വിവാഹം കഴിഞ്ഞ ആദ്യ നാളുകള്‍ മുതല്‍ ഗ്രീമയുടെ അമ്മ അവരുടെ ജീവിതത്തില്‍ അനാവശ്യമായി ഇടപെട്ടു; ഹണിമൂണ്‍ യാത്രയില്‍ പോലും നിരന്തരം ഫോണ്‍ വിളിച്ചു ശല്യപ്പെടുത്തി; ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് കാരണം അമ്മയുടെ അമിത വാത്സല്യം; സ്ത്രീധനം വാങ്ങിയിട്ടില്ല; വിവാഹ മോചനത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ആത്മഹത്യാ ഭീഷണി മുഴക്കി; അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഭര്‍ത്താവിന്റെ കുടുംബം

30 കാരിയും അമ്മയും ജീവനൊടുക്കിയതിനു പിന്നിൽ, മരുമകനോ?

Update: 2026-01-24 11:37 GMT

തിരുവനന്തപുരം: കമലേശ്വരത്ത് മുപ്പതുകാരിയായ ഗ്രീമയും അമ്മയും ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്റെ കുടുംബം. മരണത്തിന് കാരണം ഉണ്ണിക്കൃഷ്ണന്റെ പീഡനമാണെന്ന ആരോപണങ്ങള്‍ നിഷേധിച്ചാണ് കുടുംബം രംഗത്തുവന്നത്. ഗ്രീമയുടെ അമ്മയുടെ അമിതമായ ഇടപെടലുകളാാണ് ദമ്പതികളുടെ ദാമ്പത്യത്തെ ബാധിച്ചത് എന്നാണ് ഉണ്ണികൃഷ്ണന്റെ സഹോദരന് വെളിപ്പെടുത്തുന്നത്.

ഉണ്ണിക്കൃഷ്ണന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും അമ്മ സജിതയുടെ ഗ്രീമയോടുള്ള അമിത വാത്സല്യവും സ്വാര്‍ത്ഥതയുമാണ് ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സഹോദരന് ബി എം ചന്തു വ്യക്തമാക്കി. വിവാഹം കഴിഞ്ഞ ആദ്യ നാളുകള്‍ മുതല്‍ ഗ്രീമയുടെ അമ്മ ദമ്പതികളുടെ സ്വകാര്യ ജീവിതത്തില്‍ അനാവശ്യമായി ഇടപെട്ടിരുന്നു. ഹണിമൂണ്‍ യാത്രയില്‍ പോലും നിരന്തരം ഫോണ്‍ വിളിച്ചും മറ്റും സൈ്വര്യം കെടുത്തിയിരുന്നതായി സഹോദരന്‍ പറഞ്ഞു. ഫോണ്‍ വിളിക്കുമ്പോള്‍ ഗ്രീമ സ്പീക്കറില്‍ ഇടണമെന്നും മറുപടി അമ്മ നല്‍കണമെന്നും അവര്‍ നിര്‍ബന്ധിച്ചിരുന്നു.

ഉണ്ണിക്കൃഷ്ണന്‍ സ്ത്രീധനത്തിനായി ഗ്രീമയെ പീഡിപ്പിച്ചു എന്ന ആരോപണം കുടുംബം തള്ളി. 2016 മുതല്‍ അയര്‍ലന്‍ഡില്‍ ഫുള്‍ സ്‌കോളര്‍ഷിപ്പോടെ പിഎച്ച്ഡി ചെയ്യുകയാണ് ഉണ്ണിക്കൃഷ്ണന്‍. ഉണ്ണികൃഷ്ണന്‍ അയര്‍ലന്‍ഡില്‍ ട്രിനിറ്റി കോളേജില്‍ പിഎച്ച്ഡിക്ക് പോയത് പൂര്‍ണ്ണമായ സ്‌കോളര്‍ഷിപ്പോടെയാണെന്നും അല്ലാതെ സ്ത്രീധന തുക കൊണ്ടല്ലെന്നും സഹോദരന്‍ വ്യക്തമാക്കി. വിവാഹ സമയത്ത് നല്‍കിയ 200 പവന്‍ സ്വര്‍ണം തങ്ങള്‍ എടുത്തിട്ടില്ലെന്നും അത് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ഗ്രീമയുടെ ആത്മഹത്യാ കുറിപ്പില്‍ തന്നെ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Full View

