കെ സ്‌റ്റോര്‍ പ്രഖ്യാപിച്ചത് 2022 മേയ് 28ന്; രണ്ടരക്കൊല്ലം കഴിഞ്ഞിട്ടും ഉണര്‍വ്വില്ലാ പദ്ധതി; കെ-സ്റ്റോറിന് വേണ്ടത്ര വിസ്തീര്‍ണമുള്ള റേഷന്‍കടകള്‍ കുറവെന്ന പോരായ്മ മാറ്റാന്‍ സാമ്പത്തിക സഹായം നല്‍കും; പിണറായിയുടെ ലക്ഷ്യം 14,250 സ്റ്റോറുകള്‍; 2026ല്‍ ഹാട്രിക്കിന് പൊതുവിതരണ വിപ്ലവത്തിന് ഇടതു നീക്കം

Update: 2025-01-20 01:52 GMT

തൃശ്ശൂര്‍: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 'കെ സ്റ്റോറുകളെ' പ്രധാന പ്രചരണായുധമാക്കാന്‍ ഇടതു മുന്നണി. നിത്യോപയോഗസാധനങ്ങളെല്ലാം ലഭ്യമാകും വിധത്തില്‍ സംസ്ഥാനത്തെ കെ-സ്റ്റോറുകളെ വികസിപ്പിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ പോകുന്നത് വോട്ടു കൂടി ലക്ഷ്യമിട്ടാണ്. സംസ്ഥാനത്തെ 14,250 റേഷന്‍കടകളെയും കെ-സ്റ്റോറാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കെ-സ്റ്റോറിന് വേണ്ടത്ര വിസ്തീര്‍ണമുള്ള റേഷന്‍കടകള്‍ കുറവാണ്. ഇത് പരിഹരിക്കാനാണ് പുതിയ പദ്ധതി. റേഷന്‍ കടകളിലെ ആധുനിക വത്കരണത്തിലൂടെ സര്‍ക്കാരിന്റെ പ്രതിശ്ചായ മാറ്റമെത്തിക്കാനാണ് ശ്രമം.

സംസ്ഥാനത്തെ റേഷന്‍ കടകളില്‍ സൗകര്യം കുറവാണ്. പശ്ചാത്തലസൗകര്യം വിപുലമാക്കാന്‍ സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കും. ഏഴുശതമാനം പലിശനിരക്കില്‍ രണ്ടുലക്ഷം രൂപവരെ വായ്പ അനുവദിക്കും. ഈ പണം ചെലവഴിച്ച് കടയില്‍ ആവശ്യമായ മാറ്റങ്ങളും പുതിയ സൗകര്യങ്ങളും ഉണ്ടാക്കണം. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവരുടെ രണ്ടുശതമാനം പലിശ സര്‍ക്കാര്‍ വഹിക്കും. കെ സ്റ്റോറില്‍ ബാങ്കിങ്, അക്ഷയ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കുമ്പോള്‍ രണ്ട് ജീവനക്കാരെയും നിയോഗിക്കാം. തൃശ്ശൂര്‍ ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കെ-സ്റ്റോറുകള്‍ വരിക. 2026ലാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്. അതിന് മുമ്പ് റേഷന്‍ കടകളുടെ മുഖം മാറ്റി ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കാനാണ് പിണറായി സര്‍ക്കാരിന്റെ ശ്രമം.

2022 മേയ് 28നാണു മന്ത്രി ജി.ആര്‍.അനില്‍ 1000 റേഷന്‍കടകളെ കെ സ്റ്റോറുകളാക്കുമെന്നു പ്രഖ്യാപിച്ചത്. നിലവില്‍ ആരംഭിച്ച കെ സ്റ്റോറുകളില്‍ ചിലതു പ്രവര്‍ത്തിക്കുന്നുമില്ല. നാലാം ഘട്ടത്തില്‍ ഓരോ ജില്ലയിലും ആകെയുള്ള റേഷന്‍കടകളുടെ 10% കെ സ്റ്റോറുകളാക്കാനായിരുന്നു നിര്‍ദേശം. 10% എത്തണമെങ്കില്‍ നിലവിലുള്ള കെ സ്റ്റോറുകളുടെ ഇരട്ടിയിലധികം എണ്ണം ഇത്തവണ തുടങ്ങേണ്ടി വരും. എന്നാല്‍ കെ സ്റ്റോറിനു വേണ്ടത്ര വിസ്തീര്‍ണമുള്ള റേഷന്‍കടകള്‍ കുറവാണ്. ഒരു ലക്ഷത്തിലധികം രൂപ ചെലവഴിച്ചു കെ സ്റ്റോറുകളാക്കിയാല്‍ അതിനനുസരിച്ചു ലാഭമില്ലെന്നതു ചൂണ്ടിക്കാട്ടി റേഷന്‍ വ്യാപാരികള്‍ മടിക്കുകയാണെന്നു താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സാമ്പത്തിക സഹായം നല്‍കാനുള്ള നീക്കം.

