കൂടുതല്‍ പേര്‍ വാഹനത്തിലുണ്ടായിരുന്നത് അപകട ആഘാതം വര്‍ധിപ്പിച്ചു; ഇടിയുടെ ആഘാതം മുഴുവന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനത്തിലേക്ക് വന്നു; ബ്രേക്കിട്ടപ്പോള്‍ വാഹനം തെന്നിമാറാതെ ചെരിഞ്ഞു പോയി ഇടിച്ചു; കാര്‍ 90 ഡിഗ്രി തിരിഞ്ഞത് ഡ്രൈവറെ രക്ഷിച്ചു; കളര്‍കോട് ദുരന്തമായത് നാല് വീഴ്ചകളില്‍

Update: 2024-12-04 01:43 GMT

ആലപ്പുഴ: കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ച അപകടത്തിന് മുഖ്യമായും നാലു കാരണങ്ങളാണെന്ന് മോട്ടോര്‍വാഹന വകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തം. ഓവര്‍ലോഡ്, വാഹനത്തിന്റെ കാലപ്പഴക്കം, പ്രതികൂല കാലാവസ്ഥ, വാഹനം ഓടിച്ച വിദ്യാര്‍ഥിയുടെ പരിചയക്കുറവ് എന്നിങ്ങനെ നാലു ഘടകങ്ങള്‍ അപകടത്തിന് കാരണമായി.

പഴക്കമുള്ള വാഹനത്തിന്റെ ബോഡിയ്ക്ക് ചെറിയ ഇടി പോലും താങ്ങാനാകില്ല. ബ്രേക്കിന്റെ ശേഷിയും കുറയും. ഗ്ലാസിലൂടെയുള്ള കാഴ്ചയ്ക്കു വ്യക്തത ഇല്ലാതാകും. വൈപ്പര്‍ ഉണ്ടെങ്കിലും ഗ്ലാസില്‍ വെള്ളം തങ്ങി നില്‍ക്കും. ടയറിന്റെ തേയ്മാനം കാരണം വാഹനം വേഗത്തില്‍ തെന്നിമാറും. കനത്ത മഴയില്‍ ഡ്രൈവര്‍ക്കു റോഡ് കൃത്യമായി കാണാന്‍ കഴിഞ്ഞിരിക്കില്ലെന്നാണ് നിഗമനം.

എതിരെ വന്ന വാഹനം ഏതെന്നു കൃത്യമായി മനസ്സിലാകാതെ കാര്‍ വലത്തേക്കു വെട്ടിത്തിരിച്ചപ്പോള്‍ ബസിനു മുന്നിലേക്കെത്തുകയായിരുന്നു. കാര്‍ 90 ഡിഗ്രി തിരിഞ്ഞാണ് ബസില്‍ ഇടിച്ചത്. ബസുമായി ഇടിച്ച ഭാഗത്തിന്റെ മറുവശത്തായതിനാലാണ് കാറിന്റെ ഡ്രൈവര്‍ സുരക്ഷിതനായത്. കാറില്‍ തിങ്ങി ഞെരുങ്ങി ഇരുന്നവര്‍ക്ക് ഇടിയുടെ ആഘാതത്തില്‍ ഗുരുതര പരുക്കേറ്റു. കാറില്‍ 11 വിദ്യാര്‍ഥികളുണ്ടായിരുന്നു. പുറകിലെ സീറ്റില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നു. ഇതും അപകടത്തിന്റെ ആഘാതം കൂട്ടി. കാര്‍ തെന്നി മാറി ഇടിച്ചതിനാലാണ് മറുവശത്തിരുന്ന ഡ്രൈവര്‍ രക്ഷപ്പെട്ടത്.

കാറില്‍ എയര്‍ബാഗ് സംവിധാനവും ഇല്ലായിരുന്നു. ഡ്രൈവര്‍ക്കു പരിചയക്കുറവ് ഉണ്ടായിരിക്കും. കാറിന് ആന്റി ലോക്ക് ബ്രേക്കിങ് (എബിഎസ്) സംവിധാനം ഇല്ലായിരുന്നു. ആന്റി ലോക്ക് സംവിധാനമില്ലാത്തതിനാല്‍ വീല്‍ ലോക്കായി. മഴ പെയ്തു നനഞ്ഞ റോഡില്‍ കാര്‍ തെന്നിയതും നിയന്ത്രണങ്ങള്‍ക്ക് അപ്പുറമായി. വിശദമായ അന്വേഷണത്തിന് കലക്ടര്‍ ആര്‍ടിഒയ്ക്ക് നിര്‍ദേശം നല്‍കി. പൊലീസും വിശദമായ അന്വേഷണം നടത്തും.

കൂടുതല്‍ പേര്‍ വാഹനത്തിലുണ്ടായിരുന്നത് അപകടത്തിന്റെ ആഘാതം വര്‍ധിക്കുന്നതിന് കാരണമായി. ഇടിയുടെ ആഘാതം മുഴുവന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനത്തിലേക്ക് വന്നു.പെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ വാഹനം തെന്നിമാറാതെ ചെരിഞ്ഞുപോയി ഇടിക്കുകയായിരുന്നു. വാഹനത്തിലെ ഓവര്‍ലോഡ് കാരണം തെറിച്ചുപോകാതെ ഇടിയുടെ ആഘാതം മുഴുവന്‍ ഉള്ളിലേക്ക് വന്നു. അതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. തെറിച്ചുപോയിരുന്നെങ്കില്‍ ആഘാതം കുറയുമായിരുന്നു.

അപകടത്തിന്റെ ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കും. മഴ വന്നതിനാല്‍ അവിടെ വെള്ളക്കെട്ട് ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. ഇതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍. മഴയുടെ ബുദ്ധിമുട്ട് അപകടകാരണമായെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നതെന്നും അപകട സാധ്യതയുള്ള സ്ഥലമെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്എപി എ. സുനില്‍ രാജ് പറഞ്ഞു. അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേയും കേസെടുത്തു.

വൈദ്യപഠനത്തിനായി 45 ദിവസം മുന്‍പാണ് മരിച്ച വിദ്യാര്‍ഥികള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് കാമ്പസിലെത്തിയത്. പലരും പരിചയപ്പെട്ട് തുടങ്ങിയതേയുള്ളൂ. ഇതിനിടയിലാണ് ദുരന്തം വിതച്ച് അപകടമെത്തിയത്. അന്ന് പരീക്ഷയായിരുന്നു. പരീക്ഷയുടെ സമ്മര്‍ദ്ദം തീര്‍ന്ന സന്തോഷത്തിലാണ് രാത്രി സിനിമ കാണാന്‍ പോയത്. അത് അപകടമായി മാറി.

കളര്‍കോട് കെ.എസ്.ആര്‍.ടി.സി. ഫാസ്റ്റ് പാസഞ്ചര്‍ ബസും കാറും കൂട്ടിയിടിച്ചു മരിച്ച അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു നാട് വേദനയോടെയാണ് വിട നല്‍കിയത്. ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍(18), മുഹമ്മദ് ഇക്ബാല്‍(19), ദേവനന്ദന്‍(18), ആയുഷ് ഷാജി(20), ശ്രീദീപ് ശ്രീവത്സന്‍(19) എന്നിവരാണു മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ കളര്‍കോട് ചങ്ങനാശേരി ജങ്ഷന് സമീപമാണ് അപകടമുണ്ടായത്.

Tags:    

Similar News