ഇത്തരത്തിലുള്ള മാനസിക രോഗികളാണോ പിണറായി വിജയന്‍, നിങ്ങളുടെ ഫോഴ്സിലുള്ളത്? ഇവനെയൊക്കെ സേനയില്‍ വെക്കാതെ തത്സമയം പിരിച്ചുവിടണം; മഞ്ചേരിയില്‍ കറന്‍സി വാഹന ഡ്രൈവറുടെ കരണത്തടിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് കമാല്‍പാഷ; ശിക്ഷയെന്ന പേരില്‍ അയാള്‍ക്ക് നല്‍കിയത് സൗകര്യമാണെന്നും വിമര്‍ശനം

മഞ്ചേരിയില്‍ കറന്‍സി വാഹന ഡ്രൈവറുടെ കരണത്തടിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് കമാല്‍പാഷ

Update: 2025-08-06 16:44 GMT

തിരുവനന്തപുരം: മഞ്ചേരിയില്‍ വാഹനപരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍ യുവാവിന്റെ മുഖത്തടിച്ച സംഭവത്തില്‍ ആഭ്യന്തരവകുപ്പിനും ഉദ്യോഗസ്ഥനും എതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് കമാല്‍ പാഷ. ഉദ്യോഗസ്ഥന്റെ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ജസ്റ്റിസ് അയാള്‍ക്കെതിരെ ഉണ്ടായ നടപടിയെയും പരിഹസിച്ചു. ഇത്തരത്തിലുള്ള മനോരോഗികളാണോ സംസ്ഥാന പോലീസ് സേനയിലുള്ളതെന്ന് ചോദിച്ച അദ്ദേഹം ഇത്തരക്കാരെ തത്സമയം സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു.

മലപ്പുറം പൈത്തിനിപ്പറമ്പ് സ്വദേശി ചപ്പങ്ങക്കാട്ടില്‍ ജാഫറാണ് മഞ്ചേരി ട്രാഫിക് യൂണിറ്റിലെ ഡ്രൈവര്‍ നൗഷാദിന്റെ മര്‍ദ്ദനത്തിന് ഇരയായത്. പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് ഇടയിലാണ് മര്‍ദ്ദനം. താന്‍ കൂലിപ്പണിക്കാരന്‍ ആണന്നും പിഴത്തുക കുറയ്ക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മുഖത്തടിച്ചു എന്നായിരുന്നു ജാഫറിന്റെ പരാതി. ദിവസം അഞ്ഞുറുരുപ വരുമാനമുള്ളവനോട് അഞ്ഞുറുരൂപ ഫൈന്‍ അടയ്ക്കാന്‍ പറയുന്നത് തന്നെ മനുഷ്യത്വരഹിതമായ കാര്യമാണ്. അയാള്‍ ഡ്രൈവ് ചെയ്യുമ്പോള്‍ കാക്കി ഇട്ടില്ലെന്നത് സത്യമാണ്. അതിന് പിഴ ഈടാക്കി വിടുന്നതിന് പകരം മര്‍ദ്ദിക്കുന്നത് എന്തിനാണെന്നും ജസ്റ്റീസ് ചോദിക്കുന്നു.

ഇതാണോ ശ്രീ പിണറായി വിജയന്‍ നിങ്ങളുടെയൊക്കെ പോലീസെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. നിങ്ങള്‍ ഇത് കണ്ണുതുറന്നു കാണണം. ഇത് ജനങ്ങളുടെ കണ്ണീരാണ്. കാക്കി ഇടാന്‍ പറ്റാത്തതിന്റെ കാരണം ജാഫര്‍ വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ അതൊന്നും കേള്‍ക്കാന്‍ തയ്യാറാകാതെ ഒരു പ്രകോപനവുമില്ലാതെയാണ് അയാളെ മര്‍ദ്ദിക്കുന്നത്. മാത്രമല്ല ഈ കറന്‍സികൊണ്ടുപോകുന്ന വാഹനം നിര്‍ത്തിയിട്ട് ഡ്രൈവര്‍ പുറത്തിറങ്ങാന്‍ പാടില്ലെന്ന് നിയമമുള്ളതാണ്. അതൊന്നും അറിയാന്‍ വയ്യാത്തവരല്ലലോ പോലീസിലുള്ളത്. ഇതേപോലെ മാനസികരോഗികളാണോ പോലീസിലുള്ളത്. ഏവരും ചിന്തിക്കേണ്ട കാര്യമാണ്. ഈ നൗഷാദിനെപ്പോലെയുള്ള മാനസികരോഗികളെയാണോ പോലീസില്‍ വെക്കേണ്ടത്. ഇവനെയൊക്കെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണം. അതാണ് ആദ്യം ചെയ്യേണ്ടതെന്നും ജസ്റ്റിസ് വ്യക്തമാക്കുന്നു.

