സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍; കണക്ഷനെടുക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം; ആരോഗ്യവകുപ്പിന് 3.86 കോടിയുടെ ക്വട്ടേഷന്‍; ഫണ്ട് കണ്ടെത്തേണ്ടത് മറ്റു വഴിക്ക്: വഴിയാധാരമാകുമെന്ന് ജീവനക്കാര്‍

Update: 2024-10-22 07:44 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം കെ-ഫോണ്‍ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ഓഫീസുകളില്‍ സ്ഥാപിക്കാന്‍ ഉത്തരവ്. ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളിലും ഓഫീസുകളിലും കെ-ഫോണ്‍ കണക്ഷന്‍ എടുക്കാനുള്ള ഉത്തരവ് കഴിഞ്ഞ 15 ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ പുറത്തിറക്കി. ഇതിന് ഫണ്ട് കണ്ടെത്തേണ്ടത് ആശുപത്രി മാനേജ്മെന്റ് കമ്മറ്റി/ആശുപത്രി ഡവലപ്മെന്റ് കമ്മറ്റി/എന്‍എച്ച്എം/തദ്ദേശസ്ഥാപനങ്ങള്‍ വഴി ലഭ്യമായ തുകയില്‍ നിന്ന് എടുക്കാനാണ് പറഞ്ഞിരിക്കുന്നത്. ഇതിനായി 3.86 കോടിയുടെ ക്വട്ടേഷനാണ് ആരോഗ്യവകുപ്പിന് കെ-ഫോണ്‍ അധികൃതര്‍ നല്‍കിയിട്ടുള്ളത്. വിവിധ പ്ലാനുകളാണ് ഓരോ ഓഫീസുകള്‍ക്കും നിശ്ചയിച്ചു നല്‍കിയിട്ടുള്ളത്.

ഫോണ്‍ കണക്ഷന്‍ എടുക്കാനുള്ള തുകയില്‍ പകുതി മുന്‍കുറായി ഒടുക്കണം. പുതുതായി ഇ-ഹെല്‍ത്ത് സംവിധാനം ആരംഭിക്കുന്നവരും നിലവില്‍ ഉള്ളവരും കെ-ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉടന്‍ എടുക്കണമെന്ന് ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. ബില്ലുകള്‍ അതത് സ്ഥാപന മേധാവികളുടെ പേരില്‍ ലഭ്യമാക്കും. എല്ലാ സ്ഥാപനങ്ങള്‍ക്കും വണ്‍ടൈം ചാര്‍ജ് 2500 രൂപയാണ്. ആനുവല്‍ റെക്കറിങ് ചാര്‍ജ് എന്ന പേരില്‍ വലിയ തുക ഈടാക്കുന്നുണ്ട്. അതിപ്രകാരം.

പിഎച്ച്സി, ഫാമലി ഹെല്‍ത്ത് സെന്ററുകള്‍ ആക്കി മാറ്റിയിട്ടുള്ള സി.എച്ച്സി: 5999.

ജില്ലാ/ജനറല്‍ ആശുപത്രികള്‍: 14999.

ജില്ലാ ടി.ബിസെന്റര്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി: 7999.

മാനസികാരോഗ്യ കേന്ദ്രങ്ങള്‍: 7999.

പരിശീലന കേന്ദ്രങ്ങള്‍, പ്ബല്‍ക് ഹെല്‍ത്ത് ലാബ്, ഡിസ്ട്രിക്ട് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്സ്: 7999.

നഴ്സിങ. സ്‌കൂള്‍: 14999.

താലൂക്ക്/താലൂക്കാസ്ഥാന ആശുപത്രികള്‍: 7999.

ഡിഎംഓഎച്ച്എസ്, ഓഫ്സെറ്റ് പ്രസ്: വണ്‍ടൈം ചാര്‍ജ് 5000, ആനുവല്‍ റെക്കറിങ് ചാര്‍ജ് 31999.

കെ-ഫോണ്‍ എടുക്കുമ്പോള്‍ നിലവിലുള്ള ബിഎസ്എന്‍എല്‍ കണക്ഷന്‍ റദ്ദാക്കേണ്ടി വരും. കെ-ഫോണ്‍ സേവനം പലയിടത്തും ശരിക്ക് കിട്ടുന്നില്ല. നിലവില്‍ കെ-ഫോണ്‍ എടുത്ത ഓഫീസുകളില്‍ ജോലി ചെയ്യാന്‍ പറ്റുന്നില്ലെന്ന പരാതി വ്യാപകമാണ്. ഏറെ വിവാദത്തിലായ കെ-ഫോണ്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആരോപണം.

Similar News