പ്രവാസികളുടെ സ്വപ്‌ന സഫലീകരണത്തിന് കേരളം തിരഞ്ഞെടുത്തത് സര്‍വ്വീസിന് കപ്പല്‍ പോലും കണ്ടെത്താന്‍ കഴിയാത്ത ചെന്നൈ കമ്പനിയെ! കെ ഫോണും കെ റെയിലും പോലെ കെ കപ്പലും പ്രതിസന്ധിയില്‍; കുറഞ്ഞ ചെലവില്‍ ദുബായില്‍ നിന്നുള്ള കൊച്ചി കപ്പല്‍ യാത്ര ഏപ്രിലില്‍ തുടങ്ങില്ല

Update: 2025-01-05 04:21 GMT

കൊച്ചി: കെ ഫോണും കെ റെയിലും പോലെ കെ കപ്പലും പ്രതിസന്ധിയില്‍. പ്രവാസി മലയാളികളുടെ സ്വപ്നമായ ഗള്‍ഫിലേക്കുള്ള കപ്പല്‍ സര്‍വീസ് അനിശ്ചിതമായി നീളുന്നു. ചെന്നൈ ആസ്ഥാനമായ കമ്പനിക്കാണ് പ്രാഥമിക അനുമതി നല്‍കിയത്. എന്നാല്‍ ഈ കമ്പനിക്ക് അനുയോജ്യമായ കപ്പല്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ ഏപ്രിലില്‍ കപ്പല്‍ സര്‍വ്വീസ് തുടങ്ങാനാകില്ലെന്ന് വ്യക്തമായി. കൊച്ചിയില്‍നിന്ന് ദുബായിലേക്കുള്ള സര്‍വീസാണ് ആലോചനയിലുള്ളത്. കപ്പല്‍ കണ്ടെത്താനായാല്‍ ഇന്ത്യന്‍ ഷിപ്പിങ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഏപ്രിലില്‍ സര്‍വ്വീസ് തുടങ്ങുക അസാധ്യമാണ്.

കപ്പല്‍ ഗതാഗതരംഗത്ത് മുന്‍പരിചയമുണ്ടായിരുന്ന ചെന്നൈ ആസ്ഥാനമായ കമ്പനിയെയാണ് സര്‍വീസ് നടത്തിപ്പിനായി തിരഞ്ഞെടുത്തത്. സര്‍വീസിന് അനുയോജ്യമായ കപ്പല്‍തേടി വിവിധ രാജ്യങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല. കപ്പല്‍ ലഭിച്ചാല്‍ ഏപ്രിലില്‍ സര്‍വീസ് തുടങ്ങാനാകുമെന്ന് കമ്പനി അധികൃതര്‍ മാരിടൈം ബോര്‍ഡ് അധികൃതരെ അറിയിച്ചിരുന്നു. ഇനി ആ പ്രതീക്ഷ വേണ്ടെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. നിശ്ചിത എണ്ണം യാത്രക്കാര്‍ സര്‍വീസുകളില്‍ ഉണ്ടാകാതിരുന്നാല്‍ കപ്പല്‍ കമ്പനിക്കുണ്ടാകുന്ന നഷ്ടം നികത്താനുള്ള സഹായം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു. ഇതിനിടെയാണ് കപ്പില്‍ കിട്ടാത്ത പ്രതിസന്ധി.

വിമാനയാത്രക്കൂലി വര്‍ധന പ്രവാസികള്‍ക്ക് താങ്ങാവുന്നതിനപ്പുറമായതോടെയാണ് കപ്പല്‍ സര്‍വീസിനായുള്ള നീക്കങ്ങള്‍ തുടങ്ങിയത്. കഴിഞ്ഞവര്‍ഷം കേരള മാരിടൈം ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചു. നാല് കമ്പനികളാണ് രംഗത്തുണ്ടായിരുന്നത്. ഇതില്‍നിന്ന് രണ്ട് കമ്പനികളെ അന്തിമപട്ടികയില്‍പ്പെടുത്തി. കമ്പനികളുടെ പ്രവര്‍ത്തനപശ്ചാത്തലം, മേഖലയിലെ കാര്യക്ഷമത, സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്ന കപ്പലുകളില്‍ യാത്രചെയ്യുന്നതിനും വിശ്രമിക്കുന്നതിനും ലഗേജ് കൊണ്ടുവരുന്നതിനുമുള്ള സൗകര്യങ്ങള്‍, യാത്രയ്ക്കും ചരക്കുകള്‍ കൊണ്ടുവരുന്നതിനുമുള്ള നിരക്ക്, സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്ന സഹായങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും തേടി. അതിന് ശേഷമാണ് ചെന്നൈ കമ്പനിയ്ക്ക് അനുമതി നല്‍കിയത്.

ഗള്‍ഫില്‍നിന്നു യാത്രാക്കപ്പല്‍ സര്‍വീസിനു കൊച്ചി വിമാനത്താവള കമ്പനി (സിയാല്‍) മാതൃകയില്‍ പൊതു-സ്വകാര്യപങ്കാളിത്തത്തില്‍ കമ്പനിയും ആലോചനയില്‍ ഉണ്ട്. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് യാത്രക്കപ്പലില്‍ മൂന്നര ദിവസം യാത്രയുണ്ടാകും. 10,000 രൂപ നിരക്കും. കെ ഷിപ്പ് എന്നാകും പദ്ധതിയുടെ പേരെന്നാണ് പുറത്തു വന്ന സൂചന. സര്‍ക്കാരും കേരള മാരിടൈം ബോര്‍ഡും നോര്‍ക്കയും നിക്ഷേപകരും ചേര്‍ന്നുള്ള ബിസിനസ്സ് മോഡലാണ് ആലോചനയില്‍. മതിയായ യാത്രക്കാരെ കിട്ടുമെന്നാണ് പ്രതീക്ഷ. ഒരു ട്രിപ്പില്‍ 1500 പേരെ കിട്ടുക പ്രയാസമല്ലെന്നാണു പ്രവാസി സംഘടനാ പ്രതിനിധികള്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു.

കപ്പലില്‍ 10,000 രൂപ നിരക്കില്‍ യാത്ര ചെയ്യാമെങ്കില്‍, വിമാന കമ്പനികള്‍ 20,000 മുതല്‍ 60,000 വരെയാണു ഈടാക്കുന്നത്. വിമാനത്തില്‍ 15-30 കിലോഗ്രാം ലഗേജിന്റെ സ്ഥാനത്തു കപ്പലില്‍ 40-50 കിലോ അനുവദിക്കും. മൂന്നര ദിവസം കൊണ്ട് കേരളത്തിലെത്താം. വിനോദ സഞ്ചാരികള്‍ക്കും ഈ കപ്പല്‍ പ്രിയപ്പെട്ടതാകാന്‍ സാധ്യത ഏറെയുണ്ടായിരുന്നു. വിദേശ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളില്‍നിന്ന് വിമാന കമ്പനികള്‍ ഉത്സവ സീസണുകളില്‍ ഭീമമായ തുകയാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണു കപ്പല്‍ സര്‍വീസെന്ന ആശയം കേരളം മുമ്പോട്ടു വച്ചത്. എന്നാല്‍ കപ്പല്‍ കിട്ടുന്നില്ലെന്ന പ്രതിസന്ധി പദ്ധതിയെ ആശങ്കയിലാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടാല്‍ ഇതിന് പരിഹാരം കാണുമെന്നും സൂചനയുണ്ട്.

സംസ്ഥാന തുറമുഖ വകുപ്പിനു കീഴില്‍ 17 തുറമുഖങ്ങളുണ്ട്. ആഴം കൂട്ടിയാല്‍ ഇവിടങ്ങളിലെല്ലാം കപ്പല്‍ അടുപ്പിക്കാനാവും. നിലവില്‍ കൊല്ലവും ബേപ്പൂരും ഗതാഗതയോഗ്യമാണ്. പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളില്‍നിന്ന് വിമാനക്കമ്പനികള്‍ ഉത്സവ സീസണുകളില്‍ ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നതെന്നും തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട ദുരവസ്ഥയാണ് പ്രവാസികള്‍ക്ക് നിലവിലുള്ളതെന്നും കേരളം തിരിച്ചറിയുന്നു. യാത്രാ ഷെഡ്യൂളും നിരക്കും തീരുമാനിച്ചതിന് ശേഷം യാത്രക്കാരെ കണ്ടെത്തുന്നതിനായി നോര്‍ക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുവാനും പദ്ധതിയിട്ടിരുന്നു.

കപ്പല്‍ കണ്ടെത്താനായാല്‍ ഇന്ത്യന്‍ ഷിപ്പിങ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. തുടര്‍ന്നുവേണ്ട സഹായങ്ങള്‍ ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറുമാണ്. മാരിടൈം ബോര്‍ഡ് നടത്തിയ പാസഞ്ചര്‍ സര്‍വേയില്‍ മൂവായിരത്തോളംപേരാണ് കപ്പല്‍ സര്‍വീസ് തുടങ്ങുന്നതിന് അനുകൂലപ്രതികരണം അറിയിച്ചിരുന്നത്.

Tags:    

Similar News