'കുട്ടിയെ അക്രമിക്കാനാണ് അയാള്‍ ശ്രമിച്ചത്; സെയ്ഫ് ഒറ്റക്ക് അക്രമിയെ നേരിട്ടു, കുട്ടിയെ രക്ഷിച്ചു; സെയ്ഫിനെ ആവര്‍ത്തിച്ച് കുത്തുന്നത് കണ്ട് ഞാന്‍ പേടിച്ചുപോയി'; കരീന കപൂര്‍ പൊലീസിന് നല്‍കിയ മൊഴി വിവരങ്ങള്‍ പുറത്ത്; വീട്ടില്‍ നിന്നും ഒന്നും നഷ്ടപെട്ടിട്ടില്ലെന്നും മൊഴിയില്‍

സെയ്ഫിനെ ആവര്‍ത്തിച്ച് കുത്തുന്നത് കണ്ടുവെന്ന് മൊഴി നല്‍കി കരീന കപൂര്‍

Update: 2025-01-18 08:45 GMT

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മുംബൈയിലെ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് അജ്ഞാതന്റെ ആക്രമണത്തിന് ഇരയായത്. നടനെ കത്തികൊണ്ട് ആറുതവണ കുത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ 30ലധികം പോലീസ് സംഘങ്ങള്‍ ഊര്‍ജ്ജിതമായി ശ്രമിച്ചിട്ടും പിടികൂടാനായിട്ടില്ല. സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തില്‍ അധോലോക ബന്ധമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേ സമയം, സെയ്ഫിനെ അക്രമി ആവര്‍ത്തിച്ച് കുത്തുന്നത് താന്‍ കണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ഭാര്യ കരീന കപൂര്‍ പോലീസിന് നല്‍കിയ മൊഴിയിലെ വിവരങ്ങള്‍ പുറത്തുവന്നു. വീട്ടില്‍ നുഴഞ്ഞുകയറിയ വ്യക്തി ആക്രമണകാരിയായിരുന്നു. സെയ്ഫിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായിരുന്നു തങ്ങളുടെ മുന്‍ഗണന. വിലപിടിപ്പുള്ള വസ്തുക്കളൊന്നും അക്രമി വീട്ടില്‍ നിന്ന് കൊണ്ടുപോയിട്ടില്ലെന്നും കരീന ബാന്ദ്ര പോലീസിന് മുന്നില്‍ വ്യക്തമാക്കി.

കുട്ടിയെ അക്രമിക്കാനാണ് പ്രതി ശ്രമിച്ചത്. അക്രമം നടക്കുമ്പാള്‍ താന്‍ പേടിച്ചുപോയെന്നും സെയ്ഫ്, ഒറ്റക്കാണ് അക്രമിയെ നേരിട്ടതെന്നും കരീന പൊലീസിന് മൊഴി നല്‍കി. സെയ്ഫിന് കുത്തേറ്റതുകണ്ട് ഭയപ്പെട്ടുപോയ തന്നെ സഹോദരി കരിഷ്മ കപൂര്‍ എത്തിയാണ് വീട്ടിലേക്ക് കൊണ്ടുപോയതെന്നും കരീന പൊലീസിനോട് പറഞ്ഞു.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സെയ്ഫിന്റെ ബാന്ദ്ര വെസ്റ്റിലെ സദ്ഗുരു ശരണ്‍ കെട്ടിടത്തില്‍ വെച്ച് നടന്‍ ആക്രമിക്കപ്പെടുന്നത്. ഗുരുതരപരിക്കേറ്റ് ലീലാവതി ആശുപത്രിയില്‍ ചികിത്സയിലുള്ള താരം അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. നടന്റെ കൈയിലും കഴുത്തിലുമായി ആറ് മുറിവുകളുണ്ടായിരുന്നു. നട്ടെല്ലില്‍നിന്ന് രണ്ടര ഇഞ്ച് നീളമുള്ള കത്തി ശസ്ത്രക്രിയയിലൂടെ നീക്കിയതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ആക്രമണത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന് 54 മണിക്കൂറുകള്‍ പിന്നിടുമ്പോഴും പ്രതിയെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. 30-ലധികം ആളുകളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. സെയ്ഫ് അലിഖാനെ കുത്തിയ പ്രതി പ്രദേശം നേരത്തേ നിരീക്ഷിച്ചിരുന്നതായാണ് പോലീസ് സംശയിക്കുന്നത്. കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചതോടെ സി.സി.ടി.വി. ക്യാമറകള്‍ ഒഴിവാക്കാന്‍ ഫയര്‍ എക്‌സിറ്റ് പടികള്‍ കയറുകയായിരുന്നു. കൃത്യമായ ആസൂത്രണമില്ലാതെ ഇതിനു സാധിക്കില്ലെന്നാണ് പോലീസിന്റെ നിഗമനം.

