റോഡ് നിര്‍മ്മാണ കരാറുകളില്‍ ആദ്യ ഒളിയമ്പ്; ആക്കുളം ടൂറിസം പ്രോജക്ടിലെ മുടന്തന്‍ ന്യായവും ചര്‍ച്ചയാക്കി; അന്നൊക്കെ ശക്തമായ പ്രതിരോധിച്ച മന്ത്രി റിയാസും; പൊതുമരാമത്തിന്റെ 'ശ്രദ്ധക്കുറവ്' വീണ്ടും ചര്‍ച്ചയാക്കി കടകംപള്ളി; മുഖ്യമന്ത്രിയുടെ മരുമകന്‍ പരാജയമോ?

പൊതുമരാമത്ത് വകുപ്പിനെ കുറ്റം പറഞ്ഞ് കടകംപള്ളി വകുപ്പിന്റെ ശേഷികുറവിനെ ചര്‍ച്ചയാക്കുകയാണ്.

Update: 2024-10-06 02:13 GMT

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ മൂന്ന് മണിക്കൂര്‍ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിനെതിരേ കടകംപള്ളി സുരേന്ദ്രന്‍ രംഗത്തു വരുമ്പോള്‍ ചര്‍ച്ചകള്‍ പുതു തലത്തില്‍. സംഭവം യാദൃശ്ചികമല്ലെന്നും ശ്രദ്ധയില്ലായ്മയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യ-വൈദ്യുതി വകുപ്പുകള്‍ക്കും വിമര്‍ശനമുണ്ട്. നേരത്തേയും പൊതുമരാമത്ത് മന്ത്രിയായ മുഹമ്മദ് റിയാസിന്റെ ടൂറിസം വകുപ്പിനെതിരെ ശക്തമായ വിയോജനം പരസ്യമായി തന്നെ കടകംപള്ളി ഉയര്‍ത്തിയിരുന്നു. ഇത് വിവാദവുമായി. സിപിഎമ്മില്‍ വേറിട്ട ശബ്ദമുയര്‍ത്തുന്ന നേതാവാണ് കടകംപള്ളി.

വൈദ്യുതി മുടക്കത്തിലെ വീഴ്ചയില്‍ ന്യായീകരണമില്ല. കൈകാര്യം ചെയ്യുന്ന ഇടം ഏതാണെന്നു ഗൗരവത്തില്‍ മനസിലാക്കിയില്ല. ബന്ധപ്പെട്ട വകുപ്പിനോ വൈദ്യുതി ബോര്‍ഡിനോ ആരോഗ്യ വകുപ്പിനോ അതിന് കഴിഞ്ഞില്ല. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കണമെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ആശുപത്രിയില്‍ കഴിഞ്ഞ ശനിയാഴ്ച മണിക്കൂറുകളോളം വൈദ്യുതി ഇല്ലാതായതോടെ രോഗികളും കൂട്ടിരുപ്പുകാരും വലഞ്ഞിരുന്നു. ഇതാണ് പൊതുമരാമത്ത് വകുപ്പിന്റെ വീഴ്ചയായി തിരുവനന്തപുരത്തെ മുതിര്‍ന്ന സിപിഎം നേതാവ് മാറ്റുന്നത്. വൈദ്യുതി വകുപ്പ് സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു വിമര്‍ശനം.

എസ്എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയ സംഭവം യാദൃശ്ചികമല്ല, ശ്രദ്ധയില്ലായ്മയാണ്-കടകംപള്ളി വിമര്‍ശിച്ചു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജനറേറ്റര്‍ എത്തിച്ചാണ് വൈദ്യുതി പുനസ്ഥാപിച്ചത്. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. നിയമസഭയില്‍ അടക്കം ഈ വിഷയം പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടു വരാന്‍ സാധ്യത ഏറെയാണ്. കേരളത്തിലെ റോഡുകളിലെ കുണ്ടും കുഴിയും അടക്കം റിയാസിനെ വെട്ടിലാക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ കേരളീയ സമൂഹത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകന്‍ കൂടിയായ മന്ത്രി റിയാസിനെതിരെ അന്‍വറും കടുത്ത ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കടകംപള്ളിയുടെ പുതിയ ഒളിയമ്പും ചര്‍ച്ചകള്‍ക്ക് പുതിയ മാനം നല്‍കും.

നേരത്തെ നിയമസഭയില്‍ ടൂറിസം വകുപ്പിനെതിരേ ഗുരുതര ആരോപണങ്ങളുമായി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തു വന്നിരുന്നു. ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി നടപ്പാക്കാനുള്ള കരാറില്‍ ഒപ്പിടാതെ ടൂറിസം വകുപ്പ് നീട്ടിക്കൊണ്ടു പോകുന്നതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശം പോലും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ മുഖവിലക്കെടുക്കുന്നില്ല. സ്വകാര്യ കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിച്ച് പദ്ധതിയെ അട്ടിമറിക്കാന്‍ നീക്കമുണ്ട്. തുടങ്ങിയ ഗുരുതര ആരോപണങ്ങളും കടകംപള്ളി സഭയില്‍ ഉന്നയിച്ചു. ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ കിഫ്ബി റിപ്പോര്‍ട്ട് പ്രകാരം മുന്നോട്ടു പോകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

തന്റെ മണ്ഡലത്തില്‍ താന്‍ ടൂറിസം മന്ത്രിയായിരുന്ന കാലത്ത് തുടക്കമിട്ട ആക്കുളം പുനരുജ്ജീവന പദ്ധതി ടൂറിസം വകുപ്പ് അട്ടിമറിക്കുന്നുവെന്നാണ് കടകംപള്ളിയുടെ അന്നത്തെ ഗുരുതരാരോപണം. സമയബന്ധിതമായി കരാറില്‍ ഏര്‍പ്പെടാതെ ഓരോരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ടൂറിസം വകുപ്പ് കരാര്‍ നീട്ടിക്കൊണ്ടു പോകുകയാണ് ഉണ്ടായതെന്ന് കടകം പള്ളി സഭയില്‍ പറഞ്ഞു. വകുപ്പ് മന്ത്രി സഭയ്ക്ക് നല്‍കിയ ഉറപ്പുപോലും നാളിതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. തിരുവനന്തപുരത്തെ റോഡ് നിര്‍മ്മാണ കരാറുകളില്‍ മന്ത്രി മുഹമ്മദ് റിയാസിനെ ഉന്നമിട്ട് നേരത്തെ കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

ഉദ്യോഗസ്ഥരെ പഴിച്ചു കൊണ്ടായിരുന്നു റിയാസിനെിതരേയുള്ള ഒളിയമ്പുകള്‍. ഇതിന് മറുപടിയുമായി റിയാസും രംഗത്തെത്തിയിരുന്നു. അതിന് ശേഷം മാസങ്ങള്‍ കഴിഞ്ഞ് വീണ്ടും കടകംപള്ളി, ടൂറിസം വകുപ്പിനെതിരേ പരോക്ഷമായി രംഗത്തെത്തി. പിന്നീട് സിപിഎം ഇടപെട്ട് ഇത്തരം ചര്‍ച്ചകള്‍ക്ക് വിരാമമുണ്ടാക്കി. എന്നാല്‍ എസ് എ ടി വിഷയത്തിലും പൊതുമരാമത്ത് വകുപ്പിനെ കുറ്റം പറഞ്ഞ് കടകംപള്ളി വകുപ്പിന്റെ ശേഷികുറവിനെ ചര്‍ച്ചയാക്കുകയാണ്.

Tags:    

Similar News