സര്‍ക്കാര്‍ പരിപാടികളില്‍ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വര്‍ഗ്ഗീയ അജണ്ടകള്‍ക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനം; വന്ദേഭാരതിലെ ഗണഗീത വിവാദം: എളമക്കര സരസ്വതി വിദ്യാലയത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി; അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രിയുടെ വിശദീകരണം; സിബിഎസ്ഇ സ്‌കൂളിനെതിരെ കേരളത്തിന് നടപടി എടുക്കാന്‍ കഴിയുമോ?
തിരുവനന്തപുരം: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാര്‍ത്ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും, സംഭവം സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. ആക്ഷേപങ്ങളെ തുടര്‍ന്ന് എക്‌സില്‍നിന്നും ഒഴിവാക്കിയ കുട്ടികളുടെ ഗണഗീത വീഡിയോ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയില്‍വേ നല്‍കുന്നത് വിവാദങ്ങള്‍ക്ക് പുതിയ തലമാണ്. സ്‌കൂള്‍ അധികൃതരുടെ വിശദീകരണം തേടിയാണ് വീണ്ടും വീഡിയോ പങ്കുവയ്ക്കുന്നത്. ഗണഗീതത്തിന് അപ്പുറം ദേശഭക്തിഗാനമാണ് ആ ഗീതം എന്നത് റെയില്‍വേയും അംഗീകരിക്കുന്നു. 'പരമപവിത്രമതാമീ മണ്ണില്‍ ഭാരതാംബിയെ പൂജിക്കാന്‍' എന്ന് തുടങ്ങുന്ന ഈ ഗാനത്തിന്റെ ഇംഗ്ലീഷ് പരിഭാഷയോടുകൂടിയാണ് പോസ്റ്റ് ചെയ്തത്. എളമക്കര സരസ്വതി വിദ്യാലയയിലെ കുട്ടികള്‍ സ്‌കൂളിലെ പാട്ടുപാടി എന്ന അടിക്കുറിപ്പോടുകൂടിയാണ് പോസ്റ്റ്. ഈ വിഷയം സിപിഎം അടക്കമുള്ളവര്‍ ഇനിയും റെയില്‍വേയ്ക്കെതിരെ പ്രചരണമാക്കി മാറ്റും.
സര്‍ക്കാര്‍ പരിപാടികളില്‍ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വര്‍ഗ്ഗീയ അജണ്ടകള്‍ക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. എളമക്കര സരസ്വതി വിദ്യാലയം കേന്ദ്ര സിലബസില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഒരു റോളും അവിടെ ഇല്ല. ഈ സാഹചര്യത്തില്‍ എന്ത് നടപടി എടുക്കുമെന്നത് നിര്‍ണ്ണായകമാണ്. ആദ്യം പാട്ട് ഒഴിവാക്കിയ റെയില്‍വേ, സ്‌കൂള്‍ അധികൃതരോട് വിശദാംശങ്ങള്‍ തേടിയാണ് വീണ്ടും ആ വീഡിയോ പോസ്റ്റ് ചെയ്തത്. സ്‌കൂളില്‍ എല്ലാ ദിവസവും അസംബ്ലിയില്‍ പാടുന്ന ദേശഭക്തിഗാനം ആണെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചതോടുകൂടിയാണ് വീണ്ടും പോസ്റ്റ് ചെയ്തതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. എക്‌സില്‍ വീണ്ടും വീഡിയോ പോസ്റ്റ് ചെയ്തതിന് റെയില്‍വേയോട് എളമക്കര സരസ്വതീവിദ്യാനികേതനിലെ പ്രിന്‍സിപ്പല്‍ നന്ദി അറിയിച്ചു. 'വന്ദേഭാരതിന്റെ ഉദ്ഘാടനയാത്രയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയതിന് റെയില്‍വേ മന്ത്രിക്കും പ്രധാനമന്ത്രിക്കും നന്ദി. പാട്ടിലെ 'പലനിറമെങ്കിലും ഒറ്റമനസ്സായ് വിടര്‍ന്നിടുന്നു മുകുളങ്ങള്‍ ' എന്ന അവസാന വരി രാജ്യത്തിന്റെ നാനാത്വത്തിലുള്ള ഏകത്വത്തിന്റെ കരുത്തും ലയവും വിളിച്ചറിയിക്കുന്നതാണ് '-ഇതാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം.
വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയാത്രയില്‍ സ്‌കൂള്‍കുട്ടികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയത് വിവാദമായിരുന്നു. ദേശഭക്തിഗാനമെന്ന നിലയില്‍ ഇതിന്റെ വീഡിയോ ദക്ഷിണറെയില്‍വേ എക്സിലും ഫെയ്‌സ്ബുക്കിലും പങ്കിട്ടതോടെ വാര്‍ത്തയായി. വ്യാപകപ്രതിഷേധമുയര്‍ന്നതോടെ വീഡിയോ സാമൂഹികമാധ്യമത്തില്‍നിന്ന് റെയില്‍വേ ഒഴിവാക്കി. സംഭവത്തില്‍ പല കോണുകളില്‍നിന്ന് പ്രതിഷേധമുയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധം രേഖപ്പെടുത്തി. ഇതിന് ശേഷമാണ് വീണ്ടും ഗണ ഗീതം റെയില്‍വേ വിശദീകരണത്തോടെ പങ്കുവയ്ക്കുന്നത്. എറണാകുളം ബംഗളൂരു വന്ദേഭാരത് സര്‍വീസിന്റെ ഉദ്ഘാടനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ചത് സംഘപരിവാറിന്റെ വര്‍ഗീയ അജന്‍ഡയുടെ ഭാഗമാണെന്ന് സിപിഎം ലോക്‌സഭ കക്ഷി നേതാവ് കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ദക്ഷിണ റെയില്‍വേ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെ ഇത് പ്രചരിപ്പിച്ചത് സംഘപരിവാര്‍ ആശയത്തിന് കുട പിടിക്കുന്നതിന് തുല്യമാണ്. ബഹുസ്വരതയുടെ പലവര്‍ണങ്ങളില്‍ തിളങ്ങുന്ന ഇന്ത്യയെ കാവി പൂശാന്‍ പതിറ്റാണ്ടുകളായി ശ്രമിക്കുന്ന ആര്‍എസ്എസിന്റെ പുതിയ അടവുകളുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ബെംഗളൂരു വന്ദേഭാരതിന്റെ കന്നിയാത്രയില്‍ ട്രെയിനില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥികള്‍ ഗണഗീതം പാടി മതേതരത്വം തകര്‍ത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടു. കുട്ടികളെക്കൊണ്ട് ചടങ്ങില്‍ ഈ ഗാനം പാടിച്ച ഇന്ത്യന്‍ റെയില്‍വേയുടെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും പിണറായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഈ ഗീതം അങ്ങേയറ്റും രാജ്യസ്നേഹമുണ്ടാക്കുന്നതാണെന്നും ഇതില്‍ രാജ്യത്തിന്റെ ഐക്യത്തെയോ മതേരത്വത്തെയോ നശിപ്പിക്കുന്ന യാതൊന്നും ഇതില്‍ ഇല്ലെന്നും ഗണഗീതം പാടിയ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വിശദീകരിച്ചിരുന്നു. എറണാകുളം-ബംഗളൂരു വന്ദേഭാരത് സര്‍വീസ് ഉദ്ഘാടനത്തിനിടെ സംഘ്പരിവാറിന്റെ വര്‍ഗീയ പ്രചാരണത്തിന് വിദ്യാര്‍ഥികളെ ഉപയോഗിച്ച റെയില്‍വേയുടെ നടപടി നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ചെന്നു മാത്രമല്ല, അതിന്റെ ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വേ സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതു പോലെ ഇന്ത്യന്‍ റെയില്‍വേയെയും കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. സമൂഹത്തിന്റെ സമസ്ത മേഖലകളിലും വര്‍ഗീയ വിഷം കലര്‍ത്തി, ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്ന സംഘപരിവാറിന്റെ സങ്കുചിത രാഷ്ട്രീയമാണ് വന്ദേഭാരത് സര്‍വീസ് ഉദ്ഘാടനത്തിലും കണ്ടത്. ഉത്തരേന്ത്യയിലേതു പോലെ വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബിജെപി കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും സതീശന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പുതിയ വന്ദേ ഭാരത് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങില്‍ വിദ്യാര്‍ഥികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ചത് അത്യന്തം നിന്ദ്യമായ രാഷ്ട്രീയ ഗൂഢാലോചന ആണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഇത് ഒരു രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന്ന് തുല്യമാണ്. കൃത്യമായ അജണ്ടയോടു കൂടിയുള്ള കാവിവത്കരണ ഗൂഢാലോചനയാണിതെന്ന് ചെന്നിത്തല പറഞ്ഞു.