അതേ സമയം, സെയ്ഫ് അലി ഖാന്‍ സുഖം പ്രാപിച്ചുവരികയാണെന്നും രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെടുമെന്നും നടന്‍ പ്രവേശിപ്പിച്ചിരിക്കുന്ന ലീലാവതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചത്. പുലര്‍ച്ചെ 2 മണിയോടെ ആക്രമണത്തിനിടെ നടന്റെ കഴുത്തില്‍ ഉള്‍പ്പെടെ ആറ് കുത്താണ് ഏറ്റത്. ലീലാവതി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്ന നടനെ. മകന്‍ എബ്രാഹിം ഒരു ഓട്ടോറിക്ഷയിലാണ് നടനെ ആശുപത്രിയില്‍ എത്തിച്ചത്.

'സെയ്ഫിന്റെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഞങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് അവന്‍ മികച്ച രീതിയില്‍ സുഖപ്പെടുന്നുണ്ട്. ഞങ്ങള്‍ അദ്ദേഹത്തിന് ബെഡ് റെസ്റ്റ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്, രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ഞങ്ങള്‍ അവനെ ഡിസ്ചാര്‍ജ് ചെയ്യും' ലീലാവതി ഹോസ്പിറ്റലിലെ ന്യൂറോ സര്‍ജന്‍ ഡോ നിതിന്‍ ഡാങ്കെയെ ഉദ്ധരിച്ച് ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

അതേ സമയം ശസ്ത്രക്രിയയ്ക്കിടെ സെയ്ഫ് അലിഖാന്റെ നട്ടെല്ലില്‍ കുടുങ്ങിയ രീതിയില്‍ ഉണ്ടായിരുന്ന 2.5 ഇഞ്ച് കത്തിക്കഷണം ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. കത്തി കേവലം 2 മില്ലീമീറ്ററോളം ആഴത്തില്‍ പോയിരുന്നെങ്കില്‍, അത് ഗുരുതരമായ പരിക്കിന് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്.

അതേ സമയം ആക്രമിയുമായി സാമ്യമുള്ള സെയ്ഫിന്റെ അപ്പാര്‍ട്ട്‌മെന്റിലെ കാര്‍പ്പന്ററെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ അല്ലെന്ന് അറിഞ്ഞതോടെ വിട്ടയച്ചു. ഇയാളെ വെള്ളിയാഴ്ച രാവിലെ ചോദ്യം ചെയ്യുന്നതിനായി ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നെങ്കിലും പിന്നീട് വിട്ടയച്ചു. .

അക്രമിയെന്ന് സംശയിക്കുന്നയാള്‍ ഏതെങ്കിലും ക്രിമിനല്‍ സംഘത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്നും ഒരുപക്ഷേ ആരുടെ വീട്ടിലാണ് കടന്നതെന്ന് പോലും അറിയില്ലായിരുന്നുവെന്നും ഇതുവരെ നടത്തിയ അന്വേഷണത്തെ ഉദ്ധരിച്ച് പോലീസ് വെള്ളിയാഴ്ച പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Similar News