'ഭക്ഷണത്തില്‍ പോലും ജാതീയ വിഷം കലര്‍ത്താന്‍ ശ്രമിച്ച അധമജന്മങ്ങള്‍; യുഡിഎഫിനെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നു; വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചതില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും'; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ആഞ്ഞടിച്ചു കെ സുധാകരന്‍
റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ആഞ്ഞടിച്ചു കെ സുധാകരന്‍
തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ആഞ്ഞടിച്ചു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. യുഡിഎഫിനെതിരെ ചാനല്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നു എന്നാണ് കെ സുധാകരന്‍ ഉന്നയിക്കുന്ന ആക്ഷേപം. ചാനലിന്റെ മുന്‍ മേധാവി എം വി നികേഷ്‌കുമാറിനെ അടക്കം പരാമര്‍ശിച്ചു കൊണ്ടാണ് സുധാകരന്‍ ആഞ്ഞടിക്കുന്നത്.
കേരളത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോട് ശക്തമായ പ്രതിഷേധം കോണ്‍ഗ്രസ് രേഖപ്പെടുത്തുന്നുവെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുട്ടികള്‍ക്ക് വിളമ്പുന്ന ഭക്ഷണത്തില്‍ പോലും ജാതീയ വിഷം കലര്‍ത്താന്‍ ശ്രമിച്ച അധമജന്മങ്ങള്‍ ഇന്ന് റിപ്പോര്‍ട്ടര്‍ ചാനലിന്റെ സ്വത്താണ്. അത്തരക്കാരിലൂടെ, സിപിഎമ്മിന് വേണ്ടിയുള്ള വര്‍ഗീയ പ്രചാരണം തുടര്‍ന്ന് പോകാമെന്നാണ് വിചാരമെങ്കില്‍ ശക്തമായ പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് സുധാകരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഐക്യ ജനാധിപത്യമുന്നണിയെ അപമാനിക്കുന്ന രീതിയില്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചതില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:
എന്റെ പ്രിയപ്പെട്ട പ്രവര്‍ത്തകരോട്...
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെതിരെ ഏറ്റവും മ്ലേച്ഛമായ വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ നടത്തിയ റിപ്പോര്‍ട്ടര്‍ ചാനലിനോടുള്ള നിങ്ങളുടെ വികാരം പാര്‍ട്ടി മനസ്സിലാക്കുന്നു. നേതൃത്വം അതിനെ മാനിക്കുന്നു.
തീവ്ര വര്‍ഗീയത പടര്‍ത്തുന്ന സിപിഎംപോലുള്ള പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് കേരളത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോട് ശക്തമായ പ്രതിഷേധം കോണ്‍ഗ്രസ് രേഖപ്പെടുത്തുന്നു. അച്ഛനെ ചുട്ടുകൊല്ലാന്‍ ശ്രമിച്ചവരുടെ കൂടെ കൂടി മകന്‍ തുടങ്ങിയ വാര്‍ത്ത ചാനലില്‍ നിന്ന് കൂടുതലൊന്നും നാട് പ്രതീക്ഷിക്കുന്നില്ല. പക്ഷെ നിഷ്പക്ഷ മേലങ്കി വലിച്ചെറിഞ്ഞ്, ചെയ്തുകൊണ്ടിരുന്ന അടിമപ്പണി സ്ഥിരം തൊഴിലാക്കി അദ്ദേഹം പുറത്തോട്ട് പോയിട്ടും, ചാനലിന് 'നല്ല' മാറ്റങ്ങളൊന്നും സംഭവിച്ചില്ല എന്ന് ഞങ്ങള്‍ മനസിലാക്കുന്നു.
കുട്ടികള്‍ക്ക് വിളമ്പുന്ന ഭക്ഷണത്തില്‍ പോലും ജാതീയ വിഷം കലര്‍ത്താന്‍ ശ്രമിച്ച അധമജന്മങ്ങള്‍ ഇന്ന് റിപ്പോര്‍ട്ടര്‍ ചാനലിന്റെ സ്വത്താണ്. അത്തരക്കാരിലൂടെ, സിപിഎമ്മിന് വേണ്ടിയുള്ള വര്‍ഗ്ഗീയ പ്രചാരണം തുടര്‍ന്ന് പോകാമെന്നാണ് വിചാരമെങ്കില്‍ ശക്തമായ പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകും.
ഐക്യ ജനാധിപത്യമുന്നണിയെ അപമാനിക്കുന്ന രീതിയില്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.വ്യാജ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ തയ്യാറാകാത്ത പക്ഷം ചാനലുമായി സഹകരിക്കുന്ന കാര്യം പാര്‍ട്ടി പുന:പരിശോധിക്കും.
കെ സുധാകരന്‍
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ദോഷകരമായി ബാധിക്കുന്ന റിപ്പോര്‍ട്ടുകള്‍ കൊടുത്തു എന്നാരോപിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ ജ്യോതികുമാര്‍ ചാമക്കാലയും നേരത്തെ രംഗത്തുവന്നിരുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചതാണെന്നും ഇനിയും ഉപദ്രവിച്ചാല്‍ ബഹിഷ്‌കരിക്കുമെന്നും ചാമക്കാല മുന്നറിയിപ്പ് നല്‍കി.
എസ്ഡിപിഐ പിന്തുണയില്ലാതെ കോണ്‍ഗ്രസ് പാലക്കാട് പച്ച തൊടില്ലെന്ന് ഒരു റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ടര്‍ പരാമര്‍ശിച്ചതാണ് ജ്യോതികുമാര്‍ ചാമക്കാല ആവര്‍ത്തിച്ച് എടുത്തുപറഞ്ഞത്. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കാന്‍ തനിക്ക് സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും തമ്മില്‍ ചൂടേറിയ വാക്കേറ്റം ഉണ്ടായി. ഒടുവില്‍ ഇനിയും ആവര്‍ത്തിച്ചാല്‍ തങ്ങള്‍ ബഹിഷ്‌കരിക്കും എന്ന മുന്നറിയിപ്പോടെയാണ് ജ്യോതികുമാര്‍ ചാമക്കാല ചര്‍ച്ചയ്ക്ക് വഴങ്ങിയത്. ഇതിന് പിന്നാലെയാണ് കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റും എത്തിയത്.