കെ റെയില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ നിലപാട് മാറ്റുന്നു; സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ വിഭാവനം ചെയ്ത് പദ്ധതി വന്ദേഭാരതും ചരക്കുവണ്ടികളും ഓടിക്കാവുന്ന രീതിയില്‍ ബ്രോഡ്‌ഗേജ് ആക്കണമെന്ന് കേന്ദ്രം നിര്‍ദേശം പരിഗണിച്ചേക്കും; കേന്ദ്രാനുമതിക്കായി മാറ്റം വരുത്തുന്നത് പരിഗണനയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

കെ റെയില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ നിലപാട് മാറ്റുന്നു

Update: 2025-10-21 09:25 GMT

കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് പദ്ധതികളില്‍ മാറ്റം വരുത്താന്‍ തയ്യാറായി കേരളാ സര്‍ക്കാര്‍. കെ റെയില്‍ പദ്ധതിയില്‍ മാറ്റം വരുത്തി മുന്നോട്ടുപോവുന്നത് ആലോചനയിലെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. ഈ മാറ്റം ഏതുരീതിയില്‍ വേണമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. തിങ്കളാഴ്ചയും പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെ ഗോവിന്ദന്‍ സമാനമായ നിലപാട് ആവര്‍ത്തിച്ചിരുന്നു. പദ്ധതിക്ക് പുതിയ സമീപനം സ്വീകരിക്കേണ്ടിവരുമെന്നും കേന്ദ്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിലാണ് മാറ്റം ആവശ്യമായിരിക്കുന്നതെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

പദ്ധതിക്ക് പണം തടസമായിരുന്നില്ല, കേന്ദ്ര അംഗീകാരം മാത്രമായിരുന്നു വിഷയം. കേരളത്തിന്റെ അര നൂറ്റാണ്ട് മുന്നില്‍ കണ്ടുളള വികസന പദ്ധതിയായിരുന്നു കെ റെയില്‍ എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ് സില്‍വര്‍ ലൈനിന്റെ ഡി.പി.ആര്‍ കെ റെയില്‍ തയ്യാറാക്കിയിരുന്നത്. എന്നാല്‍, വന്ദേഭാരതും ചരക്കുവണ്ടികളും ഓടിക്കാവുന്ന രീതിയില്‍ ബ്രോഡ്‌ഗേജ് ആക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. ഇത് അംഗീകരിച്ചാല്‍, അതിവേഗ യാത്രക്കായി പ്രത്യേക പാതയെന്ന ലക്ഷ്യം സാധൂകരിക്കപ്പെടില്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്.

എന്നാല്‍, നിലവില്‍ കേരളം ഈ നിലപാട് പുനഃപരിശോധിക്കുന്നുവെന്നാണ് എം.വി. ഗോവിന്ദനടക്കമുള്ളവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മെട്രോ മാന്‍ എന്നറിയപ്പെടുന്ന ഇ ശ്രീധരന്‍ റെയില്‍വേക്ക് കെ റെയിലിന് ബദല്‍ പദ്ധതി സമര്‍പ്പിച്ചിരുന്നു. ഇ ശ്രീധരനും പദ്ധതിയും സ്റ്റാര്‍ഡേര്‍ഡ് ഗേജിലായിരുന്നു പാത വിഭാവനം ചെയ്തിരുന്നത്. മേല്‍പാലങ്ങളിലൂടെയും ടണലുകളിലൂടെയും സഞ്ചരിക്കുന്ന രീതിയിലായിരുന്നു പദ്ധതി വിഭാവനം ചെയ്തത്.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ എന്നതിന് പകരം തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയെന്ന രീതിയില്‍ പാതയെ ചുരുക്കിയായിരുന്നു ശ്രീധരന്റെ പദ്ധതി. ഇത് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹത്തിന് ഇഷ്ടമായെന്നും ശ്രീധരന്‍ അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് എന്ന നിര്‍ദേശത്തില്‍ കേന്ദ്രം വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ലെന്നാണ് വിവരം.