ഉണ്ണികൃഷ്ണനും ഗ്രീമയും തമ്മില്‍ ഒട്ടും പൊരുത്തപ്പെട്ടു പോകാന്‍ സാധിച്ചിരുന്നില്ല. ഇക്കാരണത്താല്‍ രണ്ട് തവണ ഫാമിലി കൗണ്‍സിലിംഗിന് വിധേയമായിരുന്നു. ദമ്പതികള്‍ വേര്‍പിരിയുന്നതാണ് നല്ലതെന്നാണ് കൗണ്‍സിലിംഗില്‍ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചതെന്നും കുടുംബം പറയുന്നു. വിവാഹമോചനത്തിനോ മറ്റോ ശ്രമിച്ചാല്‍ ഉണ്ണികൃഷ്ണന്റെ വീടിന് മുന്നില്‍ വന്ന് ആത്മഹത്യ ചെയ്യുമെന്ന് ഗ്രീമയും അമ്മയും നേരത്തെ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. 2020 മുതല്‍ പലപ്പോഴും ഇത്തരത്തില്‍ ഭീഷണികള്‍ ഉണ്ടായിരുന്നുവെന്നും അവര്‍ ആരോപിക്കുന്നു. കുടുംബപ്രശ്‌നത്തില്‍ മറ്റൊരാളും ഇടപെടുന്നത് ഇഷ്ടമായില്ലെന്ന നിലപാടിലായിരുന്നു അവരെന്നും സഹോദരന്‍ പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചതല്ലെന്നും അവിടെയുള്ള അപ്പാര്‍ട്ട്മെന്റിന്റെയും ജോലിയുടെയും കാര്യങ്ങള്‍ സെറ്റില്‍ ചെയ്യാന്‍ പോയതാണെന്നും കുടുംബം വ്യക്തമാക്കി. നിലവില്‍ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പൂന്തുറ പോലീസ് ഉണ്ണിക്കൃഷ്ണനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അദ്ദേഹം ഒളിവില്‍ പോകാന്‍ ശ്രമിച്ചതല്ലെന്നും അയര്‍ലന്‍ഡിലെ താമസം ഒഴിഞ്ഞു വരാന്‍ പോയതാണെന്നുമാണ് കുടുംബത്തിന്റെ വിശദീകരണം. അതേസമയം, ഉണ്ണിക്കൃഷ്ണനില്‍ നിന്ന് ഗ്രീമയ്ക്ക് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിടേണ്ടി വന്നതായി ഗ്രീമയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുണ്ട്.

കമലേശ്വരം ആര്യന്‍കുഴി ശാന്തിഗാര്‍ഡന്‍സില്‍ സോമനന്ദനത്തില്‍ പരേതനായ റിട്ട. അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. രാജീവിന്റെ ഭാര്യ എസ്.എല്‍. സജിത(54)യെയും മകള്‍ ഗ്രീമ എസ്. രാജി(30)നെയുമാണ് ഇക്കഴിഞ്ഞ ബുധനാഴ്ച വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം ഇവര്‍ സയനൈഡ് കഴിച്ച് ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബന്ധുവിന്റെ മരണത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇയാള്‍ അയര്‍ലന്‍ഡില്‍നിന്നു നാട്ടിലെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് ഗ്രീമയുടെയും അമ്മ സജിതയുടെയും മരണവിവരം പുറത്തറിയുന്നത്. ആത്മഹത്യ ചെയ്യുകയാണെന്ന് ബന്ധുക്കള്‍ക്ക് വാട്‌സാപ്പ് സന്ദേശം അയച്ച ശേഷമാണ് ഇരുവരും ജീവനൊടുക്കിയത്. ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനാണ് മരണത്തിനു കാരണമെന്നും വിവാഹത്തിനു ശേഷം വെറും 25 ദിവസം മാത്രം കൂടെത്താമസിച്ച മകളെ ഇയാള്‍ കാരണമൊന്നും കൂടാതെ ഉപേക്ഷിച്ചതായും ഇവര്‍ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. 200 പവനും വീടും സ്ഥലവും അടക്കമുള്ള സ്വത്തുക്കള്‍ നല്‍കിയാണ് വിവാഹം നടത്തിയത്.

