ഷോപ്പിംഗ് കോംപ്ലെക്‌സ് പണിയാം എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് ദക്ഷിണാഫ്രിക്കയിലും ലണ്ടനിലും ഡോക്ടര്‍മാരായ സഹോദരങ്ങള്‍; തനിക്ക് വേണ്ടി പണം മുടക്കിയതു സഹോദരങ്ങള്‍; വസ്തുവില്‍ ഉടമസ്ഥാവകാശം തനിക്കും വന്നത് ഇങ്ങനെ; മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിനോടൊപ്പം ജോയിന്റ് ബാങ്ക് അക്കൗണ്ടിലെ വിവരങ്ങളും പുറത്തുവിട്ട് കെ എം എബ്രഹാം

ജോയിന്റ് ബാങ്ക് അക്കൗണ്ടിലെ വിവരങ്ങളും പുറത്തുവിട്ട് കെ എം എബ്രഹാം

Update: 2025-04-16 15:46 GMT

തിരുവനന്തപുരം: കിഫ്ബി സിഇഒ കെ എം എബ്രഹാമിനെ സംരക്ഷിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. കെ എം എബ്രഹാമിനെതിരെ നിയമപരമായ പോരാട്ടത്തിന്റെ ഒരു ഘട്ടം കൂടിയെത്തുമ്പോള്‍ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ എം എബ്രഹാം കത്ത് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിമ മാധ്യമങ്ങളോട് പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണ ചുമതല സിബിഐ കൊച്ചി യൂണിറ്റിന് കൈമാറിയ കോടതി കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് എത്രയും വേഗം സിബിഐ സംഘത്തിന് കൈമാറണമെന്നും നിര്‍ദേശിച്ചിരുന്നു. പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

അതേസമയം തനിക്കെതിരെയുള്ള സിബിഐ അന്വേഷണ ഉത്തരവില്‍ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിനോടൊപ്പം ജോയിന്റ് ബാങ്ക് അക്കൗണ്ടിലെ വിവരങ്ങളും പങ്കുവെച്ചിട്ടുണ്ട് കിഫ്ബി സിഇഒ കെഎം എബ്രഹാം. 2012 മുതല്‍ 2016 വരെയുള്ള അക്കൗണ്ട് വിവരങ്ങളാണ് പുറത്തുവിട്ടത്. വിവാദമായ ഷോപ്പിംഗ് കോംപ്ലക്‌സിനെ കുറിച്ചും കെ എം എബ്രഹാം വ്യക്തമാക്കിയിട്ടുണ്ട.

'കെ എം എബ്രഹാം ഉള്‍പ്പെടെ നാല് മക്കളാണ് മാതാപിതാക്കള്‍ക്കുള്ളത്. കൊല്ലം കടപ്പാക്കടയില്‍ ഇതില്‍ കെ എം എബ്രഹാം ഉള്‍പ്പെടെ മൂന്നു പേരുടെ പേരിലുള്ള വസ്തുവില്‍ ആണ് പരാതിയില്‍ പറയുന്ന കെട്ടിടം പണിഞ്ഞിട്ടുള്ളത്. ദക്ഷിണാഫ്രിക്കയിലും ലണ്ടനിലും ഡോക്ടര്‍മാരായ കെഎം എബ്രഹാമിന്റെ സഹോദരന്‍മാരാണ് ആ വസ്തുവിലെ കെട്ടിടം പൊളിച്ചിട്ട് ഷോപ്പിങ് കോംപ്ലക്സ് പണിയാം എന്ന നിര്‍ദേശം മുന്നോട്ട് വച്ചത്.എന്നാല്‍ ആ സമയത്ത് സാമ്പത്തികമായി ഭദ്രമായ സ്ഥിതിയില്‍ അല്ലാത്തതിനാല്‍ കെ.എം.എബ്രാഹമിന് പണം മുടക്കാന്‍ കഴിഞ്ഞിരുന്നില്ല.

അതിനാല്‍ അദ്ദേഹത്തിന്റെ കൂടി സമ്മതത്തോടെ അമേരിക്കയിലുള്ള സഹോദരന്‍മാര്‍ അതിനുള്ള തുക മുടക്കുകയായിരുന്നു. വസ്തു മൂന്ന് പേരുടെയും പേരിലായിരുന്നത് കൊണ്ട് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തിലും സഹോദരന്‍മാര്‍ക്കൊപ്പം കെ എം എബ്രഹാമിന്റെ പേരും വരിയായിരുന്നു.ഇതിനുള്ള പണം കെ എം എബ്രഹാമിന്റെ അമ്മയുടെയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ആയിരുന്നു.

