ജനരോഷത്തിന് വഴങ്ങി അറസ്റ്റിലേക്ക് നീങ്ങിയെങ്കിലും സര്‍ക്കാര്‍ നീങ്ങുന്നത് ദിവ്യയെ രക്ഷിക്കാന്‍ പഴുതിട്ട്; കളക്ടറുടെ മൊഴിയില്‍ പിടിച്ച് കയറാന്‍ ഗൂഢാലോചന; സിപിഎം സമ്മര്‍ദ്ദത്തിന് വഴങ്ങി ജനരോഷം കണ്ട് ഭയന്ന് ആകെ തകര്‍ന്ന് യുവ ഐഎഎസ്സുകാരന്‍

ജനരോഷത്തിന് വഴങ്ങി അറസ്റ്റിലേക്ക് നീങ്ങിയെങ്കിലും സര്‍ക്കാര്‍ നീങ്ങുന്നത് ദിവ്യയെ രക്ഷിക്കാന്‍ പഴുതിട്ട്

Update: 2024-10-31 05:42 GMT

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുതല്‍ രക്ഷാശ്രമങ്ങള്‍ വിവിധ ഇടങ്ങളില്‍ നിന്നും തുടങ്ങിയിരുന്നു. എന്നാല്‍, ഇതൊന്നും ജനരോഷം ശമിപ്പിക്കാന്‍ വകയുള്ള കാര്യമല്ലെന്ന് കണ്ടെപ്പോഴാണ് അവര്‍ കീഴടങ്ങിയതും. പാര്‍ട്ടിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കീഴടങ്ങിയ ദിവ്യ ഇപ്പോള്‍ ജയിലിലാണ്. ഇതിനിടെ കേസിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ദിവ്യയെ രക്ഷിക്കാനുള്ള തീവ്രശ്രമങ്ങളിലേക്ക് സിപിഎം കടക്കുമെന്ന സൂചനയുമുണ്ട്. ഉപതിരഞ്ഞെടുപ്പു കഴിയുന്നതു വരെ കാത്തു നിന്ന ശേഷം സിപിഎം ദിവ്യക്ക് മുന്നില്‍ അടിയുറച്ചു നിന്നേക്കും. ദിവ്യയെ രക്ഷപെടുത്താനുള്ള പഴുതുകള്‍ ഇട്ടു കൊണ്ടാണ് പോലീസിന്റെയും സര്‍ക്കാറിന്റെയും നീക്കം.

ഇതിന്റെ സൂചനയാണ് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍ പോലീസില്‍ നല്‍കിയ മൊഴിയും. തനിക്കു തെറ്റുപറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞതായി കലക്ടര്‍ അരുണ്‍ കെ.വിജയന്‍ പൊലീസിനു നല്‍കിയ മൊഴി പുറത്ത് വന്നപ്പോല്‍ തന്നെ ദിവ്യയെ വെള്ളപൂശാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടന്നിരുന്നു. സൈബറിടത്തില്‍ നവീന്‍ അഴിമതിക്കാരനാണെന്ന് പറഞ്ഞത് ശരിയായില്ലേ എന്ന വിധത്തില്‍ ചോദ്യങ്ങളുമായി ഒരു വിഭാഗം സൈബര്‍ സഖാക്കളുമെത്തി. എന്നാല്‍, താന്‍ പറഞ്ഞതിന് അപ്പുറത്തേക്ക് കൂടുതല്‍ കാര്യങ്ങളുണ്ടെന്നാണ് കലക്ടര്‍ വിശദീകരിച്ചതും. തെറ്റുപറ്റി എന്നത് പണം വാങ്ങി എന്ന വിധത്തില്‍ വ്യാഖ്യാനിക്കാന്‍ ആരും തയ്യാറായിട്ടില്ല. എന്നിരിക്കേയാണ് കലക്ടറുടെ ഈ മൊഴിയില്‍ സര്‍ക്കാര്‍ പിടിച്ചു കയറുന്നത്.

