കെ പി മോഹനന്‍ എംഎല്‍എയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ 20 ഓളം പേര്‍ക്കെതിരെ കേസ്; പരാതിയില്ലെന്ന് എംഎല്‍എ പറഞ്ഞെങ്കിലും സ്വമേധയാ കേസെടുത്തത് ചൊക്ലി പോലീസ്; സംഘം ചേര്‍ന്ന് തടഞ്ഞുവെച്ചു എന്ന കുറ്റം ചുമത്തി

കെ പി മോഹനന്‍ എംഎല്‍എയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ 20 ഓളം പേര്‍ക്കെതിരെ കേസ്;

Update: 2025-10-02 15:23 GMT

കണ്ണൂര്‍: കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ 20 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചൊക്ലി പൊലീസാണ് സ്വമേധയാ കേസെടുത്തത്. സംഘം ചേര്‍ന്ന് തടഞ്ഞുവെച്ചു എന്ന കുറ്റമാണ് ചുമത്തിയത്. അതേസമയം പരാതി നല്‍കാന്‍ ഇല്ലെന്ന നിലപാടാണ് കെ പി മോഹനന്‍ എംഎല്‍എ സ്വീകരിച്ചത്.

എന്നാല്‍, പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. പെരിങ്ങത്തൂര്‍ കരിയാട് വെച്ചാണ് സംഭവം ഉണ്ടായത്. മാലിന്യ പ്രശ്‌നം പരിഹരിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധിച്ചാണ് നാട്ടുകാര്‍ കയ്യേറ്റം ചെയ്തത്. പ്രതിഷേധക്കാര്‍ക്കിടയിലൂടെ എംഎല്‍എ നടന്ന് പോയപ്പോഴായിരുന്നു കയ്യേറ്റം. പെരിങ്ങത്തൂരില്‍ അങ്കണവാടി ഉദ്ഘാടനത്തിനായാണ് കെ പി മോഹനന്‍ എംഎല്‍എ എത്തിയത്.

മാസങ്ങളായി ഈ പ്രദേശത്ത് ഒരു ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടുത്തെ മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്‌നം ഉന്നയിച്ചുകൊണ്ട് നാട്ടുകാര്‍ പ്രതിഷേധം നടത്തിവരികയായിരുന്നു. ഇത്തരമൊരു പ്രശ്‌നം നാട്ടുകാര്‍ അറിയിച്ചിട്ടും പ്രതിഷേധത്തെ വേണ്ടവിധം എംഎല്‍എ പരിഗണിച്ചില്ല എന്നതാണ് കയ്യേറ്റത്തിലേക്ക് നയിച്ചത്. എംഎല്‍എ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നത്. ഒപ്പം പാര്‍ട്ടിക്കാരോ മറ്റോ ഉണ്ടായിരുന്നില്ല. പ്രകോപിതരായ പ്രതിഷേധക്കാര്‍ എംഎല്‍എയെ പിടിച്ചു തള്ളുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. വലിയ വാക്കേറ്റവും ഉണ്ടായി.

നാട്ടുകാര്‍ പ്രതിഷേധിച്ച രീതി ശരിയായില്ലെന്ന് എംഎല്‍എ പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മാത്രമാണ് മാലിന്യ പ്രശ്‌നം തന്നെ അറിയിച്ചതെന്നും പ്രതിഷേധിച്ചവര്‍ക്കെതിരെ പരാതിയില്ല, ജനപ്രതിനിധിയെ തടഞ്ഞുവച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News