രണ്ട് ആണ്‍മക്കളുടെ കണ്‍മുമ്പില്‍ വച്ച് അച്ഛനെ കൊലപ്പെടുത്തുന്ന ഹമാസ് ഭീകരന്‍; തോക്കിന്‍ മുനയില്‍ അച്ഛന്റെ മൃതദോഹത്തിന് അരികിലൂടെ വീട്ടിലേക്ക് പോകുന്ന കുട്ടികള്‍; വേദന കൊണ്ട് പുളയുന്ന കുട്ടികളെ ശ്രദ്ധിക്കാതെ ഫ്രിഡ്ജില്‍ നിന്ന് ശീതള പാനീയം എടുക്കുന്ന ഭീകരന്‍; ഒക്ടോബര്‍ 7ലെ ഹമാസിന്റെ അരുംകൊലയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍
ഒക്ടോബര്‍ 7ലെ ഹമാസിന്റെ അരുംകൊലയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍
ടെല്‍അവീവ്: 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിനിടെ ഒരു വ്യക്തിയെ സ്വന്തം മക്കളുടെ മുന്നില്‍ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ്. ഹമാസ് നടത്തിയ ഈ ആക്രമണമാണ് ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായത്. ഗാസയിലെ ഇസ്രയേല്‍ നടപടികള്‍ക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് ഈ വീഡിയോ പുറത്തു വിടുന്നത്.
എന്നാല്‍ മരിച്ചയാളിന്റെ കുടുംബത്തിന്റെ ആഗ്രഹ പ്രകാരം വീഡിയോ ഇസ്രയേലില്‍ സംപ്രേഷണം ചെയ്യാനോ വിതരണം ചെയ്യാനോ പാടില്ലെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഗാസയുടെ വടക്കന്‍ അതിര്‍ത്തിയിലുള്ള നെറ്റിവ് ഹഅസാരയിലെ താസ കുടുംബത്തിന്റെ വീട്ടില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുളളത്.
46 വയസ്സുകാരനായ പിതാവ് ഗില്‍ തന്റെ രണ്ട് ആണ്‍മക്കളായ 12 വയസ്സുകാരന്‍ കോറനെയും 8 വയസ്സുകാരന്‍ ഷായെയും വീടിനു പുറത്തുള്ള ബോംബ് ഷെല്‍ട്ടറിലേക്ക് കൊണ്ടുപോവുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈ സമയം ഹമാസ് ഭീകരര്‍ ഷെല്‍ട്ടറിനുള്ളിലേക്ക് ഗ്രനേഡ് എറിയുകയും അത് പൊട്ടിത്തെറിച്ചതിന് ശേഷം ഗില്‍ ഷെല്‍ട്ടറിന്റെ പ്രവേശന കവാടത്തില്‍ വീഴുന്നതും കാണാം. രാവിലെ 6:29-നാണ് സംഭവം.
അടിവസ്ത്രം മാത്രം ധരിച്ചിരുന്ന കോറനും ഷായും, പിന്നീട് തോക്കിന്‍മുനയില്‍ ഷെല്‍ട്ടറില്‍ നിന്ന് പുറത്തിറങ്ങി പിതാവിന്റെ മൃതശരീരത്തിനരികിലൂടെ വീട്ടിലേക്ക് തിരികെ നടക്കുകയായിരുന്നു. ഗ്രനേഡ് ചീളുകള്‍ തറഞ്ഞു കയറി ഇരുവരുടെയും ശരീരം രക്തമയമായിരുന്നു. പിന്നീട് രണ്ട് കുട്ടികളും വേദനകൊണ്ട് പുളഞ്ഞ് സ്വീകരണമുറിയില്‍ സഹായത്തിനായി യാചിക്കുന്നത് കാണാം.
അതേ സമയം വീട്ടിലേക്ക് കയറുന്ന ഒരു ഭീകരന്‍ ഇതൊന്നും ശ്രദ്ധിക്കാതെ, ഫ്രിഡ്ജില്‍നിന്ന് ഒരു പാനീയം എടുക്കുന്നു. ആക്രമണത്തിന്റെ ഫലമായി ഷായുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ഇവരുടെ മൂത്ത സഹോദരനായ ഓര്‍, സമീപത്തുള്ള സിക്കിം ബീച്ചില്‍വെച്ച് ഹമാസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. നാലാമത്തെ സഹോദരനായ 15 വയസ്സുകാരന്‍ സോഹര്‍ ആക്രമണ സമയത്ത് അമ്മ സബിന്‍ താസയ്‌ക്കൊപ്പമായിരുന്നു.
വീഡിയോ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയതിനു സബിന്‍ താസയെ ബെഞ്ചമിന്‍ നെതന്യാഹു പ്രശംസിച്ചു. ഈ ദൃശ്യങ്ങള്‍ ഇപ്പോഴും ഓരോ ഹൃദയത്തെയും തകര്‍ക്കുമെന്നും പ്രചരിക്കുന്ന ഓരോ നുണയെയും നിശ്ശബ്ദമാക്കും എന്നും ഇസ്രായേലിനെ അപമാനിക്കുന്ന നേതാക്കളോട് താന്‍ പറയുന്നു, ഈ ദൃശ്യങ്ങള്‍ കാണൂ എന്നാണ് നെതന്യാഹു പറഞ്ഞത്.
ഒക്ടോബര്‍ ഏഴ് ആക്രമണത്തിനിടെ, ഹമാസ് 1,200 പേരെ കൊലപ്പെടുത്തുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. 48 ബന്ദികള്‍ ഇപ്പോള്‍ ഗാസയില്‍ തടവില്‍ കഴിയുന്നതായാണ് കരുതുന്നത്. ഗാസയിലെ മരണസംഖ്യ വര്‍ധിക്കുകയും പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തതോടെ ഇസ്രയേലിന്റെ സഖ്യകക്ഷികള്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഗാസയിലെ ആക്രമണത്തെ വിമര്‍ശിച്ചു തുടങ്ങിയിരുന്നു.