സിപിഎമ്മിന്റെ സമ്മര്‍ദ്ദനത്തിന് കലക്ടര്‍ വഴങ്ങിയെന്ന ആരോപണവും ശക്തമായിരുന്നു. മുസ്ലിംലീഗ് നേതാക്കള്‍ അടക്കം ഇക്കാര്യം ഉയര്‍ത്തി രംഗത്തു വന്നു. കലക്ടറേറ്റിലെ യാത്രയയപ്പു യോഗത്തില്‍ ജില്ലാ കലക്ടര്‍ സ്വീകരിച്ച കുറ്റകരമായ മൗനത്തെ സംബന്ധിച്ചും തുടര്‍ന്ന് അദ്ദേഹം പൊലീസിന് നല്‍കിയ മൊഴി സംബന്ധിച്ചും അതിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും അതിന് ജില്ലാ കലക്ടറെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലേരി ആവശ്യപ്പെട്ടു

ക്ഷണിക്കപ്പെടാത്ത യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വരുന്നതും അതില്‍ അവര്‍ പറയാന്‍ ഉദ്ദേശിക്കുന്നത് മുന്‍കൂട്ടി അറിഞ്ഞതും അത് പറയുന്നത് ശരിയല്ലെന്ന് അവരെ വിലക്കിയതുമായി കലക്ടര്‍ നല്‍കിയ മൊഴിയിലുണ്ട്. എന്നിട്ടും ഒരു ഉദ്യോഗസ്ഥനെ നിന്ദ്യമായി അപഹസിക്കുന്ന വിധത്തില്‍ പി.പി. ദിവ്യ സംസാരിച്ചപ്പോള്‍ കലക്ടര്‍ തടഞ്ഞില്ലെന്ന് മാത്രമല്ല കുറ്റകരമായ മൗനം ദീക്ഷിക്കുകയാണുണ്ടായത്.

മാത്രവുമല്ല, എഡിഎമ്മിന്റെ മരണശേഷം സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടിലോ ലാന്റ് റവന്യൂ ജോയന്റ് കമ്മീഷണര്‍ക്ക് നല്‍കിയ മൊഴിയിലോ കലക്ടര്‍ അത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ല. സ്വാഭാവികമായും അതിന് ശേഷം പോലീസിന് നല്‍കിയ മൊഴിയിലാണ് മരണപ്പെട്ട ഒരാളെ കുറിച്ച്, കേസന്വേഷണത്തെ തന്നെ ബാധിക്കാവുന്ന വിധത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന വിധത്തില്‍ എഡിഎം കുറ്റസമ്മതം നടത്തിയെന്ന് കലക്ടര്‍ പറഞ്ഞത്.

അത്തരമൊഴി യെ കുറിച്ച് ദിവ്യയുടെ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വിചാരണ വേളയില്‍ കോടതിയില്‍ പരാമര്‍ശിക്കുകയുമുണ്ടായി.ഇത് വലിയൊരു ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്നതാണ്. എഡിഎമ്മിന്റെ ആത്മഹത്യക്ക് ശേഷം കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയെ രാത്രി അദ്ദേഹത്തിന്റെ വസതിയിലെത്തി കലക്ടര്‍ കണ്ടത് ഇതോടൊന്നിച്ച് കൂട്ടിവായിക്കണമെന്നും ലീഗ് നേതാവ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം നവീന്‍ ബാബുവിന്റെ കുടുംബം അടക്കം കലക്ടര്‍ക്കെതിരെ രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കലക്ടറെ സമ്മര്‍ദ്ദത്തിലാക്കി സിപിഎം വരുതിയില്‍ നിര്‍ത്തുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കടുത്തസമ്മര്‍ദ്ദത്തിലാണ് യുവ ഐഎഎസുകാരന്‍ എന്നാണ് ലഭിക്കുന്ന വിവരം. പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയുള്ള വിധിന്യായത്തിന്റെ 34ാം പേജിലാണ് കലക്ടറുടെ വിവാദമായേക്കാവുന്ന മൊഴി പരാമര്‍ശിക്കുന്നത്. എന്നാല്‍ തെറ്റുപറ്റിയെന്നു പറയുന്നത് കൈക്കൂലിയോ മറ്റെന്തെങ്കിലും അഴിമതിയോ നടത്തിയതായ സമ്മതമാകില്ലെന്നു വ്യക്തമാക്കി കോടതി കലക്ടറുടെ മൊഴി തള്ളി.

