നവീന്‍ ബാബു അഴിമതിക്കാരന്‍ ആണെന്ന് കണ്ണൂര്‍ കളക്ടര്‍ മൊഴി നല്‍കിയിട്ടില്ല; റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ ഒരു തെറ്റും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതായി കണ്ടെത്തിയിട്ടില്ല; കളക്ടര്‍ അരുണ്‍ കെ വിജയനുമായി പിണക്കമില്ലെന്നും വ്യക്തമാക്കി മന്ത്രി കെ രാജന്‍
നവീന്‍ ബാബു അഴിമതിക്കാരന്‍ ആണെന്ന് കണ്ണൂര്‍ കളക്ടര്‍ മൊഴി നല്‍കിയിട്ടില്ല
കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബു അഴിമതിക്കാരനല്ലെന്നും അദ്ദേഹത്തിനെതിരെ കളക്ടര്‍ തെറ്റായ മൊഴി നല്‍കിയിട്ടില്ലെന്നും റവന്യൂ മന്ത്രി കെ. രാജന്‍. നവീന്‍ ബാബുവിനെതിരെ ഔദ്യോഗികമായി ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ ഒരു തെറ്റും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതായി കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. എഡിഎമ്മിന്റെ ആത്മഹത്യക്ക് ശേഷം കണ്ണൂരിലെ റവന്യൂ വകുപ്പ് പരിപാടികളില്‍ നിന്ന് വിട്ടുനിന്ന മന്ത്രി, ഏകദേശം പത്ത് മാസങ്ങള്‍ക്ക് ശേഷം കളക്ടറുമായി ഒരു വേദി പങ്കിട്ട സാഹചര്യത്തിലാണ് പ്രതികരണം.
എഡിഎമ്മിന്റെ യാത്രയയപ്പിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ റവന്യൂ മന്ത്രിയെ അറിയിച്ചിരുന്നതായി കളക്ടര്‍ മൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രി ജില്ലയിലെ റവന്യൂ പരിപാടികളില്‍ പങ്കെടുക്കാതിരുന്നത്. കളക്ടറുമായി വേദി പങ്കിടുന്നതില്‍ മന്ത്രിക്ക് അതൃപ്തിയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, നിലവില്‍ കളക്ടറുമായി യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് മന്ത്രി കെ.രാജന്‍ അറിയിച്ചു. റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ ഒരു തെറ്റും ചെയ്തതായി കണ്ടെത്തിയിട്ടുമില്ല. തനിക്കും മുഖ്യമന്ത്രിക്കും ഇക്കാര്യം ബോധ്യപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ദിനത്തില്‍ കളക്ടര്‍ മന്ത്രിയുമായി ഫോണില്‍ സംസാരിച്ചതായി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഈ സംഭാഷണത്തെക്കുറിച്ച് മന്ത്രിയോ കളക്ടറോ നിഷേധിച്ചിരുന്നില്ല. 10 മാസത്തിനുശേഷമാണ് മന്ത്രി കെ രാജനും കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനും ഒരുമിച്ച് വേദി പങ്കിട്ടത്. മാനന്തേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം, കൂത്തു പറമ്പ് നിയോജകമണ്ഡലം പട്ടയമേള എന്നിവയിലായിരുന്നു അത്.
മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച യാത്രയയപ്പ് സമ്മേളനത്തിന് തൊട്ടുപിന്നാലെ നവീന്‍ ബാബു ചേംബറിലേക്ക് എത്തിയെന്നും തനിക്ക് ഒരു തെറ്റ് പറ്റിയെന്ന് പറഞ്ഞതായും ജില്ലാ കലക്ടര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.