മലപ്പുറത്തെ സ്വര്‍ണക്കടത്ത് വിവരങ്ങള്‍ ദി ഹിന്ദുവിന് കൈമാറിയത് മലയാളി; മുന്‍ സിപിഎം എംഎല്‍എ ടി കെ ദേവകുമാറിന്റെ മകന്‍ സുബ്രഹ്‌മണ്യന്‍ കൈസന്‍ ഗ്രൂപ്പുമായി സഹകരിക്കുന്ന റിലയന്‍സ് ജീവനക്കാരന്‍; വിവാദം സര്‍ക്കാര്‍ വിശദീകരിക്കട്ടെയെന്ന് കൈസന്‍

മലപ്പുറത്തെ സ്വര്‍ണക്കടത്ത് വിവരങ്ങള്‍ ദി ഹിന്ദുവിന് കൈമാറിയത് മലയാളി

Update: 2024-10-02 08:26 GMT

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദമായ അഭിമുഖം ദ ഹിന്ദു ദിനപത്രം എടുക്കുമ്പോള്‍ ഡല്‍ഹിയിലെ കേരള ഹൗസില്‍ പി ആര്‍ കമ്പനിയായ കൈസന്‍ ഗ്രൂപ്പിന്റെ സിഇഇയും ഉണ്ടായിരുന്നതായി വിവരം. മുഖ്യമന്ത്രിക്കൊപ്പം രണ്ട് പേര്‍ അഭിമുഖ വേളില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. മലപ്പുറത്തെ സ്വര്‍ണ്ണക്കടത്ത് വിവരം അഭിമുഖത്തില്‍ ചേര്‍ക്കാനാവശ്യപ്പെട്ടത് കൈസന്‍ ഗ്രൂപ്പുമായി സഹകരിക്കുന്ന റിലയന്‍സ് ജീവനക്കാരനാണെന്നും വ്യക്തമായി.

മുന്‍ സിപിഎം എംഎല്‍എ ടി കെ ദേവകുമാറിന്റെ മകന്‍ സുബ്രഹ്‌മണ്യനാണ് ഈ വ്യക്തി. മറ്റ് രണ്ട് പ്രധാന പത്രങ്ങളെയും അഭിമുഖത്തിനായി പിആര്‍ ഏജന്‍സി സമീപിച്ചിരുന്നതായും വിവരങ്ങളുണ്ട്. സുബ്രഹ്‌മണ്യന്‍ ഇത്തരമൊരു വിവരം പത്രത്തിന് നല്‍കിയത് ആരുടെ താല്‍പ്പര്യപ്രകാരമാണ് എന്നതാണ് ഇനി അറിയേണ്ട കാര്യം. വിഷയം മുഖ്യമന്ത്രിയുടെ ഇമേജിന് വലിയ പരിക്കുണ്ടാക്കി എന്നതാണ് പൊതുവിലയിലുത്തല്‍.

മുഖ്യമന്ത്രിക്കെന്തിന് പി ആര്‍ എന്ന ചോദ്യം സിപിഎം ഉയര്‍ത്തുമ്പോള്‍ ടോപ്പ് ക്ലയന്റിന്റെ അഭിമുഖ വേളയില്‍ സാന്നിധ്യമറിയിച്ചത് കൈസന്‍ ഗ്രൂപ്പിന്റെ സിഇഒ വിനീത് ഹാന്‍ഡെയുമായിരുന്നു. ഇത് കൂടുതല്‍ സഹകരണങ്ങള്‍ക്കുള്ള മുന്നൊരുക്കമായി വിലയിരുത്തുന്നു. അഭിമുഖത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്ത ഹാന്‍ഡെക്കൊപ്പമുണ്ടായിരുന്നത് പൊളിറ്റിക്കല്‍ വിംഗില്‍ ഇത്തരം കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ടി ഡി സുബ്രഹ്‌മണ്യനാണ്.

സുബ്രഹ്‌മണ്യനാണ് അഭിമുഖത്തില്‍ ചേര്‍ക്കേണ്ട കൂടുതല്‍ വിവരങ്ങള്‍, അതായത് മലപ്പുറത്തെ സ്വര്‍ണ്ണക്കടത്തിന്റേതടക്കം വിശദാംശങ്ങള്‍ ലേഖികക്ക് കൈമാറിയത്. അഭിമുഖത്തില്‍ പറയാന്‍ വിട്ടുപോയതാണെന്നും ഈ വിവരങ്ങള്‍ കൂടി വരേണ്ടതുണ്ടെന്നും സുബ്രഹ്‌മണ്യന്‍ പറഞ്ഞതായാണ് വിവരം. റിലയന്‍സ് കമ്പനിയില്‍ ജോലി നോക്കുന്ന സുബ്രഹ്‌മണ്യന് കൈസന്റെ ഇത്തരം പ്രോജക്ടുകളുമായി സഹകരിക്കാറുണ്ടെന്നാണ് വിശദീകരണം.

