'ഒരു കുടുംബത്തിലെ നാല് നായന്‍മാര്‍ രാജിവച്ചാല്‍ എന്‍എസ്എസിന് ഒന്നുമില്ല; കാശ് മുടക്കിയാല്‍ ഏത് 'അലവലാതികള്‍ക്കും' ഫ്‌ലക്‌സ് അടിച്ച് അനാവശ്യം എഴുതി വെക്കാം'; സുകുമാരന്‍ നായര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് നില്‍ക്കുമെന്ന് കെബി ഗണേഷ് കുമാര്‍

സുകുമാരന്‍ നായര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് നില്‍ക്കുമെന്ന് കെബി ഗണേഷ് കുമാര്‍

Update: 2025-09-28 12:34 GMT

കൊട്ടാരക്കര: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് പിന്തുണയുമായി മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ രംഗത്ത്. ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാല്‍ എന്‍ എസ് എസിന് ഒന്നുമില്ല എന്‍ എസ് എസിനെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയില്‍ നിന്നാണ്. കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയില്‍ നിന്നാണ്. കാശ് മുടക്കിയാല്‍ ഏത് 'അലവലാതികള്‍ക്കും' ഫ്‌ലക്‌സ് അടിച്ച് അനാവശ്യം എഴുതി വെക്കാമെന്നും അദ്ദേഹം പരിഹസിച്ചു. പത്തനാപുരം എന്‍ എസ് എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റായി ഗണേശ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തിരിക്കുകയാണ്. ഇതിനിടെയാണ് സുകുമാരന്‍ നായര്‍ക്ക് പിന്തുണയറിയിച്ചിരിക്കുന്നത്.

'ഏറ്റവും കരുത്തുറ്റ നേതാവ് തന്നെയാണ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ സാര്‍. ഇപ്പോള്‍ വീണ്ടും നിങ്ങള്‍ എന്നെ യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കുമ്പോള്‍, അദ്ദേഹത്തിന്റെ പിന്നില്‍ പാറ പോലെ ഉറച്ചുനില്‍ക്കുമെന്ന് ഞാന്‍ ആദ്യം തന്നെ പ്രഖ്യാപിക്കുകയാണ്.'- ഗണേഷ് കുമാര്‍ പറഞ്ഞു.

സുകുമാരന്‍ നായരുടെ നിലപാടുകളില്‍ രാഷ്ട്രീയമില്ല സര്‍ക്കാരും എന്‍എസ്എസുമായി സംസാരിക്കുന്നതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. നേരത്തെ സുകുമാരന്‍ നായര്‍ ഈ സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്, ഇപ്പോള്‍ അഭിനന്ദിക്കുന്നു. അതില്‍ എങ്ങനെയാണ് തെറ്റ് കണ്ടെത്തുക. അദ്ദേഹത്തിന്റെ കൈകളില്‍ കറ പുരണ്ടിട്ടില്ല. അദ്ദേഹം അഴിമതിക്കാരനല്ല. മന്നത്ത് പത്മനാഭന്‍ നയിച്ച വഴിയിലൂടെ എന്‍എസ്എസിനെ കൊണ്ടുപോകുന്നയാളാണ് സുകുമാരന്‍ നായര്‍. സെക്രട്ടറിക്ക് പിന്നില്‍ പാറപോലെ ഉറച്ച് നില്‍ക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റായി കെ.ബി ഗണേഷ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു.

അതേസമയം, സുകുമാരന്‍ നായര്‍ക്കെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധ ഫ്‌ലെക്‌സുകള്‍ വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. തിരുവല്ലയ്ക്ക് സമീപം പെരിങ്ങരയിലാണ് ഇത്തവണ 'സേവ് നായര്‍ ഫോറത്തിന്റെ' പേരില്‍ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്. 'പിന്നില്‍നിന്നും കാലു വാരിയ പാരമ്പര്യം നല്ല നായര്‍ക്കില്ല', 'ശബരിമല അയ്യപ്പസ്വാമിയുടെ ആചാര സംരക്ഷണത്തിന് അണിനിരന്ന ആയിരങ്ങളെ അപമാനിച്ച സമുദായ വഞ്ചകന്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രാജിവെക്കുക' തുടങ്ങിയവയാണ് ബാനറുകളിലെ പ്രധാന മുദ്രാവാക്യങ്ങള്‍.

ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ ജി സുകുമാരന്‍ നായര്‍ നടത്തിയ സര്‍ക്കാര്‍ അനുകൂല പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു. ഈ സര്‍ക്കാരില്‍ വിശ്വാസമാണെന്ന് തുറന്നുപറഞ്ഞ് ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. അതോടൊപ്പം യു ഡി എഫിനെയും ബി ജെ പിയേയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സുകുമാരന്‍ നായര്‍ക്കെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

Tags:    

Similar News