പൊതുപണിമുടക്ക് ഹര്‍ത്താലായി മാറിയ കാഴ്ചയാണ് സംസ്ഥാനത്തെങ്ങും; കേരളം സ്തംഭിച്ചു; രാജ്യം പതിവുപോലെ: പ്രഖ്യാപിച്ച കെ എസ് ആര്‍ ടി സിയും ഇല്ല..... വലഞ്ഞ് യാത്രക്കാര്‍; 'ഡയസ് നോണ്‍' പ്രഖ്യാപിച്ചെങ്കിലും അതൊന്നും സമരക്കാരെ ബാധിച്ചില്ല; പൊതു പണിമുടക്ക് പൂര്‍ണ്ണം
തിരുവനന്തപുരം: രാജ്യവ്യാപക പണിമുടക്കെന്ന പ്രഖ്യാപനമുണ്ടെങ്കിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളെല്ലാം സാധാരണ നിലയില്‍ ചലിക്കുമ്പോള്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായി. പണിമുടക്ക് ഹര്‍ത്താലായി മാറിയ കാഴ്ചയാണ് സംസ്ഥാനത്തെങ്ങും. അവശ്യ സര്‍വീസുകളെ ബാധിക്കില്ലെന്ന ഉറപ്പുകള്‍ ജലരേഖയായി. നിരത്തിലിറങ്ങുമെന്ന് അധികൃതര്‍ ആണയിട്ട കെ.എസ്.ആര്‍.ടി.സി ബസുകള്‍ കട്ടപ്പുറത്തിരുന്നതോടെ പൊതുജനം പെരുവഴിയിലായി.
അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ച സമരത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചത് ദൂരദിക്കുകളില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം എത്തിയവരാണ്. സ്റ്റേഷനുകളില്‍ എത്തിയവര്‍ക്ക് വീട്ടിലെത്താന്‍ ഓട്ടോയോ ടാക്‌സിയോ ഇല്ലാത്ത അവസ്ഥയായിരുന്നു. പ്രായമായവരും കുട്ടികളുമടക്കം മണിക്കൂറുകളോളമാണ് റെയില്‍വേ സ്റ്റേഷനുകളില്‍ കുടുങ്ങിക്കിടന്നത്. സ്വകാര്യ വാഹനങ്ങളെ പോലും സമരക്കാര്‍ പലയിടത്തും തടഞ്ഞതോടെ യാത്രക്കാരുടെ ദുരിതം ഇരട്ടിയായി.
സര്‍വീസ് നടത്തുമെന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നെങ്കിലും ബഹുഭൂരിപക്ഷം ഡിപ്പോകളില്‍ നിന്നും ബസുകള്‍ പുറത്തിറങ്ങിയില്ല. ജീവനക്കാര്‍ കൂട്ടത്തോടെ വിട്ടുനിന്നതോടെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റുകള്‍ വിജനമായി. ഇതോടെ സര്‍ക്കാര്‍ ഓഫീസുകളിലേക്കും ആശുപത്രികളിലേക്കും പോകാനിറങ്ങിയവര്‍ വലഞ്ഞു. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുകയാണ്.
പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ 'ഡയസ് നോണ്‍' പ്രഖ്യാപിച്ചെങ്കിലും അതൊന്നും സമരക്കാരെ ബാധിച്ച മട്ടില്ല. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ശമ്പളം നല്‍കില്ലെന്ന ഉത്തരവ് നിലനില്‍ക്കെത്തന്നെ സെക്രട്ടേറിയറ്റിലടക്കം ഹാജര്‍ നില വളരെ കുറവാണ്. രാജ്യതലസ്ഥാനത്ത് രാജ്ഘട്ടില്‍ നിന്നും മാര്‍ച്ചും ജന്തര്‍ മന്തറില്‍ പ്രതിഷേധവും നടക്കുന്നുണ്ടെങ്കിലും കേരളത്തിലെ പോലെ ഒരു നിശ്ചലാവസ്ഥ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലില്ല.
ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, കാര്‍ഷിക ബോണസ് നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പത്തോളം തൊഴിലാളി സംഘടനകള്‍ നടത്തുന്ന പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതം പൂര്‍ണ്ണമായും ദുസ്സഹമാക്കിയിരിക്കുകയാണ്.