ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച ശേഷം പ്രേമരാജന്‍ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി; കണ്ണൂരില്‍ മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരി പുത്രി ശ്രീലേഖയുടേത് കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഭര്‍ത്താവ് കടുംകൈ കാട്ടിയത് ഇളയ മകന്‍ വിദേശത്ത് നിന്ന് വരുന്ന ദിവസം; പ്രേമരാജന് പ്രകോപനമായത് എന്ത്? ദുരൂഹത തുടരുന്നു

വയോധിക ദമ്പതികളുടെ മരണത്തില്‍ ദുരൂഹത തുടരുന്നു

Update: 2025-08-29 15:43 GMT

കണ്ണൂര്‍ : അലവിലെ ദമ്പതികളുടെ മരണത്തില്‍ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. എ. കെ. ശ്രീലേഖയുടേത് കൊലപാതകമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളത്. മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരി പുത്രി അലവില്‍ അനന്തന്‍ റോഡിലെ കല്ലാളത്തില്‍ എ കെ ശ്രീലേഖ (68) ഭര്‍ത്താവ് പ്രേമരാജന്‍( 75) എന്നിവരെയാണ് ഇന്നലെ വൈകിട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തലയ്ക്കേറ്റ അടിയും പൊള്ളലേറ്റതും ശ്രീലേഖയുടെ മരണത്തിന് കാരണമായി. പ്രേമരാജന്‍ മരിച്ചത് തീപൊള്ളലേറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ല. കൊലപാതകത്തിന് പിന്നിലെ കാര്യങ്ങള്‍ എന്താണെന്ന് വ്യക്തമായിട്ടില്ല.

വയോധിക ദമ്പതികളുടെ ഇരട്ട മരണത്തിലെ ദുരൂഹത നീക്കാന്‍ വളപട്ടണം പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ദമ്പതികളുടെ മരണകാരണമെന്തെന്ന് കണ്ടെത്താനുള്ള അന്വേഷണമാണ് പൊലിസ് നടത്തുന്നത്. ദമ്പതികളുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച്ച സംസ്‌കരിക്കും. വെള്ളിയാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹങ്ങള്‍ കണ്ണൂര്‍ എ കെ.ജി സ്മാരക സഹകരണ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച ശേഷം പ്രേമരാജന്‍ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ശ്രീലേഖയ്ക്ക് ചുറ്റിക കൊണ്ടുള്ള അടിയേറ്റുവെങ്കിലും മരണം സംഭവിക്കാത്തതിനെ തുടര്‍ന്ന് ഇരുവരുടെയും ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയതായാണ് റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ കണ്ടെത്തിയ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ നിന്നും ചുറ്റികയും ബാക്കിയായ മണ്ണെണ്ണയുള്ള കന്നാസും പൊലിസ് കണ്ടെടുത്തിട്ടുണ്ട്.

നേരത്തെ ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രേമരാജന്‍ കഴിഞ്ഞ കുറെക്കാലം കണ്ണൂരിലെ ഒരു ഹോട്ടലില്‍ മാനേജരായിരുന്നു. ഇവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. ദമ്പതികള്‍ തമ്മില്‍ കുടുംബ പ്രശ്‌നമൊന്നുമില്ലെന്നാണ് അയല്‍ക്കാരുടെ മൊഴി. മക്കള്‍ രണ്ടു പേരും വിദേശത്തായതിനാല്‍ ഇവര്‍ ശാന്തമായ കുടുംബ ജീവിതമാണ് നയിച്ചിരുന്നത്.




ഇളയ മകന്‍ ഷിബിന്‍ കുടുംബ സമേതം നാട്ടിലെത്തുന്ന ദിവസമാണ് ഇരുവരും ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഇന്നലെ വൈകിട്ടാണ് ഷിബിന്‍ ബഹ്‌റിനില്‍ നിന്നും നാട്ടിലെത്തിയത്. ഷിബിനെ കൂട്ടിക്കൊണ്ടുവരാനായി വര്‍ഷങ്ങളായി പ്രേമരാജന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന അയല്‍വാസി സരോഷിനെ നേരത്തെ പ്രേമരാജന്‍ ഏര്‍പ്പാട് ചെയ്തിരുന്നു.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന തുറന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വളപട്ടണം എസ്.എച്ച്.ഒ പി.വിജേഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറിയിരുന്ന ദമ്പതികളായിരുന്നു ഇരുവരും. എപ്പോഴും സൗമ്യമായി പെരുമാറിയിരുന്ന പ്രേമരാജന്റെയും ഭാര്യ ശ്രീലേഖയുടെയും മരണം വിശ്വസിക്കാനാവാതെ നില്‍ക്കുകയാണ് പ്രദേശവാസികള്‍.

പെട്ടെന്നുള്ള പ്രകോപനമാണ് പ്രേമരാജന്‍ ഭാര്യയെ കൊന്ന് ജീവനൊടുക്കാന്‍ കാരണമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പ്രകാരം ദമ്പതികളുടെ വിരലടയാളം മാത്രമേ വീട്ടില്‍ നിന്നും ലഭിച്ചിട്ടുള്ളു. അതുകൊണ്ടുതന്നെ അസ്വാഭാവിക സാഹചര്യമൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്.

Tags:    

Similar News