വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവേ സിപിഎം യുവജന സംഘടനയുടെ ഗുണ്ടകള്‍ പിന്തുടര്‍ന്നു; ഇടുക്കി മങ്ങാട്ട് കവലയില്‍ എത്തിയപ്പോള്‍ അപകടമുണ്ടാക്കി കാര്‍ മറിച്ചിടാന്‍ ശ്രമിച്ചത് ഡിവൈഎഫ്‌ഐക്കാര്‍; മറുനാടന്‍ എഡിറ്ററെ വകവരുത്താന്‍ നടന്നത് വന്‍ ഗൂഡാലോചന; ഷാജന്‍ സ്‌കറിയയ്ക്ക് മുഖത്ത് പരുക്ക്; നിര്‍ഭയം വാര്‍ത്ത ചെയ്യുന്നവര്‍ക്ക് കേരളത്തില്‍ രക്ഷയില്ലേ?
ഇടുക്കി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിച്ച് കൊല്ലാന്‍ ശ്രമം. ഇടുക്കിയിലാണ് സംഭവം. ഇടുക്കിയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഷാജന്‍ സ്‌കറിയയുടെ വാഹനം ഇടിച്ചിടാനായിരുന്നു. മറ്റൊരു വാഹനം തന്റെ കാറില്‍ ഇടിച്ചപ്പോള്‍ മുഖം സ്റ്റിയറിംഗില്‍ വന്നിടിച്ചു.
അങ്ങനെ മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു. ഡിവൈഎഫ്‌ഐ സംഘമാണ് ഷാജന്‍ സ്‌കറിയയെ ആക്രമിച്ചത്. സംഘത്തിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആദ്യം പ്രദേശത്തെ മറ്റൊരു സംഘത്തിലേക്ക് സംശയങ്ങളെത്തിയിരുന്നു. പിന്നീട് ആക്രമിക്കാന്‍ എത്തിയ വാഹനത്തില്‍ ഉണ്ടായിരുന്നത് ഡിവൈഎഫ് ഐക്കാരാണെന്ന് തിരിച്ചറിയുകയായിരുന്നു.
ഷാജന്‍ സ്‌കറിയയുടെ വാഹനത്തെ മറിച്ചിടുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. ഷാജന്‍ സ്‌കറിയയെ ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി മങ്ങാട്ട് കവലയില്‍ വച്ചായിരുന്നു സിപിഎം യുവജന സംഘടനാ പ്രവര്‍ത്തകരുടെ ആക്രമണം. ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയ ഷാജന്‍ സ്‌കറിയയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കേരളത്തിലെ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുള്‍പ്പെടെ ഈ ഗൂഡാലോചനയില്‍ പങ്കെടുത്തുവെന്ന സംശയം നേരത്തെ ഉയര്‍ന്നിരുന്നു. അത് സ്ഥിരീകരിക്കുന്നതാണ് ഡിവൈഎഫ് ഐ ആണെന്ന സൂചനകള്‍.
കാറില്‍ അതിവേഗതയില്‍ വന്ന മറ്റൊരു വാഹനം ഇടിച്ചു നിര്‍ത്തുകയായിരുന്നു. കല്യാണത്തിന് പങ്കെടുത്ത വിവരം അറിഞ്ഞ് ബോധപൂര്‍വ്വം ഇവര്‍ ഷാജന്‍ സ്‌കറിയയുടെ കാറിനെ പിന്തുടരുകയായിരുന്നു. ആക്രമണത്തില്‍ ഷാജന്‍ സ്‌കറിയയുടെ കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്റ്റിയറിംഗില്‍ മുഖം ഇടിച്ചാണ് മുഖത്ത് പരിക്കുണ്ടായത്.
പോലീസ് എത്തി മറ്റ് നടപടിക്രമങ്ങളിലേക്ക് കടന്നിട്ടുണ്ട്. വധശ്രമത്തിന് അടക്കം കേസ് രജിസ്റ്റര്‍ ചെയ്യും. വാഹനത്തില്‍ കൊണ്ടിടിച്ച് ആക്രമണം നടത്തിയവരെ വ്യക്തമായി തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദ അന്വേഷണം പോലീസ് നടത്തിയാല്‍ മാത്രമേ പ്രതികളെ അറസ്റ്റു ചെയ്യാന്‍ കഴിയൂ. അതിന് പോലീസ് തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.
നിര്‍ഭയം വാര്‍ത്ത ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് കേരളം സുരക്ഷിതമല്ലെന്ന സന്ദേശം നല്‍കാനാണ് ഈ ആക്രമണത്തിലൂടെ പ്രതികള്‍ ശ്രമിച്ചിരിക്കുന്നത്. തങ്ങളുടെ സ്വാധീന മേഖലയിലേക്ക് എത്തുന്നവരെ ഏത് തരത്തിലും കൈകാര്യം ചെയ്യുമെന്നതിന്റെ സൂചനയായും ഇതിനെ വിലയിരുത്താം. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണ് മാങ്ങട്ടു കവലയില്‍ നടന്നതെന്ന് വ്യക്തം.