'എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഉപദേഷ്ടാവ് ആയിരുന്നു ഞാന്‍. ഫെഡറേഷന്റെ രക്ഷധികാരിയല്ല. തെറ്റിദ്ധാരണയാണോ മറ്റെന്തെങ്കിലും ആണോ കേസെടുക്കാന്‍ കാരണമെന്ന് എന്നറിയില്ല. മുനമ്പം കമ്മിഷന്റെ പ്രവര്‍ത്തനം മുടക്കാന്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നു. മുനമ്പം കമ്മീഷന്‍ ആയതുകൊണ്ടാണോ കേസ് വന്നതെന്ന് സംശയിക്കുകയാണ്. പൊലീസിന്റെ നടപടി തിടുക്കത്തിലുള്ളതായിരുന്നു'.
സന്നദ്ധ സംഘടന നല്‍കിയ പരാതിയിലാണ് സി എന്‍ രാമചന്ദ്രന്‍ നായരിനെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തത്. കേസില്‍ മൂന്നാം പ്രതിയാണ് സിഎന്‍ രാമചന്ദ്രന്‍. സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറും അനന്ത കൃഷ്ണനുമാണ് ഒന്നും രണ്ടും പ്രതികള്‍. ഇമ്പ്ലിമെന്റിങ് ഏജന്‍സിയായ അങ്ങാടിപ്പുറം കെഎസ്എസിന്റെ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് കേസ്. ഭാരതീയ ന്യായ സംഹിത 318(4), 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
ഉപദേശകനായി ആനന്ദ് കുമാര്‍ ക്ഷണിച്ചു. ചാരിറ്റി സംഘടനയായതിനാല്‍ ക്ഷണം സ്വീകരിച്ചു. സ്‌കൂട്ടറിനായി പണം പിരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഉപദേശക സ്ഥാനത്ത് നിന്നും തന്റെ പേര് നീക്കണണെന്ന് ആനന്ദ് കുമാറിനോട് പറഞ്ഞിരുന്നുവെന്നുമാണ് സി എന്‍ രാമചന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു.
നാളിതുവരെ ഒരു ഉപദേശവും നല്‍കിയിട്ടില്ല. എന്‍ജിഒ ഫെഡറേഷന്റെ രണ്ട് പൊതുയോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പ്രതി അനന്തുകൃഷ്ണനാണ് രണ്ടിലും സ്വാഗതം പറഞ്ഞത്. വിരമിച്ച ജഡ്ജിയെ ഉപദേശകനാക്കി വിശ്വാസ്യത നേടാമെന്ന് തട്ടിപ്പുസംഘം കരുതിയിട്ടുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
അനന്തു കൃഷ്ണനുമായി ഒരു ബന്ധവുമില്ല. സായിഗ്രാം ഡയറക്ടര്‍ ആനന്ദകുമാറുമായി പരിചയമുണ്ട്. കോണ്‍ഫെഡറേഷനുമായുള്ള ബന്ധം 2024 ല്‍ അവസാനിപ്പിച്ചിരുന്നു. ഉപദേഷ്ടാവ് ആയിരുന്നു. പണം പിരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് ബന്ധം ഉപേക്ഷിച്ചത്. പൊലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പ്രതികരിച്ചു.
പാതി വില തട്ടിപ്പില്‍ റിട്ടേര്‍ഡ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രനെതിരെ പെരിന്തല്‍മ്മണ്ണ പൊലീസാണ് കേസെടുത്തത്. വലമ്പൂര്‍ സ്വദേശി ഡാനിമോന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. ഡാനിമോന്‍ പ്രസിഡണ്ടായ കെഎസ്എസ് അങ്ങാടിപ്പുറം എന്ന ഏജന്‍സിയിലൂടെ 34 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
2024 ഏപ്രില്‍ മുതല്‍ നവംബര്‍ മാസം വരെ പല തവണകളായി പണം തട്ടിച്ചെന്നാണ് പരാതി. നാഷണല്‍ എന്‍ജിഒ കോണ്‍ഫഡറേഷന്‍ മലപ്പുറം രക്ഷാധികാരിയെന്ന പേരിലാണ് സി.എന്‍ രാമചന്ദ്രന്‍ നായരെ കേസില്‍ മൂന്നാം പ്രതിയാക്കിയത്. കേസില്‍ സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ അനന്തകുമാര്‍ ഒന്നാം പ്രതിയും അനന്തു കൃഷ്ണനെ രണ്ടാം പ്രതിയുമാണ്.