ചുമതലയേറ്റിട്ട് മാസങ്ങള്‍ മാത്രം; ഞൊടിയിടയില്‍ കാംകോയുടെ ജാതകം തെളിഞ്ഞു; അപ്രതീക്ഷിതമായ സസ്പെന്‍ഷനില്‍ ഷോക്കടിച്ചു ജീവനക്കാര്‍; കാംകോ എംഡി കൂടിയായ പ്രശാന്തിന്റെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് മാതൃഭൂമി കത്തിച്ച് ജീവനക്കാര്‍
കാംകോ എംഡി പ്രശാന്തിന്റെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് മാതൃഭൂമി കത്തിച്ച് ജീവനക്കാര്‍
തിരുവനന്തപുരം: 'കാലം മാറി, കഥ മാറി. ഇനി കാലത്തിനൊപ്പം സ്മാര്‍ട്ടായി കൃഷി ചെയ്യാന്‍ ''കതിര്‍'' ആപ്പുമായി കൃഷിവകുപ്പ്-ഓഗസ്റ്റില്‍ പ്രശാന്ത് എന്‍ ഇട്ട ഫേസ്ബുക്ക് കുറിപ്പിന് താഴെ ഒരു കര്‍ഷകര്‍ പരാതിപ്പെട്ടു: 'എന്ത് ആവശ്യത്തിന് കൃഷി ഭവനില്‍ ചെന്നാലും, കരം അടച്ച രസീത് ആധാര്‍, റേഷന്‍ കാര്‍ഡ്, ഫോട്ടോ, കര്‍ഷക റജിസ്‌ട്രേഷന്‍ എന്ന് പറഞ്ഞ് ഇതെല്ലാം വാങ്ങിയിട്ട് വര്‍ഷം കുറേ ആയി, പാവപ്പെട്ട കൃഷിക്കാര്‍ ഇതെല്ലാം ആയി നക്കാപ്പിച്ച കിട്ടാന്‍ പിന്നെയും എല്ലാ തവണയും നടപ്പ് തന്നെ'. ഉടനടി വന്നു കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ മറുപടി.'കൃഷിഭവനില്‍ പോകാതെ തന്നെ കര്‍ഷകന്റെ കാര്യങ്ങള്‍ നടത്തുന്ന പരിപാടിയാണ് കതിര്‍. ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ച് നോക്കൂ!'
തൃശൂര്‍ ജില്ലയിലെ അത്താണി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാംകോ എന്ന കേരളാ അഗ്രോ മെഷീനറി കോര്‍പ്പറേഷന്റെ ചുമതല പ്രശാന്ത് എന്ന കളക്ടര്‍ ബ്രോ ഏറ്റെടുത്തിട്ട് ഏതാനും മാസങ്ങളേ ആയുള്ളു. കാംകോയുടെ കുതിച്ചുചാട്ടത്തിനാണ് ചുരുങ്ങിയ നാളുകള്‍ കൊണ്ട് സാക്ഷ്യം വഹിച്ചത്. മാതൃഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് എതിരായ പോസ്റ്റുകള്‍ അച്ചടക്ക ലംഘനമായി കണക്കാക്കി പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. കാംകോയെ കരകയറ്റാന്‍ പണിപ്പെടുന്ന തങ്ങളുടെ മേധാവിക്ക് സസ്‌പെന്‍ഷന്‍ എന്ന വാര്‍ത്ത ജീവനക്കാരെ ഞെട്ടിച്ചു. കാംകോ എംഡിയായ പ്രശാന്തിന്റെ സസ്പന്‍ഷനില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചത് മാതൃഭൂമി പത്രം കത്തിച്ചുകൊണ്ടാണ്.
അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ ഫേസ്ബുക്കിലൂടെ നടത്തിയ തുറന്ന വിമര്‍ശനത്തിന് പിന്നാലെ, പുതിയ ഒളിയമ്പുമായി എന്‍ പ്രശാന്ത് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു, 'കര്‍ഷകനാണ്, കള പറിക്കാന്‍ ഇറങ്ങിയതാ...' എന്ന തലക്കെട്ടില്‍ പൊതുമേഖലാ സ്ഥാപനമായ കാംകോയുടെ വീഡറിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് പ്രശാന്തിന്റെ കുറിപ്പ്.
'ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പൂര്‍ണ്ണമായും കാംകോയുടെ വീഡര്‍ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞു! ' -എന്നാണ് കുറിപ്പിലുള്ളത്.
അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ എന്‍ പ്രശാന്ത് നടത്തിവരുന്ന വിമര്‍ശനങ്ങളുടെ തുടര്‍ച്ചയാണ് ഈ കുറിപ്പെന്നാണ് കമന്റുകളില്‍ പലരും അഭിപ്രായപ്പെട്ടത്.
ജയതിലകിനെതിരെ തുടര്‍ച്ചയായ മൂന്നു ദിവസമാണ് രൂക്ഷവിമര്‍ശനവുമായി പ്രശാന്ത് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് ഇന്നലെ ആരോപിച്ചത്. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനായിരുന്ന ജയതിലകിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിബിഐ അഴിമതിവിരുദ്ധ ബ്യൂറോ ശുപാര്‍ശ സംബന്ധിച്ച പത്രവാര്‍ത്ത സഹിതമായിരുന്നു പ്രശാന്തിന്റെ വിമര്‍ശനം.
അതേസമയം, തന്റെ വിശദീകരണം ചോദിക്കാതെയാണ് സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നതെന്നാണ് പ്രശാന്തിന്റെ പ്രതികരണം. ഫെയ്‌സ്ബുക് പോസ്റ്റുകളില്‍ ചട്ടലംഘനമില്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം, സര്‍ക്കാരിനെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. 'പ്രതികരിക്കാനുള്ള ഭരണപരമായ അവകാശം എനിക്കുണ്ട്. സര്‍ക്കാരിനെയും നയങ്ങളെയും വിമര്‍ശിക്കുന്നതിനാണു നിയന്ത്രണമുള്ളത്. പക്ഷേ, അതിനപ്പുറം എല്ലാവരെയും സുഖിപ്പിക്കണമെന്ന് നിയമത്തില്‍ ഒരിടത്തും പറഞ്ഞിട്ടില്ല.
ആള്‍ക്കാരെ സുഖിപ്പിക്കാനല്ല എനിക്കു ശമ്പളം തരുന്നത്. വിമര്‍ശനം നിരോധിച്ചുള്ള നിയമം ഇവിടെയുണ്ടോ? ജയതിലക് വിമര്‍ശനത്തിന് അതീതനാണെന്നു ചട്ടമുണ്ടോ? എന്റെ അറിവില്‍ ഇല്ല. എനിക്കെതിരെ വ്യാജരേഖ ചമച്ച് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്.ജയതിലകിന് എന്നോടു വ്യക്തിവിരോധമുണ്ടെന്നതു വ്യക്തമാണ്. ഫയലില്‍ ഞാന്‍ എഴുതുന്ന നോട്ടുകളെ എന്തിനാണു ഭയക്കുന്നത്? ഇരു ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അന്വേഷണമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇനിയുള്ള നടപടി.