കെ സ്റ്റോറില്‍ വിവിധ വകുപ്പുകളെ സിവില്‍ സപ്ലൈസ് വകുപ്പുമായി കൂട്ടിയിണക്കും. വകുപ്പുകളുടെ കീഴില്‍ ലഭ്യമായ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കെ-സ്റ്റോറുകള്‍ വഴി ന്യായവിലയ്ക്ക് നല്‍കും. കെ-ഫോണ്‍ പദ്ധതിയിലൂടെ ഇന്റര്‍നെറ്റ് കണക്ഷനും നല്‍കും. നിരവധി സാധനങ്ങളുടെ വില്‍പ്പന നടക്കുമ്പോള്‍ റേഷന്‍ ഉടമകളുടെ കമ്മിഷന്‍ വരുമാനവും വര്‍ധിക്കും. ക-സ്റ്റോര്‍ ലൈസന്‍സികള്‍ക്ക് ബാങ്കുകളുടെ സഹായത്തോടെ ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പാക്കും. അക്ഷയ സെന്ററുകള്‍ വഴിയും കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴിയുമുള്ള സേവനങ്ങളും കെ-സ്റ്റോറുകളില്‍ ലഭിക്കും. നിലവില്‍ വൈദ്യുതി ബില്‍, വെള്ളക്കരം തുടങ്ങിയ പണമിടപാടുകള്‍ മാത്രമാണുള്ളത്.

ബാങ്കിങ് സേവനങ്ങള്‍, അക്ഷയസേവനങ്ങള്‍, മില്‍മ ഉത്പന്നങ്ങള്‍, കുടുംബശ്രീ ഉത്പന്നങ്ങള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, ശബരി ഉത്പന്നങ്ങള്‍, അഞ്ചുകിലോഗ്രാമിന്റെ ഛോട്ടു എല്‍.പി.ജി. സിലിന്‍ഡര്‍, കുപ്പിവെള്ളം എന്നിവ കെ സ്‌റ്റോര്‍ വഴി നല്‍കും. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും കെ സ്റ്റോറുകള്‍ വഴി സാധിക്കും. റേഷന്‍ കടകളുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്കാണ് കെ സ്റ്റോറുകള്‍ വഴിയൊരുക്കുന്നത്. 10,000 രൂപയില്‍ താഴെയുള്ള ബാങ്കിങ് ഇടപാടുകള്‍, എ.ടി.എം സേവനം എന്നിവയും റേഷന്‍ കടയിലുണ്ടാകും. അതിവേഗം ആയിരം റേഷന്‍ കടകള്‍ കെ സ്റ്റോറുകളാക്കലാണ് ലക്ഷ്യം. കാര്‍ഷിക, വ്യാവസായിക ഉത്പന്നങ്ങള്‍ കൂടി വൈകാതെ കെ സ്റ്റോറുകള്‍ വഴി വാങ്ങാം. സപ്ലൈകോ, പൊതുവിപണികളിലെ വില തന്നെയാകും ഈടാക്കുക. ചുരുങ്ങിയത് 300 ചതുരശ്ര അടി വലുപ്പമുള്ള കടകള്‍ക്കാണ് കെസ്റ്റോര്‍ ലൈസന്‍സ് അനുവദിക്കുക എന്നായിരുന്നു സര്‍ക്കാര്‍ ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ എല്ലാ റേഷന്‍ കടകളിലും പദ്ധതി നടപ്പിലാക്കാന്‍ പിന്നീട് തീരുമാനിച്ചു.

ഘട്ടം ഘട്ടമായി കൂടുതല്‍ സേവനങ്ങളും ഉല്‍പ്പന്നങ്ങളും കെ സ്റ്റോറിലൂടെ നല്‍കുവാന്‍ ഉദ്ദേശിക്കുന്നു. ഇ-പോസും ത്രാസും തമ്മില്‍ ബന്ധിപ്പിക്കുന്നതിലൂടെ ത്രാസിലെ തൂക്കത്തിന്റെ അളവ് ബില്ലില്‍ കൃത്യമായി രേഖപ്പെടുത്തുവാനും അതിലൂടെ തൂക്കത്തിലെ കൃത്യത ഉറപ്പുവരുത്താനും കഴിയും. 60 കിലോ വരെ തൂക്കാന്‍ കഴിയുന്ന ത്രാസാണ് റേഷന്‍കടകളില്‍ സ്ഥാപിക്കുന്നത്. എന്‍ ഇ എസ് എ ഗോഡൗണുകളില്‍ നിന്നും വരുന്ന സ്റ്റോക്കുകളുടെ തൂക്കം ഉറപ്പുവരുത്താനും ഇതിലൂടെ കഴിയുന്നു. ഏകദേശം 32 കോടി രൂപ ചെലവുവരുന്ന ഈ പദ്ധതി ഘട്ടംഘട്ടമായിട്ടാണ് നടപ്പിലാക്കുന്നത്.

Similar News