അവന്‍ പാവമായതുകൊണ്ടും ചോദിക്കാനും പറയാനും ആളില്ലാത്തത് കൊണ്ടുമാണ് ഉന്നതഉദ്യോഗസ്ഥനെ അടുത്തുകൊണ്ട് ചെന്നിട്ട് അവനെക്കൊണ്ട് തന്നെ പരാതിയില്ലെന്ന് എഴുതി വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സ്ഥലം മാറ്റിയതിനെയും ജസ്റ്റീസ് പരിഹസിച്ചു. ഇത്രയും മനുഷത്വരഹിതമായി പെരുമാറിയ ഉദ്യോഗസ്ഥന് വലിയ ശിക്ഷയാണ് നല്‍കിയത്. സത്യത്തില്‍ ഈ ശിക്ഷ അവനെ സഹായിക്കുകയാണ് ചെയ്യുന്നത്. ട്രാഫിക്കിലെ വെയിലിലും മഴയിലും നിന്നം മാറ്റി കുറച്ചുകൂടി സുരക്ഷിതമായ സ്ഥലത്തേക്ക് അയാളേ നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാഹനപരിശോധനക്കിടെ കനറാ ബാങ്ക് എടിഎമ്മിലേക്ക് പണവുമായി പോകുകയായിരുന്ന വാനിലെ ഡ്രൈവറെയാണ് ക്രൂരമായി മര്‍ദിച്ച് പോലീസുകാരന്‍. മലപ്പുറം വാറങ്ങോട് ചപ്പങ്ങക്കാട്ടില്‍ ജാഫറിനാണ് മര്‍ദനമേറ്റത്. സംഭവത്തെത്തുടര്‍ന്ന് മഞ്ചേരി ട്രാഫിക് യൂണിറ്റിലെ പോലീസ് ഡ്രൈവര്‍ നൗഷാദിനെ മലപ്പുറം ആംഡ് ഫോഴ്സ് ആസ്ഥാനത്തേക്ക് താത്കാലികമായി സ്ഥലംമാറ്റി.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ കച്ചേരിപ്പടി ബഡ്ജറ്റ് സൂപ്പര്‍ മാര്‍ക്കറ്റിനു സമീപത്തുവെച്ചായിരുന്നു സംഭവം.

പോലീസ് കൈകാണിച്ചപ്പോള്‍ ജാഫര്‍ വാഹനത്തില്‍നിന്ന് ഇറങ്ങിവന്നു.കാക്കി യൂണിഫോം ധരിച്ചില്ലെന്ന കാരണത്താല്‍ ഇയാള്‍ക്ക് പോലീസ് 500 രൂപ ഫൈന്‍ അടിച്ചുകൊടുത്തു.250 രൂപ പിഴയടയ്ക്കാമെന്നും 500 രൂപ അടയ്ക്കാനാകില്ലെന്നും ജാഫര്‍ പറഞ്ഞതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.തുടര്‍ന്നായിരുന്നു മര്‍ദനം.പോലീസുകാരന്‍ ജാഫറിന്റെ മുഖത്ത് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു.

പിന്നാലെ പോലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്ന രീതിയിലുള്ള പ്രവൃത്തിയായതിനാല്‍ പോലീസ് രഹസ്യാന്വേഷണവിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയിരുന്നു.തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് പോലീസുകാരനെ സ്ഥലംമാറ്റിയത്.സംഭവത്തിനുശേഷം ജാഫറിനെ പോലീസ് ജീപ്പിലേക്ക് വലിച്ചുകയറ്റി സ്റ്റേഷനില്‍ കൊണ്ടുപോയി പോലീസ് ഭീഷണിപ്പെടുത്തുകയും പരാതിയില്ലെന്ന് എഴുതി വാങ്ങിച്ചതായും അടിയേറ്റ് ചെവിയുടെ ഭാഗത്ത് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജാഫര്‍ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയതായും ജാഫറിന്റെ സഹോദരന്‍ പറഞ്ഞു .

മര്‍ദിച്ച പോലീസുകാരനെതിരേ നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും യുവജന കമ്മിഷനും പരാതി നല്‍കിയതായും സഹോദരന്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News