കമ്പംമേട്ടിലെ കളിക്കമ്പക്കാര്‍ക്ക് വിലങ്ങു തടിയായി കരുണാപുരം പഞ്ചായത്ത്; കുട്ടികള്‍ കളിക്കുന്ന മൈതാനത്ത് കെട്ടിടം നിര്‍മിക്കാനൊരുങ്ങി പഞ്ചായത്ത് അധികൃതര്‍; പ്രതിഷേധവുമായി നാട്ടുകാരും യൂത്ത് കോണ്‍ഗ്രസും
കമ്പംമേട്ടിലെ കളിക്കമ്പക്കാര്‍ക്ക് വിലങ്ങു തടിയായി കരുണാപുരം പഞ്ചായത്ത്
ഇടുക്കി: വികസനത്തിന്റെ പേരില്‍ ഒരു നാടിന്റെ കായിക സ്വപ്നങ്ങള്‍ക്ക് തുരങ്കം വെക്കുന്ന ഇടുക്കി കരുണാപുരം പഞ്ചായത്ത് ഭരണസമിതിയുടെ നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു. തലമുറകളായി കായിക പ്രതിഭകളെ വാര്‍ത്തെടുത്ത കൂട്ടാറിലെ മൈതാനത്ത് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനുള്ള നീക്കമാണ് വന്‍ ജനകീയ പ്രക്ഷോഭത്തിന് വഴി തുറന്നിരിക്കുന്നത്. മൈതാനത്ത് കളിക്കാനിറങ്ങിയ കുട്ടികളെ പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഒഴിപ്പിച്ചത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
പ്രദേശത്തെ കുട്ടികളുടെയും യുവാക്കളുടെയും ഏക ആശ്രയമായ കളിസ്ഥലമാണ് അധികൃതരുടെ പിടിവാശി മൂലം ഇല്ലാതാകുന്നത്. മൈതാനത്തിന്റെ ഒരു ഭാഗത്ത് നേരത്തെ തന്നെ കെട്ടിടം നിര്‍മ്മിച്ചിരുന്നു. ബാക്കി വരുന്ന ഭാഗം പഞ്ചായത്ത് ഏറ്റെടുക്കുന്നതോടെ നാട്ടിലെ കായിക വിനോദങ്ങള്‍ പൂര്‍ണ്ണമായും നിലയ്ക്കും. കഴിഞ്ഞ ദിവസം കളിക്കാനെത്തിയ കുട്ടികളെ അധികൃതര്‍ തടഞ്ഞതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് ഏകപക്ഷീയമായ തീരുമാനമാണ് കൈക്കൊള്ളുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കളിക്കളത്തില്‍ നിന്ന് കുട്ടികളെ പൊലീസ് ഭീഷണിപ്പെടുത്തി മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പഞ്ചായത്തിനെതിരെ വലിയ രീതിയിലുള്ള സൈബര്‍ പ്രതിഷേധവും ഉയരുന്നുണ്ട്. 'ലഹരി വിരുദ്ധ കേരളം' എന്ന മുദ്രാവാക്യം സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍, കുട്ടികളെ കായിക വിനോദങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്ന് വിമര്‍ശനം ഉയരുന്നു. 'സേവ് കൂട്ടാര്‍ ഗ്രൗണ്ട്' എന്ന ഹാഷ്ടാഗോടെയുള്ള പ്രചാരണം ഇതിനകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു.യുവാക്കള്‍ക്ക് പരിശീലനത്തിന് ബദല്‍ സംവിധാനം ഒരുക്കാതെ ഗ്രൗണ്ട് അടച്ചുപൂട്ടുന്നതില്‍ വിവിധ സ്പോര്‍ട്സ് ക്ലബ്ബുകളും രംഗത്തെത്തിയിട്ടുണ്ട്.
ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യാതെയും നാട്ടുകാരുടെ അഭിപ്രായം തേടാതെയുമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. എന്നാല്‍ വിഷയത്തില്‍ കൃത്യമായ മറുപടി നല്‍കാന്‍ പഞ്ചായത്ത് അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. കളിസ്ഥലം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം. പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.
നാടിന്റെ കായിക സ്വപ്നങ്ങളെ തകര്‍ക്കുന്ന ഭരണസമിതിയുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുകയാണ്. കായിക മേഖലയില്‍ വളര്‍ന്നു വരുന്ന പ്രതിഭകള്‍ക്ക് തിരിച്ചടിയാകുന്ന വിധത്തില്‍ ഭരണസമിതി സ്വീകരിക്കുന്ന നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
ഭരണസമിതിയുടെ തന്നിഷ്ടപ്രകാരമുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് സംഘടന. നാടിന്റെ പൊതുവായ കായിക താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഭരണസമിതി പരാജയപ്പെട്ടിരിക്കുകയാണെന്നും, ജനകീയമായ ചര്‍ച്ചകള്‍ കൂടാതെയാണ് പല തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
വിഷയത്തില്‍ നിയമപരമായ പോരാട്ടം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് അസംബ്ലി വൈസ് പ്രസിഡന്റ് അഡ്വ. ബിബിന്‍ ദേവസ്യ കള്ളിക്കാട്ട് പറഞ്ഞു. കായിക മേഖലയെ നശിപ്പിക്കാനുള്ള നീക്കങ്ങളില്‍ നിന്ന് ഭരണസമിതി പിന്മാറണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികള്‍ തെരുവിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