ഈ അക്കൗണ്ടിലെ 2012 മുതല്‍ 2016 വരെയുള്ള ഏല്ലാ ഇടപാടുകളുടെയും വിശദാംശങ്ങള്‍ അടങ്ങിയ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിനൊപ്പം കെഎം എബ്രഹാം പുറത്തുവിട്ടിട്ടുണ്ട്. സംശയാസ്പദമായ ഒരിടപാടുകള്‍ പോലും എടുത്തുപറയാനില്ലാതെ അക്കൗണ്ടിന്റെ പേരില്‍ തന്നെ ഇരുട്ടത്ത് നിര്‍ത്താനാണ് ശ്രമമെ'ന്നാണ് കിഫ്ബി ജീവനക്കാര്‍ക്കുള്ള സന്ദേശത്തില്‍ കെ എം എബ്രഹാം വ്യക്തമാക്കിയിരുന്നു.

കോളജ് പ്രഫസര്‍മാരായിരുന്ന കെ എം എബ്രഹാമിന്റെ മാതാപിതാക്കള്‍ റിട്ടയര്‍മെന്റിന് ശേഷം അദ്ദേഹത്തോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. വിദേശത്തുള്ള സഹോദരന്‍മാര്‍ സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ ആയിരുന്നതിനാല്‍ മാതാപിതാക്കളുടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളില്‍ ഒരു വിഹിതം കെ എം എബ്രഹാമിന്റെ ലോണ്‍ തിരിച്ചടവ് ഉള്‍പ്പെടെയുള്ള സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുന്നതിനായി അവര്‍ നല്‍കുകയായിരുന്നു എന്നതാണ് യാഥാര്‍ഥ്യമെന്നും കെ എം എബ്രഹാം പറയുന്നു.

സെബിയില്‍ പൂര്‍ണസമയ അംഗം ആയിരുന്ന സമയത്ത് ആണ് കെ എം എബ്രഹാം മുംബൈയില്‍ ഫ്ളാറ്റ് വാങ്ങുന്നത്. അതിന്റെ ലോണ്‍ ഇപ്പോഴും അടച്ചുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് ഐഎഎസ് കാര്‍ക്കായുള്ള ഭവനപദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് കെ എം എബ്രഹാം വാങ്ങിയ മില്ലനിയം ഫ്ളാറ്റ്. വാങ്ങുമ്പോള്‍ മുപ്പത് ലക്ഷം മാത്രമാണ് വിലയുണ്ടായിരുന്നത്. ഇത്തരം പരാതികള്‍ വരുമ്പോള്‍ ഫ്ളാറ്റിന്റേതോ മറ്റേതെങ്കിലും പ്രോപ്പര്‍ട്ടിയുടേതോ ആകട്ടെ അത് വാങ്ങിയസമയത്തെ വിലയാണ് പരിഗണിക്കേണ്ടത് എന്നതാണ് പൊതുനീതിയെന്നും വാദിക്കുന്നു.

അഴിമതി പുറത്തുകൊണ്ടുവന്നതിന് പ്രതികാരമായി തന്നെ അകീര്‍ത്തിപ്പെടുത്താനായിരുന്നു ഗൂഡാലോചന. ഈ ഗൂഢാലോചന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിപ്പിക്കണം. പരാതിക്കാരന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ ഗൂഢാലോചന നടത്തി. ജോമോനോടൊപ്പം രണ്ടുപേര്‍ക്ക് കൂടി ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും എബ്രഹാം പറഞ്ഞിരുന്നു. താന്‍ ധനവകുപ്പ് സെക്രട്ടറി ആയിരിക്കെ അഴിമതി കണ്ടെത്തിയ പൊതുമേഖല സ്ഥാപനത്തിന്റെ തലപ്പത്ത് ഉണ്ടായിരുന്നവരാണ് മറ്റ് രണ്ട് പേര്‍. 2015മുതല്‍ ഗൂഢാലോചന നടത്തി. മൂന്ന് പേരും സംസാരിച്ചതിന്റെ കോള്‍ റെക്കോര്‍ഡ് രേഖ തന്റെ പക്കല്‍ ഉണ്ടെന്നും എബ്രഹാം പറഞ്ഞു.

തനിക്ക് എതിരായ നീക്കങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ അപകീര്‍ത്തിപ്പെടുത്താനാണ്. ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും എബ്രഹാം പറഞ്ഞു.

Tags:    

Similar News