കണ്ണൂരില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിച്ച് വിവാഹ ആഭാസം; പിഞ്ചുകുഞ്ഞ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍; ഉഗ്രശബ്ദം കേട്ട നടുക്കത്തില്‍ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി; കേസെടുക്കുമെന്ന് പോലീസ്

കണ്ണൂരില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിച്ച് വിവാഹ ആഭാസം

Update: 2025-01-16 06:14 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ മേഖലയിലെ കൊളവല്ലൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ തൃപ്പങ്ങോട്ടൂരില്‍ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിച്ചതിനെ തുടര്‍ന്ന് 22 ദിവസം മാത്രം പ്രായമുളള കുഞ്ഞ് ഗുരുതരാവസ്ഥയില്‍. അപസ്മാരം ഉള്‍പ്പെടെയുണ്ടായതിനെ തുടര്‍ന്ന് തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ അഷ്‌റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് ചാല മിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടില്‍ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങള്‍ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്റെ ജീവന്‍ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വന്‍ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടര്‍ന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അല്‍പ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയില്‍ വലിയ പടക്കം പൊട്ടിച്ചു. വന്‍ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയില്‍ തുടര്‍ന്നു. ശേഷം അനക്കമില്ലാതായി.

അതിന് ശേഷം വരന്‍ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയില്‍ ഉഗ്ര ശബ്ദത്തില്‍ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുളള സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുളള ആഘോഷം. നടപടിയാവശ്യപ്പെട്ട് കുടുംബം കൊളവല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. മകള്‍ക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്റെ പിതാവ് അഷ്‌റഫ് പറയുന്നു.

കല്ലിക്കണ്ടി മൗലോത്ത് ആനോളതില്‍ മൂസയുടെ മകന്‍ മഹറൂഫിന്റെ കല്യാണത്തിന് സ്‌ഫോടക വസ്തു ഉപയോഗിച്ച് വിവാഹ ആഭാസം നടത്തിയത്. വരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാനാണ് പൊലിസ് തീരുമാനം.

Tags:    

Similar News