മതിലില്‍ വൈദ്യുതി ഫെന്‍സിംഗ്, ജയില്‍ ചാടുമ്പോള്‍ വൈദ്യുതി ഓഫ് ചെയ്യപ്പെട്ടിരുന്നു; ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ സര്‍വത്ര ദുരൂഹത; ജയില്‍ ചാടിയതോട ചാടിച്ചതോ? ആരോപണവുമായി കെ സുരേന്ദ്രന്‍; ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണെന്ന് പി ജയരാജന്റെ മറുപടി
മതിലില്‍ വൈദ്യുതി ഫെന്‍സിംഗ്
കൊച്ചി: സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ സര്‍വത്ര ദുരൂഹതയുണ്ടെന്നും ജയില്‍ ചാടിയതാണോ അതോ ചാടിച്ചതാണോ എന്ന് സംശയമുണ്ടെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ഗോവിന്ദച്ചാമി ജയില്‍ ചാടിയ സമയം, പൊലീസില്‍ വിവരം അറിയിക്കുന്ന സമയം, ഫെന്‍സിംഗിലെ വൈദ്യുതി ഓഫ് ചെയ്തതതിലെ ദുരൂഹത എന്നിവ ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ രംഗത്തെത്തിയത്.
'കൊടും ക്രിമിനല്‍ ഗോവിന്ദച്ചാമി ജയില്‍ ചാടിയത് രാത്രി ഒന്നേ കാലിന്. ജയില്‍ അധികൃതര്‍ അതറിയുന്നത് പുലര്‍ച്ചെ അഞ്ചേ കാലിന്. പൊലീസില്‍ വിവരം അറിയിക്കുന്നത് കാലത്ത് ഏഴേ കാലിന്. മതിലില്‍ വൈദ്യുതി ഫെന്‍സിംഗ്. ജയില്‍ ചാടുമ്പോള്‍ വൈദ്യുതി ഓഫ് ചെയ്യപ്പെട്ടിരുന്നു. സര്‍വ്വത്ര ദുരൂഹത. ജയില്‍ ചാടിയതോ ചാടിച്ചതോ? ജയില്‍ ഉപദേശക സമിതിയില്‍ പി. ജയരാജനും തൃക്കരിപ്പൂര്‍ എംഎല്‍എയും.' കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം സുുരേന്ദ്രനെതിരെ പി ജയരാജന്‍ രംഗത്തുവന്നു. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്. അദ്ദേഹത്തിന്റെ മനോനില പരിശോധിക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു എന്നാണ് ജയരാജന്റെ മറുപടി.
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടി എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇന്ന് അതികാലത്ത് തന്നെ കേട്ടത്. അടച്ച സെല്ലിന്റെ ഇരുമ്പഴി മുറിച്ച് പുറത്തു കടന്നെന്നാണ് പ്രാഥമിക വിവരം. ഇത് ഗൗരവാവഹമായ അന്വേഷണം ആവശ്യമുള്ള വിഷയമാണ്. ആ അന്വേഷണം സര്‍ക്കാര്‍ ജാഗ്രതയോടെ നടത്തുമെന്ന് ഉറപ്പിക്കാം. എന്നാല്‍ ഈ ജയില്‍ ചാട്ടം ആസൂത്രിതമാണോ എന്ന് സംശയിക്കത്തക്ക നിലയില്‍ ചില രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്ന് പ്രചരണം അഴിച്ചു വിടുന്നുണ്ട്. അതിന്റെ തെളിവാണ് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ഇക്കാര്യത്തിലുള്ള പ്രതികരണം.
സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി അനൗദ്യോഗിക അംഗങ്ങളെ സൂചിപ്പിച്ചു കൊണ്ട് സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ മനോനിലയാണ് വ്യക്തമാക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്. അദ്ദേഹത്തിന്റെ മനോനില പരിശോധിക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം ഈ ജയില്‍ ചാട്ടത്തെ തുടര്‍ന്ന് സമൂഹത്തെ ജാഗ്രതപ്പെടുത്തുന്നതിന് പകരം ഏത് കാര്യവും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന ബിജെപി നേതാവിന്റെ ഹീനമായ ശ്രമത്തില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ഉപദേശിക്കണമെന്നും താല്പര്യപ്പെടുന്നു.
ഇന്ന് പുലര്‍ച്ചെ 1.15 നാണ് സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്. ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു. ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും.
ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം. പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്. ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്. അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടി പ്പോയത്.ജയില്‍ച്ചാട്ടത്തില്‍ ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടി.
ഗോവിന്ദച്ചാമിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ അറിയിക്കാന്‍ നിര്‍ദേശമുണ്ട്. ഒരു കൈമാത്രമാണ് ഗോവിന്ദച്ചാമിക്കുള്ളത്. സൗമ്യാ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.