സംസ്ഥാനത്തെ ആദ്യ വനിതാ ഡഫേദാര്‍; നിയമനം ആലപ്പുഴ കലക്ടറേറ്റില്‍: ചരിത്രത്തില്‍ ഇടംപിടിച്ച് സിജി
സംസ്ഥാനത്തെ ആദ്യ വനിതാ ഡഫേദാര്‍; നിയമനം ആലപ്പുഴ കലക്ടറേറ്റില്‍: ചരിത്രത്തില്‍ ഇടംപിടിച്ച് സിജി
ആലപ്പുഴ: സംസ്ഥാനത്തെ ആദ്യ വനിതാ ഡഫേദാറായി ചരിത്രത്തിലേക്ക് നടന്നു കയറി സിജി. വെള്ള ചുരിദാറിനു കുറുകെ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും വെള്ള തലപ്പാവും ധരിച്ച് നില്‍ക്കുന്ന വനിതാ ഡഫേദാറിനെ ഇനി ആലപ്പുഴ കലക്ടറേറ്റില്‍ കാണാം. ഇന്നലെ രാവിലെ കലക്ടറേറ്റില്‍ മുന്‍ ഡഫേദാര്‍ എ.അഫ്‌സലാണു സിജിയെ സ്ഥാനചിഹ്നം അണിയിച്ച് പദവിയിലേക്ക് ആനയിച്ചത്.
രാജ്യാന്തര പവര്‍ ലിഫ്റ്റിങ് താരമായിരുന്ന കെ.സിജി ഓഫിസ് അസിസ്റ്റന്റ് തസ്തികയില്‍ ഇവിടെത്തന്നെ ജോലി ചെയ്യുകയായിരുന്നു. മുന്‍ ഡഫേദാറിനു ക്ലാര്‍ക്കായി സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ് ആ പോസ്റ്റിലേക്ക് സിജിക്ക് അവസരം ഒരുങ്ങിയത്. സ്ത്രീകള്‍ ആരും തന്നെ അപേക്ഷിക്കാത്ത ഒഴിവിലേക്കു സിജി അപേക്ഷിക്കുകയും കലക്ടര്‍ അലക്‌സ് വര്‍ഗീസ് അതു പരിഗണിക്കുകയും ചെയ്തതോടെയാണു സിജി ചരിത്രത്തില്‍ ഇടം നേടിയത്.
സ്‌പോര്‍ട്‌സ് ക്വോട്ടയിലാണു സിജിക്ക് കളക്ട്‌റേറ്റില്‍ ജോലി ലഭിച്ചത്. 20 വര്‍ഷത്തോളമായി കലക്ടറുടെ ചേംബറില്‍ ഓഫിസ് അസിസ്റ്റന്റാണ്. 1996-2001 കാലയളവില്‍ 56 കിലോഗ്രാം വിഭാഗത്തില്‍ പവര്‍ ലിഫ്റ്റിങ് രാജ്യാന്തര മത്സരങ്ങളില്‍ ഉള്‍പ്പെടെ കഴിവു തെളിയിച്ച സിജി കായിക മികവിനുള്ള ജി.വി.രാജ പുരസ്‌കാരം നേടിയിട്ടുണ്ട്. ആലപ്പുഴ ചെത്തി അറയ്ക്കല്‍ ഹൗസില്‍ ജോസഫ് പി.അറയ്ക്കലാണു ഭര്‍ത്താവ്. മക്കള്‍: വര്‍ണ ജോസഫ്, വിസ്മയ ജെ.അറയ്ക്കല്‍. 2016 ജനുവരി മുതല്‍ ഇവിടെ ഡഫേദാറായിരുന്ന ലജ്‌നത്തുല്‍ വാര്‍ഡ് നെച്ചു നെസ്റ്റില്‍ എ.അഫ്‌സലിനു റവന്യു വിഭാഗത്തില്‍ ക്ലാര്‍ക്കായാണു സ്ഥാനക്കയറ്റം ലഭിച്ചത്.
ആരാണ് ഡഫേദാര്‍
ഓഫിസ് അസിസ്റ്റന്റ് റാങ്കിലുള്ള തസ്തികയാണു ഡഫേദാര്‍. കലക്ടറുടെ പഴ്‌സനല്‍ അസിസ്റ്റന്റ് എന്നു ഡഫേദാറിനെ പറയാം. ചേംബറില്‍ കലക്ടര്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുക, കലക്ടറെ കാണാന്‍ എത്തുന്നവരെ ചേംബറിലേക്ക് കടത്തിവിടുക, അവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയാണു പ്രധാന ജോലികള്‍.