പോലീസുകാര്‍ പിന്നെ ബിരിയാണി വാങ്ങി കൊടുക്കുമോ? 11 കേസുകളില്‍ പ്രതിയാണ് കോണ്‍ഗ്രസ് നേതാവ് സുജിത്; സുജിത്തിനെ പറ്റി മാധ്യമങ്ങള്‍ സംസാരിക്കുന്നത് വീര പുരുഷന്റെ അവതാര കഥകള്‍ പറയും പോലെ; കുന്നംകുളം പൊലീസ് മര്‍ദനത്തെ ന്യായീകരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍
പോലീസുകാര്‍ പിന്നെ ബിരിയാണി വാങ്ങി കൊടുക്കുമോ?
തൃശൂര്‍: കുന്നംകുളം പോലീസ് കസ്റ്റഡി മര്‍ദ്ദനം കേരളത്തെ നടുക്കിയ സംഭവമായിരുന്നു. ഒരു യുവനേതാവിനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച സംഭത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെയാണ് കേരളത്തിലെ കസ്റ്റഡി മര്‍ദ്ദനങ്ങളുടെ ക്രൂരതകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞതും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുജിത്തും സുഹൃത്തുക്കളും നടത്തിയ പോരാട്ടമാണ് പോലീസിന്റെ ക്രൂരതകള്‍ പുരംലോകത്തെ കാണിച്ചത.
ഇപ്പോഴിതാ കേരളീയര്‍ മുഴുവന്‍ അപലപിച്ച ആ സംഭത്തിലും ന്യായീകരണ ക്യാപ്‌സ്യൂളുകളുമായി രംഗത്തുവന്നിരിക്കയാണ് സിപിഎം സഖാക്കള്‍. കുന്നംകുളം പൊലീസ് മര്‍ദനത്തെ ന്യായീകരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുല്‍ ഖാദറാണ് രംഗത്തെത്തിയത്. പൊലീസിനെ തല്ലിയത് ഉള്‍പ്പെടെ 11 കേസുകളില്‍ കോണ്‍ഗ്രസ് നേതാവ് സുജിത് പ്രതിയാണെന്നും പൊലീസുകാര്‍ പിന്നെ ബിരിയാണി വാങ്ങി കൊടുക്കുമോ എന്നും അബ്ദുല്‍ ഖാദറിന്റെ ചോദ്യം.
സുജിത്തിനെ പറ്റി മാധ്യമങ്ങള്‍ സംസാരിക്കുന്നത് വീര പുരുഷന്റെ അവതാര കഥകള്‍ പറയും പോലെയെന്ന് അബ്ദുള്‍ ഖാദര്‍ പറഞ്ഞു. സുജിത്തിന്റെ വിവാഹം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെയും അബ്ദുല്‍ ഖാദര്‍ വിമര്‍ശിച്ചു. കസ്റ്റഡി മര്‍ദനത്തില്‍ കുറ്റാരോപിതരായ നാല് ഉദ്യോഗസ്ഥര്‍ക്കും നേരത്തെ സസ്പെന്‍ഷന്‍ നല്‍കിയിരുന്നു. ഉത്തര മേഖലാ ഐജിയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ നേരത്തെ എടുത്ത നടപടി പുനഃപരിശോധിക്കാനും ഉത്തരവില്‍ പറഞ്ഞിരുന്നു. വിയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്ഐ നൂഹ്‌മാന്‍, മണ്ണൂത്തി സിപിഒ സന്ദീപ് എസ്, തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സിപിഒ ശശിധരന്‍, തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സിപിഒ സജീവന്‍ കെ.ജെ. എന്നിവര്‍ക്കെതിരെയാണ് നടപടി.
അതേസമയം, പൊലീസുകാരുടെ സസ്‌പൈന്‍ഷനില്‍ സന്തുഷ്ഠനല്ല, അവരെ പിരിച്ചുവിടുകയാണ് വേണ്ടതെന്ന് വി.എസ്. സുജിത്ത് പ്രതികരിച്ചിരുന്നു. ഈ പൊലീസുകാര്‍ക്ക് ആര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ തുടരാന്‍ യോഗ്യതയില്ലെന്നും സുജിത്ത് പറഞ്ഞു. പൊലീസ് സ്റ്റേഷനിലെ എല്ലാ ഭാഗങ്ങളിലും സിസിടിവി ഉണ്ടാകണമെന്ന സുപ്രീം കോടതിയിലെ കേസില്‍ കക്ഷി ചേരുമെന്നും സുജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളുടെ പിന്തുണയ്ക്കും സുജിത്ത് നന്ദിയറിയിച്ചു. കഴിഞ്ഞ ദിവസം സുജിത്തിന്റെ വിവാഹവും നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതിനിടെ കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ കേരളാ പോലീസിനെ പൂര്‍ണമായും വെള്ളപൂശിയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രംഗത്തുവന്നത്. ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ വിശദീകരണം ആവശ്യപ്പെട്ടിട്ടും പ്രതികരിക്കാത്ത മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തിലാണ് വിശദീകരണവുമായി രംഗത്തുവന്നത്. പതിവു ശൈലിയില്‍ 'ഒറ്റപ്പെട്ട സംഭവങ്ങള്‍' എന്നാണ് പിണറായിയുടെ പ്രതികരണം.
40 മിനിറ്റ് സമയമെടുത്താണ് എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിശദീകരിച്ചത. പുറത്തുവന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റഡി മര്‍ദ്ദനത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി എല്‍ഡിഎഫ് ഘടകകക്ഷികളെ അറിയിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നും ഉണ്ടാകില്ല. വീഴ്ചകള്‍ പാര്‍വതീകരിച്ച് കാണിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അത്തരം ശ്രമങ്ങളില്‍ വീഴരുതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
ആവര്‍ത്തിച്ചു വന്നുകൊണ്ടിരിക്കുന്ന കസ്റ്റഡി മര്‍ദന ആരോപണങ്ങളില്‍ ആഭ്യന്തര വകുപ്പ് പ്രതിരോധത്തിലായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി എല്‍എഡിഎഫ് യോഗത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പൊലീസ് അതിക്രമങ്ങള്‍ ആണ് ഇപ്പോള്‍ വാര്‍ത്ത ആയി വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് ലോക്കപ്പ്, മര്‍ദന കേന്ദ്രങ്ങള്‍ ആക്കി മാറ്റാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലും സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് ഒരു കോട്ടവുമില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിരീക്ഷണം. വസ്തുതാ വിരുദ്ധമായ പ്രചാരണത്തിന് ആരും കൂട്ടുനില്‍ക്കരുതെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു.