കെസി വേണുഗോപാല്‍ എംപി ആംബുലന്‍സ് അയച്ചു; വയറ്റില്‍ കത്രിക മറന്നു വെച്ച സംഭവത്തിലെ വീട്ടമ്മയെ തുടര്‍ ചികിത്സയ്ക്കായി അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; വേണ്ടിവന്നാല്‍ ഉടന്‍ ശസ്ത്രക്രിയ നടത്തും: കഴിഞ്ഞ അഞ്ചു വര്‍ഷമായി ഉഷ ജീവിച്ചത് വയറ്റില്‍ കത്രികയുമായി
വയറ്റിൽ കത്രിക കണ്ടെത്തിയ ഉഷയെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ മറന്നുവെച്ച കത്രിക കണ്ടെത്തിയ വീട്ടമ്മയെ തുടര്‍ചികിത്സയ്ക്കായി അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെസി വേണുഗോപാല്‍ എംപിയുടെ അടിയന്തര ഇടപെടലിലാണ് പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിനെ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റിയത്. ഉഷയുടെ ദുരവസ്ഥയറിഞ്ഞ് കെസി വേണുഗോപാല്‍ കുടുംബവുമായി സംസാരിച്ചിരുന്നു. പിന്നാലെ ആംബുലന്‍സ് അയച്ച് ഉഷയ്ക്ക് തുടര്‍ ചികിത്സക്ക് അമൃത ആശുപത്രിയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു.
പുന്നപ്രയിലെ വീട്ടില്‍നിന്ന് ഇന്നലെ രാത്രിയോടെ ഉഷ കൊച്ചിയിലേക്ക് തിരിച്ചു. കെ.സി. വേണുഗോപാല്‍ എംപിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഉഷയ്ക്ക് അമൃതാ ആശുപത്രിയില്‍ ചികിത്സ ഉറപ്പായതെന്നാണ് വിവരം. അമൃതയിലെത്തിച്ച ഉഷയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ചതിന് ശേഷം തുടര്‍ചികിത്സ തീരുമാനിക്കും. വേണ്ടിവന്നാല്‍ ഉടന്‍ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. അമ്പലപ്പുഴ എംഎല്‍എ എച്ച്. സലാം ഉഷയെ വീട്ടിലെത്തി സന്ദര്‍ശിച്ചു. വണ്ടാനത്തേക്ക് പോകാന്‍ തനിക്ക് പേടിയാണെന്ന് വീട്ടില്‍നിന്ന് ഇറങ്ങിയപ്പോള്‍ ഉഷ മാധ്യമങ്ങളോട് പ്രതികരിച്ചു.
വണ്ടാനത്ത് ശസ്ത്രക്രിയ ചെയ്യാന്‍ താത്പര്യമില്ല. പുറത്ത് എവിടെയെങ്കിലും പോയി ചെയ്യണമെന്നും അവര്‍ പറഞ്ഞു. സംഭവം വാര്‍ത്തയായതിന് പിന്നാലെ അന്വേഷണത്തിന് ഡിഎംഇ ഉത്തരവിട്ടു. സംഭവത്തില്‍ ആരോഗ്യവകുപ്പിനെതിരേ കെ.സി. വേണുഗോപാല്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. സിസ്റ്റം സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റബോധഭാരത്താല്‍ പ്രബുദ്ധകേരളത്തിന്റെ ശിരസ് താഴ്ത്തുന്നതാണ് സംഭവമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
കുറ്റക്കാര്‍ക്കെതിരേ നടപടിവേണമെന്ന് എച്ച്. സലാം എംഎല്‍എ ആവശ്യപ്പെട്ടു. 'ആര്‍ക്കും നീതീകരിക്കാന്‍ കഴിയുന്ന സംഭവമല്ല ഉണ്ടായിരിക്കുന്നത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ കര്‍ശനനിലപാട് സ്വീകരിക്കണം. ഗൗരവകരമായ അന്വേഷണം ആരോഗ്യവകുപ്പ് നടത്തണം. സംഭവിക്കാനിടയായ സാഹചര്യം അന്വേഷിച്ച് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഒരു ഡോക്ടര്‍ പിഴവുവരുത്തിയാല്‍, അത് ആശുപത്രിയുടെ ആകെ പിഴവല്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021 മെയ് 5-നാണ് ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ഉഷ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്രക്രിയക്ക് ശേഷം നിരന്തരമായ വയറുവേദന ഉഷയെ അലട്ടിയിരുന്നു. വര്‍ഷങ്ങളോളം വേദനയ്ക്ക് മരുന്ന് കഴിച്ചാണ് ഇവര്‍ മുന്നോട്ട് പോയത്. വേദന കാരണം വീണ്ടും മെഡിക്കല്‍ കോളേജില്‍ സഹായം തേടിയപ്പോള്‍, മൂത്രത്തില്‍ കല്ലാണെന്ന് പറഞ്ഞ് അധികൃതര്‍ ഇവരെ തിരിച്ചയച്ചതായി ഉഷ പറയുന്നു. തുടര്‍ന്ന്, ബുധനാഴ്ച ഒരു സ്വകാര്യ ലാബില്‍ നടത്തിയ എക്‌സ്-റേ പരിശോധനയിലാണ് വയറ്റില്‍ കത്രിക കണ്ടെത്തുന്നത്. സംഭവത്തില്‍ ഉഷയുടെ കുടുംബം അധികൃതര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. വയറ്റില്‍ കണ്ടെത്തിയ കത്രിക പുറത്തെടുക്കാന്‍ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. സംഭവം പുറത്ത് പറയരുതെന്നും ഡോക്ടര്‍മാര്‍ ഉഷയൊട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, വീണ്ടും വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയയാകാന്‍ ഭയമാണെന്ന് ചികിത്സാ പിഴവിന് ഇരയായ ഉഷാ ജോസഫ് പ്രതികരിച്ചു. സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ ചികിത്സാ പിഴവുകളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്ന ഈ സംഭവം വിശദമായ അന്വേഷണം ആവശ്യപ്പെടുന്നു. അവഗണനയുടെ അഞ്ചു വര്‍ഷങ്ങള്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ വേദനയുമായി പലതവണ ഉഷ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ സമീപിച്ചിരുന്നു. എന്നാല്‍ സാധാരണമായ വേദനയാണെന്ന് പറഞ്ഞ് മരുന്നുകള്‍ നല്‍കി തിരിച്ചയയ്ക്കുകയായിരുന്നു. വേദന അസഹനീയമായപ്പോള്‍ വീണ്ടും എത്തിയെങ്കിലും, പരിശോധനകള്‍ക്ക് ശേഷം 'മൂത്രത്തില്‍ കല്ലാണെ'ന്ന വിചിത്രമായ കണ്ടെത്തലാണ് ഡോക്ടര്‍മാര്‍ നടത്തിയത്. യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ശാസ്ത്രീയമായ പരിശോധനകള്‍ നടത്താന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് ഉഷയുടെ ദുരിതം അഞ്ചു വര്‍ഷത്തോളം നീളാന്‍ കാരണമായത്.