ഇതോടെയാണ് സര്‍ക്കാര്‍ കൂടുതല്‍ വിട്ടുവീഴ്ചക്കൊരുങ്ങുന്നതെന്നും വിവിധ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കേന്ദ്ര നിര്‍ദേശത്തിന് വഴങ്ങിയാല്‍ മറ്റൊരു റെയില്‍ പാതയെന്നതിനപ്പുറം പ്രഖ്യാപിച്ച ഗുണങ്ങളുണ്ടാക്കില്ലെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ സ്ഥലമേറ്റെടുക്കേണ്ടി വരുമെന്നത് വീണ്ടും വെല്ലുവിളിയാവുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

നേരത്തെ റെയില്‍വേ ഭൂമി വിട്ടുകൊടുക്കുന്ന വിഷയത്തില്‍ അടക്കം റെയില്‍വേ കടുംപിടുത്തം കൈക്കൊണ്ടിരുന്നു. സില്‍വര്‍ലൈന്‍ നടപ്പാക്കുമ്പോള്‍ റെയില്‍വേയുടെ ഭൂമി നഷ്ടപ്പെടുമെന്നാണു ദക്ഷിണ റെയില്‍വേയുടെ ആശങ്കയെങ്കില്‍, റെയില്‍വേ ഭൂമി പൂര്‍ണമായി ഒഴിവാക്കി അലൈന്‍മെന്റ് പരിഷ്‌കരിക്കാമെന്നു കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ അറിയിച്ചിരുന്നു. ഡിപിആര്‍ പരിഷ്‌കരിക്കണമെന്ന റെയില്‍വേയുടെ നിര്‍ദേശത്തിനു മറുപടിയായി നല്‍കിയ കത്തിലാണു കെ റെയില്‍ നിലപാട് വ്യക്തമാക്കിയത്. തൃശൂര്‍ മുതല്‍ വടക്കോട്ടാണു റെയില്‍വേ ഭൂമി ഉപയോഗിക്കേണ്ടിവരുന്നത്.

ഈ സാഹചര്യത്തില്‍, തൃശൂര്‍ മുതലുള്ള അലൈന്‍മെന്റില്‍ മാറ്റം വരുത്താമെന്നാണു കെ റെയില്‍ അറിയിച്ചത്. അനുമതി ലഭിക്കുമെങ്കില്‍, ആദ്യഘട്ടം തൃശൂര്‍ വരെയാക്കിയുള്ള നിര്‍മാണത്തിനും കേരളം വഴങ്ങുമെന്നാണു സൂചന. പദ്ധതിക്ക് 3125 കോടിയാണ് റെയില്‍വേയുടെ വിഹിതം. റെയില്‍വേയുടെ 185 ഹെക്ടര്‍ സ്ഥലം പദ്ധതിക്ക് വേണ്ടിവരുന്നതിനാല്‍ ആ ഇനത്തില്‍ 975 കോടി രൂപ കണക്കാക്കിയിട്ടുണ്ട്. ശേഷിച്ച 2150 കോടി റെയില്‍വേ നല്‍കണം. തിരുവനന്തപുരം മുതല്‍ മംഗളൂരു വരെ മൂന്നും നാലും ലൈനുകള്‍ റെയില്‍വേ നിര്‍മിച്ചാല്‍ അതിന്റെ തുക കേന്ദ്രം ചെലവിടേണ്ടിവരുമെന്നും, സില്‍വര്‍ലൈന്‍ പദ്ധതിയാണെങ്കില്‍ കേന്ദ്രസര്‍ക്കാരിനു ചെലവു കുറവാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പിപിപി മാതൃകയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് കണ്ടെത്തുന്ന പദ്ധതിക്കു കേന്ദ്രസര്‍ക്കാര്‍ മുടക്കേണ്ടിവരിക ചെറിയ തുക മാത്രമാണെന്നാണു കെ റെയിലിന്റെ വാദം.

Tags:    

Similar News