ഗസ്സ നഗരം സമ്പൂര്‍ണമായി കീഴടക്കാന്‍ കോപ്പുകൂട്ടി ഇസ്രയേല്‍; അതിശക്തമായ ആക്രമണം അഴിച്ചുവിട്ട് ഐഡിഎഫ്; നഗരത്തെ അപകടകരമായ യുദ്ധ മേഖലയായി പ്രഖ്യാപിച്ചതോടെ തെക്കന്‍ മേഖലയിലേക്ക് പലായനം ചെയ്ത് ഫലസ്തീനികള്‍; ബന്ദികളെ വീണ്ടെടുക്കുകയും ഹമാസിനെ നാമാവശേഷമാക്കുകയും ചെയ്യുന്നത് വരെ അതിതീവ്ര ആക്രമണമെന്ന് ഇസ്രയേല്‍

ഗസ്സ നഗരം സമ്പൂര്‍ണമായി കീഴടക്കാന്‍ കോപ്പുകൂട്ടി ഇസ്രയേല്‍

Update: 2025-08-29 17:27 GMT

ഗസ്സ: രണ്ടുവര്‍ഷത്തെ യുദ്ധത്തിന് ശേഷം ഫലസ്തീനിലെ ഏറ്റവും വലിയ നഗരമായ ഗസ്സ സമ്പൂര്‍ണമായി കീഴടക്കാന്‍ കോപ്പുകൂട്ടുകയാണ് ഇസ്രയേല്‍. അതിന്റെ പ്രാരംഭ ഘട്ടമെന്ന നിലയില്‍ ഇസ്രയേല്‍ പ്രതിരോധ സേന, ഗസ്സയുടെ പ്രാന്തപ്രദേശങ്ങളില്‍ അതിശക്തമായ ആക്രമണം അഴിച്ചുവിട്ടു. ആയിരക്കണക്കിന് ഫലസ്തീന്‍കാര്‍ തെക്കോട്ട് പലായനം ചെയ്തു. ഗസ്സ നഗരത്തെ 'അപകടകരമായ യുദ്ധ മേഖല' എന്ന് ഇസ്രയേല്‍ സൈന്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈനിക നീക്കം.

' ഞങ്ങള്‍ ആക്രമണങ്ങളുടെ തീവ്രത കൂട്ടുകയാണ്. ഹമാസിനെ സൈനികമായും രാഷ്ട്രീയമായും തകര്‍ക്കുന്നതുവരെയും ബന്ദികളെ മടക്കിക്കൊണ്ടുവരുന്നതുവരെയും ആക്രമണം തുടരും.'- ഐ ഡിഎഫിന്റെ വക്താവ് കേണല്‍ അവിചെയ് അേ്രദ പറഞ്ഞു.

ഗസ്സ നഗരത്തില്‍ ഭക്ഷണവും മരുന്നും അടക്കം അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനായി സമീപ ആഴ്ചകളില്‍ ഐഡിഎഫ് ആക്രമണത്തിന് ചെറിയ ഇടവേളകള്‍ നല്‍കിയിരുന്നു. ഇനി മുതല്‍ ഗസ്സ നഗരം ഒഴിച്ചുള്ളയിടങ്ങളില്‍ ചെറിയ ആക്രമണ ഇടവേളകള്‍ തുടരും. ആക്രമണ ഒഴിവില്ലാത്ത നഗരമാകട്ടെ ഗസ്സയിലെ 21 ലക്ഷത്തോളം ഫലസ്തീന്‍കാര്‍ അഭയം തേടിയിരിക്കുന്ന ഇടവുമാണ്. എന്നാല്‍, വെള്ളിയാഴ്ച മുതല്‍, ഗസ്സ നഗരം അപകടകരമായ യുദ്ധ മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ, പരിഭ്രാന്തരായ ഫലസ്തീനികള്‍ പലായനം തുടങ്ങി.

ഗസ്സ നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുന്നോടിയായി നഗരവാസികള്‍ ഒഴിഞ്ഞുപോകണമെന്ന് ഐഡിഎഫ് മുന്നറിയിപ്പ് സന്ദേശം നല്‍കിയിരുന്നു.

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുടെ അടിയന്തര വെടിനിര്‍ത്തല്‍ അഭ്യര്‍ഥന തള്ളിക്കൊണ്ടാണ് ഇസ്രായേല്‍ ഗസ്സ നഗരത്തിലെ ആക്രമണം കൂടുതല്‍ ശക്തമാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 19 പേര്‍ സഹായം തേടിയെത്തിയവരാണ്. ഇസ്രായേലിലെ തീവ്ര വലതുപക്ഷ മന്ത്രി സ്‌മോട്രിക്, ഗസ്സയിലേക്കുള്ള വെള്ളവും വൈദ്യുതിയും പൂര്‍ണ്ണമായി വിച്ഛേദിച്ച് ഫലസ്തീനികളെ പുറന്തള്ളണമെന്ന് ആവശ്യപ്പെട്ടു.

ഗസ്സ സിറ്റി പിടിച്ചെടുക്കാനുള്ള പദ്ധതിയില്‍ നിന്ന് പിന്‍മാറണമെന്ന യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ ആഹ്വാനം ഇസ്രായേല്‍ നിരാകരിക്കുകയായിരുന്നു. വടക്കന്‍ ഗസ്സയിലെ സൈത്തൂന്‍ പ്രദേശത്ത് ഇസ്രായേല്‍ സൈന്യം ഏകദേശം 1500 വസതികള്‍ ഇടിച്ചുനിരത്തി. ആയിരക്കണക്കിന് ആളുകളെ ഇവിടെ നിന്ന് പുറന്തള്ളുകയും ചെയ്തു. സ്‌മോട്രിക് നടത്തിയ പ്രസ്താവന ഫലസ്തീന്‍ ജനതയെ ഉന്‍മൂലനം ചെയ്യാനുള്ള ഇസ്രായേലിന്റെ പദ്ധതിയുടെ ഭാഗമാണെന്ന് ഹമാസ് കുറ്റപ്പെടുത്തി.

അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുടെ സംയുക്ത പ്രസ്താവനയില്‍ നിന്ന് അമേരിക്ക വിട്ടുനിന്നു. ഇതിനിടെ, ഗസ്സയുടെ ഭാവി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വൈറ്റ് ഹൗസില്‍ ഉന്നതതല യോഗം നടന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടോണി ബ്ലെയര്‍, ജറദ് കുഷ്‌നര്‍, ഇസ്രായേല്‍ മന്ത്രി റോണ്‍ ഡര്‍മര്‍ തുടങ്ങിയവരും പങ്കെടുത്തു. യോഗത്തില്‍ ഗസ്സയില്‍ യുഎസ് മേല്‍നോട്ടത്തില്‍ ബദല്‍ സര്‍ക്കാര്‍ സംവിധാനം രൂപീകരിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

Similar News