ദേവസ്വം ബോര്‍ഡില്‍ പേഴ്‌സണല്‍ സ്റ്റാഫായി അഴിമതിക്കാരന്‍; സന്നിധാനത്ത് സദ്യ നല്‍കുമെന്ന പ്രഖ്യാപനം എങ്ങുമെത്തിയില്ല; ദേവസ്വം ബോര്‍ഡില്‍ കാലുറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ മറ്റൊരു പ്രതിസന്ധി; 'ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാറിനെ അയോഗ്യനാക്കണം'; ഹര്‍ജിയുമായി കോടതിയിലെത്തിയത് ബി അശോക്; ആ നിയമനം ചട്ടലംഘനമോ? ഐഎംജി ചുമതല ഒഴിയുമെന്ന് ജയകുമാര്‍
തിരുവനന്തപുരം: സ്വന്തം പേഴ്‌സണല്‍ സ്റ്റാഫിലെ അഴിമതിക്കാരനെ പോലും മാറ്റാന്‍ കഴിയാത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിന് പുതിയ പ്രതിസന്ധി. ശബരിമലയില്‍ ഇനിയും സദ്യ തുടങ്ങാനായിട്ടില്ല. ശൗചാലയങ്ങളും വൃത്തിഹീനം. മതിയായ പിന്തുണ കെ ജയകുമാറിന് സര്‍ക്കാരോ ദേവസ്വം ജീവനക്കാരോ നല്‍കുന്നില്ല. ഇതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാറിനെതിരെ ഹര്‍ജിയും വരുന്നു. സര്‍ക്കാര്‍ ശമ്പളം പറ്റുന്നയാള്‍ പദവിക്ക് അയോഗ്യനാണെന്നും അയോഗ്യനായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഡോ.ബി. അശോക് ഐഎഎസ് ആണ് കോടതിയെ സമീപിച്ചത്. ഹര്‍ജി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചു. താന്‍ ഉടന്‍ ഐഎംജിയിലെ സ്ഥാനം രാജിവയ്ക്കുമെന്ന് ജയകുമാര്‍ പറയുന്നത്. ഐഎംജിയെന്നാണ് അട്ടോണമസ് ബോഡിയാണെന്നും ജയകുമാര്‍ പറഞ്ഞു. ഐഎംജി പദവിയില്‍ തുടരുന്നിടത്തോളം ദേവസ്വം ബോര്‍ഡില്‍ നിന്നും ശമ്പളം വാങ്ങില്ലെന്നും ജയകുമാര്‍ പറഞ്ഞു.
എതിര്‍കക്ഷികളായ കെ.ജയകുമാര്‍ ഐഎഎസ് (റിട്ട), തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി, റവന്യു (ദേവസ്വം) സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറി, ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് സെക്രട്ടറി എന്നിവര്‍ 2026 ജനുവരി 15ന് കോടതിയില്‍ ഹാജരാകാന്‍ ജില്ലാ കോടതി നോട്ടിസ് അയച്ചു. തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമത സ്ഥാപനങ്ങള്‍ നിയമ പ്രകാരം നിയമിതനായ ജയകുമാര്‍ നിയമത്തിലെ 7(iii) വകുപ്പ് പ്രകാരം അയോഗ്യനായി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. വകുപ്പ് പ്രകാരം സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമോ പ്രസിഡന്റോ ആകുന്നതിന് അയോഗ്യത പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് വാദം. ഇത് കോടതി അംഗീകരിച്ചാല്‍ ജയകുമാറിന് രാജിവയ്‌ക്കേണ്ടി വരും.
2012 ല്‍ കഅട നിന്ന് വിരമിച്ച കെ. ജയകുമാര്‍ നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആണ്. ആ പദവിയിലെ നിയമനം ഐഎഎസ് കേഡര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും നീക്കം ചെയ്യണം എന്നുമുള്ള ഐഎഎസ് അസോസിയേഷന്‍ ഹര്‍ജി കഴിഞ്ഞ ദിവസം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധി പറയാന്‍ മാറ്റിയിരുന്നു. ദേവസ്വം ബോര്‍ഡ് അംഗമായും പ്രസിഡന്റായും നിയമിതനായപ്പോഴും, സത്യപ്രതിജ്ഞ ചെയ്ത് ചാര്‍ജ് ഏറ്റെടുത്തപ്പോഴും, തുടര്‍ന്ന് ഇപ്പോഴും കെ.ജയകുമാര്‍ സര്‍ക്കാര്‍ പദവി വഹിച്ച് ശമ്പളം പറ്റുന്ന തെളിവുകള്‍ നിരത്തിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. സര്‍ക്കാറിന്റെ കീഴില്‍ കേവലം അധികച്ചുമതലയായി കാണാനാവുന്ന ഒന്നല്ല ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പദവിയെന്നും വാദമുണ്ട്. ഹര്‍ജികക്ഷിക്ക് വേണ്ടി അഡ്വ ബോറിസ് പോള്‍, അഡ്വ സാജന്‍ സേവ്യര്‍ എന്നിവര്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹാജരായി.
നവംബര്‍ 14നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ സ്ഥാനമേറ്റത്. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം അഞ്ചു വര്‍ഷം മലയാളം സര്‍വകലാശാലയുടെ വിസിയായിരുന്നു. ഐഎംജി ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമനം ലഭിച്ചത്. ദേവസ്വം പ്രസിഡന്റായ ശേഷം ഉടന്‍ സന്നിധാനത്ത് സദ്യ കൊടുക്കുമെന്ന് ജയകുമാര്‍ പ്രഖ്യാപിച്ചു. ഇതിനൊപ്പം നിയമപരമല്ലാത്ത ചില ഉത്തരവുകളും ഇറക്കി. ഇതിനിടെ ദേവസ്വം ബോര്‍ഡിലെ മറ്റ് രണ്ട് അംഗങ്ങള്‍ പ്രതിഷേധവുമായി എത്തുകയും ചെയ്തു. അങ്ങനെ സദ്യ ഇനിയും നടന്നിട്ടില്ല. ഇതിനിടെയാണ് പുതിയ വിവാദം. ഇതോടെ കോടതി വിധി എന്താകുമെന്നത് നിര്‍ണ്ണായകമായി. നിയമങ്ങളും ചട്ടങ്ങളും നോക്കാതെയാണ് ജയകുമാറിനെ ദേവസ്വം പ്രസിഡന്റാക്കിയതെന്ന വാദം സജീവമാകുകയാണ് ഇതോടെ.
ഐ.എം.ജി. ഡയറക്ടര്‍ ജനറല്‍ പദവിയില്‍ കെ. ജയകുമാറിനെ നിയമിച്ചതിനെതിരെ ഐ.എ.എസ്. അസോസിയേഷന്‍ നല്‍കിയ കേസില്‍ ജയകുമാറിനും സര്‍ക്കാരിനും എതിരായി വിധി വരുമെന്ന് ഉറപ്പായപ്പോള്‍, നിലവിലെ പദവി നഷ്ടപ്പെടാതിരിക്കാന്‍ അദ്ദേഹം ശബരിമല വിഷയ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ വെള്ളപൂശിക്കൊണ്ട് ഒരു ഇന്റര്‍വ്യൂ കൊടുക്കുകയും, അതിനു പകരമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദവി ഉറപ്പിക്കുകയുമായിരുന്നുവെന്ന വാദം സജീവമാണ്.