ആറു വര്‍ഷം മുന്‍പായിരുന്നു ഗ്രീമയുടെയും ഉണ്ണികൃഷ്ണന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ഉണ്ണികൃഷ്ണന്‍ അയര്‍ലന്‍ഡിലേക്കു പോയി. ഗ്രീമ അമ്മയ്ക്കും അച്ഛനുമൊപ്പം കമലേശ്വരത്തെ വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഗ്രീമയുടെ അച്ഛന്‍ എന്‍. രാജീവ് മരിച്ചിരുന്നു. ബന്ധുവിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍, വിവാഹബന്ധം തുടരാന്‍ താല്പര്യമില്ലെന്ന് ഉണ്ണികൃഷ്ണന്‍ ഗ്രീമയോടു പറഞ്ഞിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. തുടര്‍ന്നുണ്ടായ മാനസികവിഷമമാണ് ഇരുവരുടെയും മരണത്തിലേക്കു നയിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഗ്രീമയുടെയും സജിതയുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

25 ദിവസം ഒരുമിച്ച് ജീവിച്ചശേഷം ഉപയോഗിച്ച ഉടുപ്പുപോലെ മകളെ ഉണ്ണികൃഷ്ണന്‍ എറിഞ്ഞുകളഞ്ഞു. ആറുവര്‍ഷത്തെ മാനസികപീഡനവും അവഗണനയുമാണ് ഗ്രീമ അനുഭവിച്ചത്. പിരിയാന്‍തക്ക കാരണങ്ങളൊന്നും ഇല്ല. നിസ്സാര കാരണങ്ങള്‍ പറഞ്ഞാണ് മകളെ ഉപേക്ഷിച്ചത്. അപമാനഭാരം സഹിക്കാന്‍വയ്യെന്നു പറഞ്ഞാണ് ഗ്രീമയുടെ അമ്മ സജിത കത്ത് അവസാനിപ്പിക്കുന്നത്. ആരും പെട്ടെന്ന് വരണ്ടെന്നും സയനൈഡ് കഴിച്ചാണ് തങ്ങള്‍ മരിക്കുന്നതെന്നും ഗ്രീമ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. നേരത്തേതന്നെ തങ്ങളുടെ കൈയില്‍ സയനൈഡ് ഉണ്ടെന്നും കൂട്ട ആത്മഹത്യ ഒഴിവാക്കാന്‍ ഇത്രയുംനാള്‍ ഉണ്ണികൃഷ്ണന്റെ കാലുപിടിക്കുകയായിരുന്നെന്നും കത്തിലുണ്ട്.

തന്റെ പേരിലുള്ള സ്വത്തുക്കള്‍ ഉണ്ണികൃഷ്ണനും സഹോദരന്‍മാര്‍ക്കും നല്‍കരുതെന്ന് വേറൊരു കത്തും ഗ്രീമ എഴുതിയിരുന്നു. തന്റെ ലോക്കറിലുള്ള 200 പവനും കമലേശ്വരത്തെ 2800 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടും 10 സെന്റ് സ്ഥലവും തന്റെ അമ്മാവന്‍മാരായ സജിത്ത് രാജിനും സജീന്‍രാജിനും നല്‍കാന്‍ ഉണ്ണികൃഷ്ണനും സഹോദരന്‍മാരും തയ്യാറാകണമെന്നാണ് കത്തില്‍ പറയുന്നത്. ചിറയിന്‍കീഴിലുള്ള അച്ഛന്റെയും കടയ്ക്കാവൂരിലുള്ള അമ്മയുടെയും വസ്തുക്കളുടെയും രണ്ട് കാറുകളുടെയും രേഖകളും കബോര്‍ഡില്‍ സൂക്ഷിച്ചിട്ടുണ്ട്. ഒരു പെണ്ണിന്റെ ശാപമുള്ള സ്വത്തുക്കള്‍ ഉണ്ണികൃഷ്ണനു നല്‍കാതെ അമ്മാവന്‍മാര്‍ക്കു കിട്ടാന്‍ എല്ലാവരും നടപടിയെടുക്കണമെന്നും ഗ്രീമ കത്തില്‍ സൂചിപ്പിക്കുന്നു.

Tags:    

Similar News