ഒരു പക്ഷേ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കേണ്ടതില്ലെന്ന തിരിച്ചറിവില്‍ നവീന്‍ ബാബു പറഞ്ഞതുമാകും. നിബന്ധനകള്‍ക്ക് വിധേയമായി എന്‍ഒസി അനുവദിച്ചത് തന്നെ നവീന്‍ ബാബുവിന്റെ അഴിമതി വിരുദ്ധതയ്ക്ക് തെളിവാണ്. എന്നാല്‍ അതിനെ ദിവ്യയ്ക്ക് അനുകൂലമാക്കാനുള്ള ശ്രമായി കളക്ടറുടെ മൊഴി വിലയിരുത്തപ്പെടുന്നു. കലക്ടര്‍ പൊലീസിന് ഇങ്ങനെ മൊഴി നല്‍കിയ കാര്യം വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകന്‍ കെ.വിശ്വന്‍ ഉന്നയിച്ചിരുന്നു. ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ ഉന്നയിക്കാനായൊരു പോയിന്റായി അത് മാറി എന്നതാണ് വസ്തുത. വകുപ്പ് തല അന്വേഷണത്തില്‍ നവീന്‍ ബാബുവിനെ കുറിച്ച് നല്ലതു മാത്രമാണ് കളക്ടര്‍ പറഞ്ഞത്. ഈ സാഹചര്യത്തിലാണ് പോലീസിന് നല്‍കിയ മൊഴി വിവാദമായി മാറുന്നത്.

നവീന്‍ ബാബുവിന്റെ മരണത്തിലെ അന്വേഷണത്തില്‍ കളക്ടര്‍ ഇരട്ട നിലപാട് എടുത്തുവെന്ന് വ്യക്തമാണ്. കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ രക്ഷിക്കാന്‍ കളക്ടര്‍ ശ്രമിച്ചുവെന്ന ആരോപണം ശക്തമാക്കുന്ന മൊഴി പുറത്തു വന്നിരുന്നു. ഇതോടെ യാത്ര അയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യ എത്തിയത് ദുരൂഹമായി മാറുന്നു. കളക്ടറുടെ ഇടപെടലും നവീന്‍ ബാബുവിന്റെ മരണത്തിന് കാരണമായിട്ടുണ്ട്. ദിവ്യയ്ക്കൊപ്പം ജില്ലാ കളക്ടര്‍ ആയ മേലുദ്യോഗസ്ഥന്റെ രീതികളും നവീന്‍ ബാബുവിനെ സ്വാധീനിച്ചു. നവീന്‍ ബാബുവിന്റെ മരണം അറിഞ്ഞ് ക്വാര്‍ട്ടേഴ്സില്‍ ഓടിയെത്തിയ കളക്ടറുടെ നേതൃത്വത്തില്‍ തെളിവ് നശീകരണം നടന്നുവെന്ന സംശയവും വ്യാപകമാണ്.

അതിവേഗ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവുമെല്ലാം സംശയത്തിലാവുകയാണ്. എന്നാല്‍ അന്വേഷണം പിപി ദിവ്യയില്‍ ചുരുക്കാനാണ് പോലീസ് നീക്കം. കണ്ണൂരിലെ എഡിഎമ്മിന്റെ മരണത്തിലെ സത്യം കണ്ടെത്താന്‍ സിബിഐ എന്ന അനിവാര്യതയിലേക്ക് ചര്‍ച്ച എത്തുകയാണ്. ഇതിനെല്ലാം കാരണം ദിവ്യയുടെ ജാമ്യം തള്ളല്‍ വിധിയില്‍ കളക്ടറുടെ ഇടപെടലുകള്‍ ദരൂഹമാണെന്ന സൂചനയുള്ളതു കൊണ്ട് കൂടിയാണ്. കളക്ടറെ സര്‍ക്കാര്‍ കൈവിടുന്നില്ലെന്നതും ശ്രദ്ധേയാണ്. നവീന്‍ ബാബു മരിച്ചിട്ടും ഇത്രയും ദിവസം കളക്ടറെ കണ്ണൂരില്‍ നിന്നും മാറ്റാത്ത സര്‍ക്കാര്‍ നിലപാടും സംശയങ്ങള്‍ക്ക് പുതുമാനം നല്‍കുന്നു.


