ഉയർന്ന പലിശ വാഗ്ദാനം നൽകി നിക്ഷേപം സ്വീകരിച്ചു; ഓഡിറ്റിൽ പുറത്ത് വന്നത് കോടികളുടെ തിരിമറി; മാസങ്ങളോളം സൊസൈറ്റി കയറിയിറങ്ങിയിട്ടും നിക്ഷേപ തുക ലഭിച്ചില്ല; കണ്ണൂർ ബിൽഡിങ് മെറ്റീരിയൽ സഹകരണസംഘ സെക്രട്ടറി അറസ്റ്റിൽ; കൂട്ട് പ്രതി ഒളിവിൽ

Update: 2025-07-16 11:27 GMT

കണ്ണൂർ: കണ്ണൂർ ജില്ലാ ബിൽഡിങ് മെറ്റീരിയൽ സഹകരണ സംഘത്തിൽ കോടിക്കണക്കിനു രൂപയുടെ തിരിമറി നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. സൊസൈറ്റി സെക്രട്ടറിയായിരുന്ന പാനേരിച്ചാൽ കക്കോത്ത് സ്വദേശി ഇ.കെ.ഷാജിയാണ് (50) അറസ്റ്റിലായത്. നിക്ഷേപ തുകയും പലിശയും ആവശ്യപ്പെട്ട് മാസങ്ങളായി സൊസൈറ്റി കയറിയിറങ്ങിയിട്ടും വ്യക്തമായൊരു മറുപടി നൽകാൻ ഭരണസമിതിക്ക് കഴിയാതെ വന്നതോടെയാണ് നിക്ഷേപകർ പോലീസിൽ പരാതി നൽകുന്നത്. കണ്ണൂർ ചക്കരക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിനെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു.

തുടർന്ന് ഇരുവരും മുൻകൂർ ജാമ്യത്തിനു ശ്രമം നടത്തിവരികയായിരുന്നു. ജില്ലാ സെഷൻസ് കോടതി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളി. ഇതിനു പിന്നാലെ ഇരുവരും ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഇതിനിടെയാണ് ഷാജിയെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഷൈലജ ഒളിവിലാണ്. സെക്രട്ടറി അറസ്റ്റിലായതോടെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഭരണസമിതിയിലെ ചിലരും മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങിയിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ വത്സരാജ് പി.വി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇ.കെ ഷാജി 7,83,98,121 രൂപയും, കെ.കെ ഷൈലജ 21,00,530 രൂപയും തട്ടിയതായാണ് പരാതിയിൽ പറയുന്നത്. ബാങ്കിന്റെ പ്രസിഡന്റ് കെപിസിസി മെംബർ കൂടിയായ കെ.സി.മുഹമ്മദ് ഫൈസലായിരുന്നു.

തട്ടിപ്പ് പുറത്ത് വന്നതോടെ ഫൈസലിനെ ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. എന്നാൽ സാമ്പത്തിക തട്ടിപ്പിൽ കെ.സി.മുഹമ്മദ് ഫൈസലിനെതിരെ നിലവിൽ തെളിവുകൾ ഒന്നുമില്ല. കഴിഞ്ഞ വർഷം സഹകരണവകുപ്പ് നടത്തിയ ഓഡിറ്റിങ്ങിലാണ് വ്യാപകമായ രീതിയിൽ ഫണ്ട് വകമാറ്റി ചിലവഴിച്ചതായി കണ്ടെത്തിയത്. ഇതറിഞ്ഞ നിക്ഷേപകർ പണം പിൻവലിക്കാൻ എത്തിയത് വലിയ പ്രശ്നമായിരുന്നു. സംഘം സെക്രട്ടറി കൃത്യമായ രേഖകളില്ലാതെ വ്യാപകമായി ലോൺ അനുവദിച്ചിരുന്നതായും സ്വന്തം നിലയ്ക്ക് സ്വത്തുക്കൾ വാങ്ങികൂട്ടിയതായും ഭരണസമിതി കണ്ടെത്തിയിരുന്നതായി റിപ്പോർട്ടുണ്ട്.

അതേസമയം, സൊസൈറ്റിയിലെ തട്ടിപ്പ് സംബന്ധിച്ച് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന്റെ പ്രാഥമിക വിവരശേഖരണത്തിന്റെ ഭാഗമായി ജോ.റജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സംഘം സൊസൈറ്റിയിൽ എത്തി പരിശോധന നടത്തിയിരുന്നു. ഏതൊക്കെ രീതിയിലാണ് സാമ്പത്തിക ക്രമക്കേട് നടന്നിട്ടുള്ളത് എന്നും ഭരണസമിതി, സെക്രട്ടറി, മറ്റു ജീവനക്കാർ എന്നിവർക്കുള്ള പങ്കും സംഘം പരിശോധിച്ചിരുന്നു. ഉയർന്ന പലിശ വാഗ്ദാനം നൽകിയാണ് കൂടുതൽ നിക്ഷേപകരെ ഇവിടേക്ക് ആകർഷിച്ചത്.

നിക്ഷേപകരിൽ ഭൂരിഭാഗം പേരും കോൺഗ്രസ് അനുഭാവികളാണ്. വലിയ തട്ടിപ്പ് നടന്നിട്ടും പാർട്ടി തലത്തിൽ സ്വീകരിച്ച നടപടി ഇടപാടുകാരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണെന്നും ഭരണസമിതി അറിയാതെ ഇത്രയും വലിയ തട്ടിപ്പ് നടക്കില്ലെന്നുമാണു നിക്ഷേപകരുടെ ആരോപണം. കഴിഞ്ഞ കുറച്ച് കാലങ്ങളായി നിരവധി നിക്ഷേപകർ പ്രതിഷേധവുമായി സൊസൈറ്റിയിലെത്തി. എന്നാൽ ഭരണ സമിതിയുടെ നിരുത്തരവാദപരമായ നിലപാടാണ് നിയപടികളിലേക്ക് കടക്കാൻ കാരണമായതെന്നാണ് നിക്ഷേപകർ പറയുന്നത്.

Tags:    

Similar News