നോമ്പുകഞ്ഞിയില്‍ വിഷം കലര്‍ത്തിയും ബലമായി വായില്‍ വിഷം ഒഴിച്ചുനല്‍കിയും കൊലപ്പെടുത്തി; എഴുതാന്‍ അറിയാത്ത നബീസയുടെ പേരില്‍ ആത്മഹത്യാക്കുറിപ്പും; നബീസ വധക്കേസില്‍ മകളുടെ മകനും ഭാര്യയ്ക്കും ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും

നബീസ വധക്കേസില്‍ മകളുടെ മകനും ഭാര്യയ്ക്കും ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും

Update: 2025-01-18 10:35 GMT

പാലക്കാട്: കരിമ്പുഴ തോട്ടര ഈങ്ങാക്കോടന്‍ മമ്മിയുടെ ഭാര്യ നബീസയെ (71) വിഷംനല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികളായ മകളുടെ മകനും ഭാര്യയ്ക്കും ജീവപര്യന്തം തടവുശിക്ഷവിധിച്ച് കോടതി. നബീസയുടെ മകളുടെ മകന്‍ തോട്ടര പടിഞ്ഞാറേതില്‍ ബഷീര്‍ (45), ഭാര്യ ഫസീല (36) എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. പ്രതികള്‍ക്ക് രണ്ടുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ആണ് വിധി പ്രസ്താവിച്ചത്.

2016 ജൂണ്‍ 23-നാണു നബീസ കൊല്ലപ്പെട്ടത്. മണ്ണാര്‍ക്കാട് നൊട്ടമലയിലെ ബന്ധുവീട്ടിലെത്തിയ നബീസയെ ബഷീറും ഫസീലയും ചേര്‍ന്ന്, ഇവര്‍ വാടകയ്ക്കു താമസിക്കുന്ന മണ്ണാര്‍ക്കാട് നമ്പിയാംകുന്നിലെ വീട്ടിലേക്കു കൊണ്ടുപോയി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും പിന്നീട് ബലമായി വായില്‍ വിഷം ഒഴിച്ചുനല്‍കിയും കൊലപ്പെടുത്തിയെന്നാണു കേസ്.

പിറ്റേദിവസം പുലര്‍ച്ചെ മൃതദേഹം കാറില്‍ കൊണ്ടുപോയി ആര്യമ്പാവ് റോഡിലെ ചെട്ടിക്കാട് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പറയുന്നു. അസ്വഭാവിക മരണത്തിനു നാട്ടുകല്‍ പോലീസാണു കേസ് രജിസ്റ്റര്‍ചെയ്തത്. മൃതദേഹത്തിനുസമീപമുള്ള ബാഗില്‍നിന്ന് ആത്മഹത്യാക്കുറിപ്പും നബീസയുടെ ഫോണും കണ്ടെടുത്തിരുന്നു. ഇതിലെ ആത്മഹത്യാക്കുറിപ്പാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

നബീസയ്ക്ക് എഴുതാന്‍ അറിയില്ലെന്നു ബന്ധുക്കളും നാട്ടുകാരും പോലീസിനെ അറിയിക്കുകയായിരുന്നു. വീട്ടില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നു ബഷീറിനെയും ഭാര്യയെയും വീട്ടില്‍നിന്നു മുന്‍പ് പുറത്താക്കിയിരുന്നു. സ്വര്‍ണം മോഷ്ടിച്ചതു നബീസ ബന്ധുക്കളോടും മറ്റും പറഞ്ഞതിലുള്ള വൈരാഗ്യംകൊണ്ടും ബഷീറിന്റെ മാതാവിന്റെ സ്വര്‍ണം കാണാതായതുസംബന്ധിച്ചുള്ള സംശയങ്ങള്‍ പുറത്തുവരാതിരിക്കാനുമാണു പ്രതികള്‍ കൊലപാതകം ആസൂത്രണംചെയ്തതെന്നു കുറ്റപത്രത്തില്‍ പറയുന്നു.

ഭര്‍ത്തൃപിതാവ് മുഹമ്മദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് ഫസീല. അഞ്ചുവര്‍ഷം കഠിനതടവും അരലക്ഷംരൂപ പിഴയുമാണ് ആ കേസില്‍ ശിക്ഷ ലഭിച്ചത്. ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കേ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

കൊലപാതക കുറ്റം തെളിവ് നശിപ്പിക്കല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണാണ് ശിക്ഷ വിധിച്ചത്. ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും നിര്‍ണായകമായ കേസില്‍ 35 സാക്ഷികളെ വിസ്തരിച്ചു. എട്ടുവര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കും ഒരു വര്‍ഷം നീണ്ട വിചാരണയ്ക്കുമൊടുവിലാണ് ശിക്ഷ വിധിക്കുന്നത്.

വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തത്. എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് 12 വയസായ മകനുണ്ട് എന്തെങ്കിലും ചെയ്യണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ഉത്തരം. മുന്‍കാല കേസുകള്‍ എടുത്ത് പറഞ്ഞപ്പോള്‍ ഒന്നാംപ്രതി ഫസീല കോടതിയില്‍ പൊട്ടിക്കരഞ്ഞു. അതൊന്നും തങ്ങള്‍ ചെയ്ത കുറ്റമല്ല, പൊലിസ് കുരുക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞായിരുന്നു കരച്ചില്‍.

മുന്‍കാല കുറ്റകൃത്യങ്ങള്‍ പരിഗണിക്കരുതെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ നബീസ കൊല്ലപ്പെട്ടത് അതിക്രൂരമെന്ന് പ്രൊസിക്യുഷന്‍ വാദിച്ചു. ഈ വാദം കോടതി ശരിവെച്ചു. വധശിക്ഷ നല്‍കണമെന്നും പാപങ്ങള്‍ പൊറുക്കാന്‍ പ്രാര്‍ത്ഥിക്കുന്ന റമദാന്‍ സമയത്ത് ചെയ്തത് അതിക്രൂര കൃത്യമെന്ന് പ്രൊസിക്യുഷന്‍ വാദിച്ചു. റമദാന്‍ മാസത്തില്‍ പുണ്യം തേടുന്നത് യഥാര്‍ത്ഥ വിശ്വാസികളാണെന്നും പ്രൊസിക്യൂഷന്‍ പറഞ്ഞ കാര്യം പ്രതികള്‍ക്ക് ബാധകമല്ലെന്നും പ്രതികള്‍ വിശ്വാസികളാണോയെന്ന് എനിക്ക് തോന്നുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

Similar News