Full View

നേരത്തെ യാത്രയയപ്പു യോഗത്തിനു ശേഷം എഡിഎമ്മിനെ കണ്ടിരുന്നോ എന്ന് മാധ്യമങ്ങള്‍ പലവട്ടം ചോദിച്ചിരുന്നുവെങ്കിലും കലക്ടര്‍ മറുപടി നല്‍കിയിരുന്നില്ല. ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നതായി എഡിഎമ്മിന്റെ മരണശേഷം സര്‍ക്കാരിനു കലക്ടര്‍ തന്നെ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലോ കലക്ടറുടെ ഉള്‍പ്പെടെ മൊഴിയെടുത്ത് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ പി.ഗീത നല്‍കിയ റിപ്പോര്‍ട്ടിലോ പറയുന്നില്ല. ഇതിനെല്ലാം ശേഷമാണ് പൊലീസ് കലക്ടറുടെ മൊഴിയെടുത്തത്. ഇതു കൊണ്ടാണ് പോലീസിലെ മൊഴിക്ക് ഗൂഡാലോചനാ സ്വഭാവം വരുന്നത്. ഇതിന് പിന്നില്‍ സമ്മര്‍ദ്ദമുണ്ടായി എന്ന് തന്നെയാണ് നവീന്‍ ബാബുവിനെ സ്നേഹിക്കുന്നവര്‍ കരുതുന്നത്.

അതേസമയം കലക്ടറുടെ മൊഴി പുറത്തുവന്നിട്ടും എഡിഎം നവീന്‍ ബാബുവിനെ അനുകൂലിക്കുന്ന നിലപാട് ആവര്‍ത്തിച്ച് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ രംഗത്തുവന്നിരുന്നു. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ മന്ത്രിക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പൊലീസിന് നല്‍കിയ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. എഡിഎം മരിച്ച ശേഷം എടുത്ത ആദ്യ നിലപാട് തന്നെയാണ് ഇപ്പോഴുമെന്നും കെ രാജന്‍ പറഞ്ഞു. കളക്ടറുടെ മൊഴിയില്‍ പരസ്യ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'മരണത്തിന് ശേഷം കളക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് അവിടെ നടന്ന കാര്യങ്ങളെ കുറിച്ചാണ്. അന്വേഷണം നടക്കുന്നതിനിടെ കണ്ണൂര്‍ കളക്ടറുടെ പരാമര്‍ശത്തോട് പരസ്യമായി പ്രതികരിക്കുന്നില്ല. റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് ഉടന്‍ കൈമാറും. റവന്യൂ വകുപ്പ് നടത്തിയ അന്വേഷണം എഡിഎം കൈകാര്യം ചെയ്ത ഫയലിനെ കുറിച്ചാണ് അല്ലാതെ കുറ്റകൃത്യത്തെ കുറിച്ചല്ല', മന്ത്രി പറഞ്ഞു.

അതേസമയം ജില്ലാ കളക്ടറുടെ മൊഴിയില്‍ വ്യക്തതയില്ലെന്ന് പി പി ദിവ്യ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു. തെറ്റ് ചെയ്തുവെന്ന് നവീന്‍ ബാബു പറഞ്ഞതായുള്ള മൊഴി പരിശോധിക്കണമെന്നും ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെടുന്നുണ്ട്. താന്‍ യാത്രയയപ്പ് ചടങ്ങിനെത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ടാണെന്ന മൊഴിയില്‍ പി പി ദിവ്യ ഉറച്ചുനില്‍ക്കുകയാണ്.

Tags:    

Similar News