കൈസന്റെ 75 ശതമാനം ഓഹരികളുമുള്ള കമ്പനിക്ക് റിലയന്‍സുമായി ബന്ധമുണ്ട്. സുബ്രമണ്യന്റെ ഇടപെടലിന് ഇതും കാരണമാണ്. ദ ഹിന്ദുവിന് പുറമെ മറ്റ് രണ്ട് പത്രങ്ങളെയും ഇതേ ഏജന്‍സി അഭിമുഖത്തിന് സമീപിച്ചിരുന്നു. ഡല്‍ഹിയിലോ കേരളത്തിലോ ഇത് പിന്നീട് നല്കാം എന്ന് ഇവരെ പിന്നീട് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അഭിമുഖം വിവാദമായതോടെ ഓണ്‍ലൈനില്‍ ഇത് തിരുത്തണം എന്നാണ് ഏജന്‍സി മുഖേന മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആദ്യം അറിയിച്ചത്. എന്നാല്‍ ഇതിന് തയ്യാറാകാതെ വന്നതോടെയാണ് പ്രസ് സെക്രട്ടറി കുറിപ്പ് നല്‍കിയത്.

കഴിഞ്ഞ ലോക്‌സഭ തെരഞ്‌ഞെടുപ്പ് കാലത്തും പിണറായിക്കായി ഏജന്‍സികള്‍ മാധ്യമങ്ങളെ സമീപിച്ചിരുന്നു. കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ഇല്ലെന്നാണ് കൈസന്‍ ഗ്രൂപ്പിന്റെ പ്രതികരണം. കരാറിലടക്കമുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാത്ത കൈസന്‍ സര്‍ക്കാര്‍ വിശദീകരിക്കട്ടയെന്നാണ് നിലപാടെടുക്കുന്നത്. വിഷയം രാഷ്ട്രീയമായി പിണറായി വിജയന് ഏറെ ക്ഷീണം ചെയ്യുമെന്ന ഉറപ്പാണ്. ഈ പി ആര്‍ ഏജന്‍സിക്ക് ആരാണ് പണം നല്‍കുന്നതെന്ന ചര്‍ച്ചയും സജീവം. വരും ദിവസങ്ങളില്‍ വിവരാവകാശ ചോദ്യമായി ഇത് സര്‍ക്കാരിന് മുന്നിലെത്തും.

ഇന്ത്യയിലും വിദേശത്തും സാന്നിധ്യമുള്ള 'കെയ്സന്‍ ഗ്ലോബല്‍' എന്ന പബ്ലിക് റിലേഷന്‍സ്ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ ഇടപാടുകാരില്‍ വേദാന്ത, നാസ്‌കോം ഫൗണ്ടേഷന്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. മാര്‍ക്കറ്റിങ്, പിആര്‍ രംഗങ്ങളില്‍ അനുഭവപരിചയമുള്ള വിനീത് ഹാണ്ഡയുടെ നേതൃത്വത്തില്‍ 2008 ല്‍ ആരംഭിച്ച കമ്പനി ഇന്ത്യയിലെ വമ്പന്‍ കമ്പനിയാണ്. കമ്പനി പ്രസിഡന്റും മലയാളിയുമായ നിഖില്‍ പവിത്രന്‍ മുംബൈ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിക്കുന്നത്. 2018 ല്‍ വൈസ് പ്രസിഡന്റ് പദവിയില്‍ കെയ്സനിലെത്തിയ നിഖില്‍, കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണു പ്രസിഡന്റായത്. ഈ കമ്പനിയാണ് മുഖ്യമന്ത്രിയുടെ 'പിആര്‍ വിവാദത്തില്‍' കുടുങ്ങുന്നത്.

ഹിന്ദു പത്രത്തിലെ 'മലപ്പുറം' പരാമര്‍ശമാണ് വിവാദമായത്. ഇത് താന്‍ പറഞ്ഞതല്ലെന്ന് പറഞ്ഞ് ഹിന്ദു പത്രത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളി പറഞ്ഞു. പിന്നാലെ ഹിന്ദു എല്ലാം പി ആര്‍ എജന്‍സിയുടെ തലയിലിട്ട് മാപ്പും പറഞ്ഞു. എന്നിട്ടും പിആര്‍ ഏജന്‍സിയെ തള്ളി പറയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല. ഇതും ചര്‍ച്ചകളില്‍ നിറയുന്നു. മലപ്പുറത്തെ വിവാദത്തിലേക്ക് കൊണ്ടു വന്നത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. ബിജെപിക്കായാണ് ഈ വാദം കൊണ്ടു വന്നതെന്ന ചര്‍ച്ചയാണ് പ്രതിപക്ഷം കൊണ്ടു വരുന്നത്.

Tags:    

Similar News