ആക്രമണ ഫുട്‌ബോൾ കളിക്കുമെന്ന് ക്യാപ്റ്റൻ, ടീം സജ്ജമെന്ന് പരിശീലകൻ; അടിമുടി മാറിയ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പിൽ ഇന്നിറങ്ങും; ഐഎസ്എല്ലിന്റെ അനിശ്ചിതത്വം തുടരവെ കൊമ്പന്മാർക്ക് നിലനിൽപ്പിന്റെ പോരാട്ടം; ഫറ്റോര്‍ഡയിൽ എതിരാളികൾ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സി
ഫറ്റോര്‍ഡ: ഐഎസ്എല്ലിന്റെ അനിശ്ചിതത്വം തുടരവെ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. സെപ്തംബറിൽ ആരംഭിക്കേണ്ട ഐഎസ്എൽ നീണ്ടുപോകുന്ന സാഹചര്യത്തിൽ സൂപ്പർ കപ്പിൽ മികച്ച പോരാട്ടം കാഴ്ചവെക്കാനാകും ടീമുകളുടെ ശ്രമം. ഐഎസ്എൽ നടക്കാതെ പോയാൽ വലിയ സാമ്പത്തിക പ്രശ്നം ടീമുകൾക്ക് നേരിടേണ്ടതായി വരും. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് വലിയ ആരാധക വൃന്ദമുള്ള കേരള ബ്ലാസ്റ്റേഴ്സിനെയാകാം. അതിനാൽ സൂപ്പർ കപ്പ് പോരാട്ടങ്ങൾ കൊമ്പന്മാർക്ക് നിർണായകമാണ്. ഐഎസ്എല്ലിന്റെ കാര്യത്തിലുണ്ടായ അനിശ്ചിതത്വം പല ടീമുകളേയും സാമ്പത്തികമായി ബാധിച്ചിരുന്നു.
ഐഎസ്എൽ ആരംഭിക്കുന്നതിനായുള്ള നിർണ്ണായക ചുവടുവെപ്പ് എഐഎഫ്എഫ് ആരംഭിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അതിനാൽ സൂപ്പർ കപ്പിന് പ്രേക്ഷകരെത്തേണ്ടത് ടീമുകളുടെയും ആവശ്യമാണ്. സൂപ്പർ കപ്പ് കേരളത്തിന്റെ കൊമ്പന്മാർക്ക് നിലനിൽപ്പിന്റെ പോരാട്ടമാണ്. ആറ് വിദേശ താരങ്ങൾ ഉൾപ്പെടുന്ന താരസമ്പന്നമായ നിരയായാണ് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിനിറങ്ങുന്നത്. സ്പാനിഷ് പരിശീലകനായ ഡേവിഡ് കറ്റാലയാണ് കേരളത്തിനായി തന്ത്രങ്ങൾ മെനയുന്നത്. കോൾഡോ ഒബിയേറ്റ, അഡ്രിയാൺ ലൂണ, നോഹ സദോയി, ജുവാൻ റോഡ്രിഗസ്, തിയാഗോ ആൽവസ്, ഡുസാൻ ലഗാത്തോർ എന്നീ വിദേശ താരങ്ങളിൽ ടീമിന് പ്രതീക്ഷകളേറെയാണ്.
ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബാംബോളിമയിലെ ജി.എം.സി അത്ലറ്റിക് സ്റ്റേഡിയത്തിൽ വൈകുന്നേരം 4:30-നാണ് മത്സരം. ടൂർണമെന്റിൽ വിജയകരമായ തുടക്കം ലക്ഷ്യമിടുന്ന ഇരു ടീമുകൾക്കും ഈ മത്സരം നിർണായകമാണ്. ഇരു ടീമുകളും ആദ്യമായാണ് നേർക്കുനേർ വരുന്നത്.
പുതിയ വിദേശ താരങ്ങളെയും ഇന്ത്യൻ യുവതാരങ്ങളെയും ഉൾപ്പെടുത്തിയ പരിഷ്‌കരിച്ച ടീമുമായാണ് ബ്ലാസ്റ്റേഴ്സ് ഗോവയിൽ എത്തിയിരിക്കുന്നത്. മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റലയുടെ നേതൃത്വത്തിൽ മൂന്ന് പോയിന്റ് നേടാനാണ് ടീം ലക്ഷ്യമിടുന്നത്. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട കാറ്റല, ടീമിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് വിശദീകരിച്ചു. 'ടീം സജ്ജമാണ്, കളിക്കാർ നന്നായി തയ്യാറെടുക്കുന്നു. ആദ്യ മത്സരങ്ങൾ എളുപ്പമാകില്ല. രാജസ്ഥാൻ യുണൈറ്റഡ് പ്രതിരോധത്തിൽ മികച്ചവരാണ്, അത് ശ്രദ്ധിക്കണം. ഞങ്ങളുടെ പ്രകടനം മികച്ചതായാൽ വിജയം നേടാനാകും,"'അദ്ദേഹം പറഞ്ഞു.
ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ വാക്കുകൾ ഇങ്ങനെ: 'ഈ ടൂർണമെന്റിൽ തുടക്കത്തിൽത്തന്നെ മൂന്ന് പോയിന്റുകൾ നേടുക എന്നതാണ് ലക്ഷ്യം. കളിക്കളത്തിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ആക്രമണ ഫുട്‌ബോൾ കളിക്കാനാണ് ശ്രമം. ടീമിലുള്ള വിശ്വാസവും വിജയിക്കാനുള്ള മനോഭാവവും പ്രധാനമാണ്.' ഗ്രൂപ്പ് ഡിയിൽ എസ്.സി. ഡൽഹി, മുംബൈ സിറ്റി എഫ്.സി എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റ് എതിരാളികൾ.
ഗ്രൂപ്പ് എ: ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, ഡെംപോ, ചെന്നൈയിൻ.
ഗ്രൂപ്പ് ബി: ഗോവ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ജാംഷഡ്പൂർ, ഇന്റർ കാശി.
ഗ്രൂപ്പ് സി: പഞ്ചാബ് എഫ്‌സി, മുഹമ്മദൻ എസ്‌സി, ബെംഗളൂരു, ഗോകുലം കേരള.
ഗ്രൂപ്പ് ഡി: എസ്.സി. ഡൽഹി, മുംബൈ സിറ്റി എഫ്.സി, കേരളം ബ്ലാസ്റ്റേഴ്‌സ്.
