കേരളത്തിന്റെ കുട്ടികള്‍ ഭോപ്പാലിലേക്ക് പറക്കും; ട്രെയിന്‍ റിസര്‍വേഷന്‍ കിട്ടാതെ റെയില്‍വേസ്റ്റേഷനില്‍ വിഷമിച്ചിരുന്ന ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് വിമാനയാത്രാ സൗകര്യം ഒരുക്കി വിദ്യാഭ്യാസ വകുപ്പ്
ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കേരള കായികതാരങ്ങള്‍ വിമാനത്തില്‍ പോകും
കൊച്ചി: ഭോപ്പാലില്‍ നടക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കേരള കായികതാരങ്ങള്‍ വിമാനത്തില്‍ പോകും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടാണ് ഇതിനുള്ള അവസരം ഒരുക്കിയത്. 20 കായിക താരങ്ങള്‍ക്കും ടീം മാനേജറും കോച്ചുമടക്കമുള്ള മറ്റ് മൂന്ന് പേര്‍ക്കും വിമാന ടിക്കറ്റെടുക്കാന്‍ തൊഴില്‍ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് മന്ത്രി നിര്‍ദേശം നല്‍കി.
റിസര്‍വേഷന്‍ ടിക്കറ്റ് കിട്ടാത്തതിനാല്‍ യാത്രതിരിക്കാനാകാതെ ഇവരുടെ യാത്ര അനിശ്ചിതത്വത്തിലായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ ഇവര്‍ കാത്തിരിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. ജൂനിയര്‍-സീനിയര്‍ വിഭാഗത്തിലുള്ള താരങ്ങളാണ് ട്രെയിന്‍ കിട്ടാതെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കാത്തിരുന്നത്. ടീം കോച്ച്, മാനേജര്‍ അടക്കമുള്ളവരുടെ യാത്രയാണ് ടിക്കറ്റ് കണ്‍ഫേം ആകാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായത്. ്.
പതിനേഴാം തീയതി മധ്യപ്രദേശിലെ നര്‍മദപുരത്ത് വെച്ച് നടക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാണ് ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലുള്ള കായിക താരങ്ങള്‍ യാത്ര പുറപ്പെടാനിരുന്നത്. വ്യാഴാഴ്ച ഉച്ചക്ക് 1.30-ന് എറണാകുളത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിലാണ് യാത്ര ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഒന്നരയോടെയാണ് ഇവരുടെ ടിക്കറ്റ് കണ്‍ഫേം ആയിട്ടില്ലെന്ന വിവരം അധികൃതര്‍ അറിയിക്കുന്നത്. രണ്ട് പേരുടെ ടിക്കറ്റ് മാത്രമാണ് കണ്‍ഫേം ആയത്. എന്നാല്‍ ഇക്കാര്യം അധികൃതര്‍ താരങ്ങളെയോ രക്ഷിതാക്കളെയോ നേരത്തേ അറിയിച്ചിട്ടില്ലെന്നാണ് ആക്ഷേപം
പെണ്‍കുട്ടികളും ആണ്‍കുട്ടികളും അടങ്ങുന്ന 20 പേരാണ് ദേശീയ സ്‌കൂള്‍ ബാഡ്മിന്റണ്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി പോകുന്നത്. ഈ മാസം 17ന് ഭോപ്പാലില്‍ വെച്ചാണ് ദേശീയ സ്‌കൂള്‍ ബാഡ്മിന്റണ്‍ മത്സരം. സൂചികുത്താനിടമില്ലാത്ത ജനറല്‍ കംപാര്‍ട്ട്മെന്റുകളില്‍ കുട്ടികളെ കൊണ്ടുപോകുന്നത് സുരക്ഷിതവുമല്ല.
സംസ്ഥാന സ്‌കൂള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച ഇവര്‍ക്ക് വിദ്യാഭ്യാസ വകുപ്പാണ് ടിക്കറ്റ് ഒരുക്കി നല്‍കേണ്ടിയിരുന്നത്. സംസ്ഥാന സ്‌കൂള്‍ ഗെയിംസ് കഴിഞ്ഞ് അധികം ദിവസം ആകാത്തതിനാല്‍ തന്നെ അവസാന നിമിഷം ട്രെയിന്‍ ടിക്കറ്റ് കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്നറിഞ്ഞിട്ടും പകരം സംവിധാനം ഒരുക്കിയില്ലെന്നാണ് ആരോപണം. എമര്‍ജന്‍സി ക്വാട്ട വഴി നല്‍കാനാകുന്നത് നല്‍കി എന്നാണ് റെയില്‍വേ വിശദീകരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലെ കാലതാമസമാകാം ടിക്കറ്റ് കിട്ടാതിരിക്കാന്‍ കാരണമെന്നുമാണ് റെയില്‍വെ വിശദീകരിക്കുന്നത്.